Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2024 20:28 IST
Share News :
മാള: ജില്ലാ റോളർ ഹോക്കി ചാംപ്യൻഷിപ്പ് സെലക്‌ഷൻ ട്രയൽ എന്ന നിലയിൽ നാളെ (07/11/24) 4pm മുതൽ രാത്രി 8 വരെ മാള ഹോളി ഗ്രേസ് അക്കദമിയിലെ റിങ്കിൽ നടത്താൻ തൃശൂർ ഡിസ്ട്രിക്ട്‌ട് റോളർ സ്‌കേറ്റിങ് അസോസിയേഷൻ (ടിഡിആർഎസ്എ) തീരുമാനിച്ചു. നേരത്തെ ജില്ലാ ചാംപ്യൻഷിപ്പ് കൊരട്ടി പൊങ്ങത്തു മതിയായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാതെ ഓഗസ്‌റ്റ് 28നു നടത്താൻ ശ്രമിച്ചെങ്കിലും കുട്ടികൾ മത്സരത്തിൽ പങ്കെടുക്കാതെ മടങ്ങിയിരുന്നു. അസോസിയേഷൻ തീരുമാനത്തിന് എതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്‌തിരുന്നു. സംസ്‌ഥാന, ജില്ലാ സ്പോർട്സ് കൗൺസിലുകൾ മത്സരം ആവശ്യമായ സുരക്ഷാ സൗകര്യങ്ങളുള്ള റിങ്കിൽ നടത്തണമെന്നു നിർദേശിച്ചെങ്കിലും അസോസിയേഷൻ വഴങ്ങിയില്ല എന്നും പരാതിയുണ്ട്. ഇതേ തുടർന്നു മത്സരാർഥികളുടെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. മത്സരം നടത്തുന്നതു മതിയായ സുരക്ഷാ സൗകര്യങ്ങളുള്ള റിങ്കിലാകണമെന്നും ഇക്കാര്യം സ്പോർട്സ് കൗൺസിൽ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു. പൊങ്ങത്തു മത്സരത്തിന് ഒരുക്കിയ കോർട്ടിൽ സ്‌റ്റീൽ മേശകൾ കാലുകൾ മുകളിലേയ്ക്ക് ഉയർത്തി വച്ച നിലയിൽ ചരിച്ചിട്ടാണു റീബൗണ്ട് (സംരക്ഷണ ഭിത്തി) ഒരുക്കിയിരുന്നത്. ഇതു കുട്ടികൾക്കു പരുക്കേൽക്കാൻ കാരണമാകുമെന്നു ചൂണ്ടിക്കാട്ടിയാണു പ്രതിഷേധം ഉയർന്നത്. ചക്രഷൂ ഉപയോഗിച്ച് അതിവേഗം നീങ്ങുന്ന മത്സരാർഥികൾ വീണാൽ ഗുരുതര പരുക്കേൽക്കുമെന്നു രക്ഷിതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
കൊരട്ടി പൊങ്ങത്ത് നടത്തിയ മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർഥികൾക്ക് അസോസിയേഷൻ മെമ്മോ അയച്ചു. ഇതിൽ ഒരു വിഭാഗത്തെ മത്സരത്തിൽ പങ്കെടുപ്പിക്കില്ലെന്നും അസോസിയേഷൻ അറിയിച്ചുവത്രേ. കർശന നിയന്ത്രണങ്ങളാണ് ഇത്തവണ മത്സരസ്‌ഥലത്ത് അസോസിയേഷൻ ഏർപെടുത്തുന്നത്. ഒരു ടീം മാനേജർ, ഒരു പരിശീലകൻ, ഒരു വനിതാ ടീം മാനേജർ എന്നിവരെ മാത്രമേ ഒരു ക്ലബിനു കൊണ്ടു വരാനാകൂ. രക്ഷിതാക്കളടക്കം കാണികളെ മത്സര സമയത്ത് അനുവദിക്കില്ലെന്നും സർക്കുലറിൽ അസോസിയേഷൻ അറിയിച്ചു. മത്സരസ്‌ഥലത്തു വീഡിയോ, ഫോട്ടോ എന്നിവയ്ക്കു നിരോധനം ഏർപെടുത്തി. മൊബൈൽ ഫോണുകളോ ക്യാമറകളോ മറ്റു റെക്കോർഡിങ് ഉപകരണങ്ങളോ അനുവദിക്കില്ല.
സംസ്ഥാന ചാംപ്യൻഷിപ്പ് 10, 11 തീയതികളിൽ ഹോളി ഗ്രേസ് അക്കാദമി റിങ്കിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.