Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആഡംബര കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവം; ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി മൂന്ന് ലക്ഷം

28 May 2024 13:53 IST

Shafeek cn

Share News :

പൂനെ: പത്തിയേഴുകാരനോടിച്ച കാറിടിച്ച് രണ്ട് പേര് മറിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയിരുന്നതായി കണ്ടെത്തല്‍. പ്രതിക്ക് അനുകൂലമായി വ്യാജറിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍മാര്‍ക്ക് മൂന്ന് ലക്ഷം രൂപ കൈക്കൂലി ലഭിച്ചിരുന്നതായാണ് വിവരം. ആശുപത്രിയിലെ പ്യൂണായ അതുല്‍ ഖട്ട്കാംബ്ലെ ഇടനിലക്കാരനായി നിന്ന് 17 കാരന്റെ കുടുംബത്തില്‍ നിന്ന് 3 ലക്ഷം രൂപ കൈക്കൂലി വാങ്ങി.


പൂനെയിലെ സസൂണ്‍ ആശുപത്രിയിലെ ഡോ. അജയ് തവാഡെ, ഡോ. ഹരി ഹാര്‍നോര്‍ എന്നിവരെയാണ് പൂണെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ ഫൊറന്‍സിക് ലാബിന്റെ തലവനാണ് ഡോ. തവാഡെ. സംഭവദിവസം കൗമാരക്കാരന്റെ പിതാവും തവാഡെയും തമ്മില്‍ ഫോണില്‍ സംസാരിച്ചതായാണ് വിവരം. രണ്ടു ഡോക്ടര്‍മാരുടെയും ഫോണ്‍ അന്വേഷണസംഘം പിടിച്ചെടുത്തു. മദ്യപിച്ചോയെന്നറിയാനുള്ള പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നുവെന്നാണ് ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ബാറില്‍നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളില്‍ രാത്രിയില്‍ 17-കാരന്‍ മദ്യപിക്കുന്നതിന്റെ ദൃശ്യം പതിഞ്ഞിരുന്നു.

മെയ് 19 ന് രാവിലെ 11 മണിയോടെ, സസൂണ്‍ ആശുപത്രിയില്‍ വച്ച് 17 കാരന്റെ രക്ത സാമ്പിള്‍ എടുത്തു. എന്നാല്‍ ഇതിന് പകരം മറ്റൊരാളുടെ രക്ത സാമ്പിള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചത്. അന്വേഷണത്തില്‍, ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം എച്ച്ഒഡി അജയ് തവാഡെയുടെ നിര്‍ദ്ദേശപ്രകാരം ഡോ.ഹരി ഹാര്‍നോര്‍ സാമ്പിള്‍മാറ്റിയതായി വ്യക്തമായതായി പോലീസ് കമ്മീഷണര്‍ അമ്‌തേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.


മെയ് 19-ന് പുലര്‍ച്ചെയാണ് അശ്വിനി കോഷ്ത, അനീഷ് ആവാഡിയ എന്നീ യുവ എന്‍ജിനീയര്‍മാരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്. 17-കാരന്‍ 200 കിലോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എന്‍ജിനീയര്‍മാര്‍ മരിക്കുകയായിരുന്നു. കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Follow us on :

More in Related News