Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരഞ്ഞെടുപ്പ് ഫലം; വ്യാജ വാര്‍ത്തകള്‍ക്കെതിരേ കര്‍ശന നടപടി: ജില്ലാ കലക്ടര്‍

01 Jun 2024 18:28 IST

enlight media

Share News :

കോഴിക്കോട് : സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത ജില്ലയിലെ വിവിധ മാധ്യമങ്ങളുടെ ബ്യൂറോ ചീഫുമാരുടെ യോഗത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 


വാര്‍ത്തകള്‍ നല്‍കുന്നതിന് മുമ്പ് അവ ശരിയാണെന്ന് ഉറപ്പുവരുത്താന്‍ എല്ലാവരും ജാഗ്രത പാലിക്കണം. വാര്‍ത്തകളുടെ നിജസ്ഥിതി എളുപ്പത്തില്‍ സ്ഥിരീകരിക്കുന്നതിന് ജില്ലാതലത്തില്‍ സെല്ലിന് രൂപം നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടെടുപ്പ് ദിവസത്തിലെന്ന പോലെ വോട്ടെണ്ണല്‍ ദിനത്തിലും ജില്ലയില്‍ സാമാധാനപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണം. 


ചെറിയ അക്രമ സംഭവങ്ങള്‍ വലിയ സംഘര്‍ഷങ്ങളായി മാറുന്ന സ്ഥിതി പലപ്പോഴും ഉണ്ടാവാറുണ്ടെന്നും അത്തരം അനിഷ്ട സംഭവങ്ങള്‍ ജില്ലയില്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.


തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്‌സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ പരത്താനും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും ഹേതുവാകുന്നതുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. 


ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പോസ്റ്ററുകള്‍, വീഡിയോകള്‍, ടെക്‌സ്റ്റ്- ശബ്ദ സന്ദേശങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരേ നടപടി സ്വീകരിക്കും. വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ വരുന്നപക്ഷം അവയുടെ അഡ്മിന്‍മാര്‍ക്കെതിരേ നടപടി വരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 


ആഹ്ലാദ പ്രകടനങ്ങള്‍ വൈകിട്ട് 7 മണിയോടെ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായുള്ള യോഗത്തില്‍ ധാരണായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 


കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയില്‍ അതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുങ്ങിക്കഴിഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ പരിഗണിച്ച് അതിന്റെ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. രാവിലെ എട്ട് മണിയോടെ ഹോം വോട്ടുകള്‍, അവശ്യ സര്‍വീസ് വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. ഇതിനായി ഓരോ മണ്ഡലത്തിനും 30 വീതം ടേബിളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവ ഉച്ച 12 മണിയോടെ എണ്ണിത്തീരുമെന്നാണ് കരുതുന്നത്. നിയമസഭാ മണ്ഡലം തലത്തില്‍ 14 ടേബിളുകളിലായി എട്ടര മണിയോടെ എണ്ണിത്തുടങ്ങുന്ന ഇവിഎം വോട്ടെണ്ണല്‍ ഉച്ച രണ്ടുമണിയോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു. 


വോട്ടെണ്ണല്‍ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍ ലഭിക്കുന്നതിനായി മീഡിയ സെന്റര്‍ സൗകര്യം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 


കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വടകര മണ്ഡലം വരണാധികാരി കൂടിയായ എഡിഎം കെ അജീഷ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി മോഹന്‍, പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയരക്ടര്‍ കെ ടി ശേഖർ, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, വിവിധ മാധ്യമങ്ങളുടെ ബ്യൂറോ ചീഫുമാര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on :

More in Related News