Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2025 23:21 IST
Share News :
വൈക്കം: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസിൽ തുടർ നടപടികൾ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി. നിവിൻ പോളി നായകനായ മഹാവീര്യർ എന്ന ചിത്രത്തിന്റെ സഹനിർമാതാവായ തലയോലപ്പറമ്പ് സ്വദേശി പി. എസ്. ഷംനാസ് നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കേസിന്റെ ആധാരം. എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ മഹാവീര്യർ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു ഷംനാസ്. വഞ്ചനയിലൂടെ തന്റെ കൈയിൽ നിന്ന് 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് ഷംനാസ് പോലീസിനെ സമീപിച്ചത്. കേസിൽ നിവിൻ പോളിയെ ഒന്നാം പ്രതിയായും, എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയുമായി ചേർത്ത് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മഹാവീര്യർ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപ തനിക്ക് ലഭിക്കാനുണ്ടെന്നും, പിന്നീട് എബ്രിഡ് ഷൈൻ–നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിൽ നിർമ്മാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വീണ്ടും 1.90 കോടി രൂപ കൈപ്പറ്റിയെന്നുമാണ് പരാതിയിൽ പറയുന്നത്. ഇതുവഴി 1.90 കോടി രൂപയുടെ സാമ്പത്തിക നഷ്ടം തനിക്ക് ഉണ്ടായതായും ഷംനാസ് ആരോപിക്കുന്നു. കരാർ തയ്യാറാക്കിയതിന് ശേഷം മൂവർക്കും ഇടയിൽ അഭിപ്രായഭിന്നത ഉണ്ടാവുകയായിരുന്നു. ഇതിന്റെ തുടർച്ചയായി, ഷംനാസിന്റെ നിർമ്മാണ കമ്പനിക്കൊപ്പം ഉണ്ടായിരുന്ന കരാർ മറച്ചുവെച്ച് ചിത്രത്തിന്റെ ഓവർസീസ് അവകാശങ്ങൾ വിറ്റതായും പരാതിയിൽ പറയുന്നു.കേസിലെ തുടർനടപടികൾ നിലവിൽ സ്റ്റേ ചെയ്ത നിലയിലാണ്. സ്റ്റേ നീട്ടിയ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കേസിലെ നിയമനടപടികൾ പിന്നീട് പരിഗണിക്കും. അതെ സമയം സിനിമാ സഹ നിര്‍മാതാവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ നിവിന്‍ പോളി ഈ മാസം ഒന്നിന് വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തി മൊഴിനല്‍കിയിരുന്നു. ആക്ഷന്‍ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന നിവിന്റെ പരാതിയില്‍ പി.എസ്. ഷംനാസിനെതിരെ നിവിന്‍ വൈക്കം കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനാണ് അന്ന് എത്തിയതെന്നാണ് വിവരം.
Follow us on :
Tags:
More in Related News
Please select your location.