Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്രികളും പോക്രിച്ചികളുമാകരുത്, ആയാൽ നല്ല വീക്ക് കിട്ടും; വൈലാലിൽ കുട്ടികൾക്കുള്ള ബഷീറിന്റെ കത്ത് വായിച്ച് സന്തോഷ് ജോർജ് കുളങ്ങര

05 Jul 2024 18:42 IST

Enlight Media

Share News :

വൈലാലിലെ മാങ്കോസ്റ്റിൻ മരച്ചോട്ടിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിന ബഷീറിനൊപ്പം ആഴ്ച്ചവട്ടം സ്കൂളിലെ കുട്ടികളും അധ്യാപകരും

ബേപ്പൂർ (കോഴിക്കോട്)- ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമ വാർഷികത്തിന്റെ ഭാഗമായി ബേപ്പൂരിലെ വൈലാലിൽ സംഘടിപ്പിച്ച അനുസ്മരണ ദിനത്തിൽ പങ്കാളികളായി ആഴ്ചവട്ടം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും. ബഷീറിനെ അനുസ്മരിച്ച് 1986ൽ അദ്ദേഹം കുട്ടികൾക്കെഴുതിയ കത്ത് സന്തോഷ് ജോർജ് കുളങ്ങര വായിച്ചു. പ്രിയപ്പെട്ട കുട്ടികളെ, നിങ്ങൾ പോക്രികളും പോക്രിച്ചികളുമാകരുത്. ആയാൽ നല്ല വീക്ക് കിട്ടും. അതുകൊണ്ട് മര്യാദക്കാരായി ജീവിക്കുക. ഇപ്പോൾ പഠിക്കുകയാണല്ലോ. ശരിക്ക് പഠിച്ച് പരീക്ഷകൾ പാസ്സായി ജീവിത വിജയം കൈവരിക്കാൻ ശ്രമിക്കണം. നിങ്ങളുടെയൊക്കെ പ്രായക്കാരായ ഒരുപാട് ലക്ഷം കുട്ടികൾ വിദ്യാഭ്യാസത്തിനു സൗകര്യം ലഭിക്കാതെ ജീവിക്കുന്നുണ്ട്. അതൊക്കെ എന്റെ കുഞ്ഞുങ്ങൾ ഓർക്കണം. ചീത്ത കൂട്ട് കൂടരുത്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം സൂക്ഷിക്കണം. തല ഗ്യാസു കുറ്റിയാക്കരുത്. സ്വന്തമായി ചിന്തിക്കാനും പഠിക്കാനും പറ്റണം. നിങ്ങൾക്കെല്ലാം ദീർഘായുസ്സ് നേരുന്നു. സുഖവും, വിജയവും. മംഗളം

- വൈക്കം മുഹമ്മദ് ബഷീർ




ഹർഷാരവങ്ങളോടെയാണ് മൂന്നര പതിറ്റാണ്ടുകൾക്കു ശേഷവും കത്തിനെ പരിപാടിക്കെത്തിയ കുട്ടികൾ എതിരേറ്റത്. 1986ൽ ലേബർ ഇന്ത്യയിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി അയച്ച കത്താണ് സന്തോഷ് ജോർജ് കുളങ്ങര വായിച്ചത്. ബഷീർ കഥകളിലെ ചില ഭാഗങ്ങളും അദ്ദേഹം വായിച്ചു. ബഷീറിന്റെ മക്കളായ അനീസ് ബഷീർ, ഷാഹിന ബഷീർ എന്നിവർ സന്നിഹിതരായിരുന്നു. എംപി അബ്ദുസ്സമദ് സമദാനി എംപി അനുസ്മരണ പ്രഭാഷണം നടത്തി.

ഹൈസ്കൂൾ പ്രധാനാധ്യാപകൻ ഓംകാരനാഥൻ, അധ്യാപകരായ ഹരികൃഷ്ണൻ, നിഷ ആർ, വാഹാബിയ, ശശിമംഗള, പിടിഎ പ്രതിനിധി ഷഹ്ന കെപി എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News