Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2024 08:17 IST
Share News :
ഗാന്ധിനഗർ: ദന്തൽ കോളജിൽ ആദ്യമായി സൈഗോമാറ്റിക്, റ്റെറിഗോയിഡ് ഇംപ്ലാന്റുകൾ സ്ഥാപിക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി മേധാവി ഡോ. എസ്. മോഹൻ 31 ന് വിരമിക്കുന്നു. മേൽതാടിയെല്ലിൽ കൃത്രിമ പല്ലുകൾ വെച്ചുപിടിപ്പിക്കുന്നത് സർവസാധാരണമാണ്. എന്നാൽ എല്ലുകൾ ബലക്ഷയമുള്ളപ്പോൾ ഇതു സാധ്യമല്ല.
ഇതിനുള്ള നൂതനപ്രതിവിധിയാണ് സങ്കീർണമായ ഈ ഇംപ്ലാന്റ് ശസ്ത്രക്രിയ. മേൽതാടിയെല്ലിന് മുകളിലുള്ള കവിളെല്ല് (സൈഗോമ), പിന്നിലുള്ള റ്റെറിഗോയിഡ് എന്നീ എല്ലുകൾക്ക് ദൃഢത ലഭിക്കുമാറ് ഇവയിൽ നീളമുള്ള ഇംപ്ലാന്റുകൾ സ്ഥാപിക്കുകയും അവയെ മേൽതാടിയിൽ എത്തിക്കുകയും ചെയ്യുന്നതാണ് ഈ ശസ്ത്രക്രിയ.
സാങ്കേതിക മികവിനോടൊപ്പം സമീപമുള്ള രക്തധമനികൾക്കും നേത്ര അവയവങ്ങൾക്കും കേടുപറ്റാതെവേണം ഇവ സ്ഥാപിക്കാൻ. ഈ ശസ്ത്രക്രിയ ലോക്കൽ അനസ്തേഷ്യ വഴിയാണ് മാക്സിലോഫേഷ്യൽ വിഭാഗം നിർവഹിച്ചത്. 1996 സർവിസിൽ പ്രവേശിച്ച ഡോ. എസ്. മോഹൻ 2012 മുതൽ കോട്ടയം ദന്തൽ കോളജിൽ മാക്സിലോഫേഷ്യൽ സർജറി മേധാവിയാണ്.
സർക്കാർ മെഡിക്കൽ കോളജിൽ ചരിത്രത്തിലാദ്യമായി ടി.എം.ജെ (ജോയിന്റ്) ആർത്രോസ്കോപിക് സർജറി വിജയകരമായി പൂർത്തീകരിച്ചു. ഇന്നും ഈ ചികിത്സാരീതിയുള്ള ഏക സർക്കാർ മെഡിക്കൽ കോളജ് ആണ് കോട്ടയം. ഒരു വർഷം മുമ്പ് കോർട്ടിക്കോബേസൽ ഇംപ്ലാന്റ് ക്ലിനിക്ക് ആരംഭിക്കുകയും നൂറിലധികം ഇംപ്ലാന്റുകൾ ക്ലിനിക്കിലൂടെ നടത്തുകയും ചെയ്തു. ഈ ചരിത്ര നേട്ടങ്ങൾക്ക് പുറകിൽ തന്റെ വിഭാഗത്തിലെ എല്ലാ ഡോക്ടർമാരുടെയും കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, സർജിക്കൽ ഓങ്കോളജി, പ്ലാസ്റ്റിക് സർജറി, ന്യൂറോ സർജറി, അനസ്തേഷ്യ വിഭാഗം എന്നിവയുടെ സഹകരണമാണ് കാരണമെന്ന് ഡോ. മോഹൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.