Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേട്ടാ തീപ്പെട്ടിയുണ്ടോ....? കഞ്ചാവ് വലിക്കാൻ കുട്ടികൾ തീ ചോദിച്ച് വന്നത് അടിമാലി എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിൽ

22 Oct 2024 21:28 IST

ജേർണലിസ്റ്റ്

Share News :


അടിമാലി: കഴിഞ്ഞ ദിവസം രസകരമായ മറ്റൊരു സംഭവം നടന്നത് അടിമാലിയിലാണ്. ഉച്ചഭക്ഷണ സമയം കഴിഞ്ഞതോടെ ഏതാനും കുട്ടികൾ ഓടിക്കയറി വന്നത് ചേട്ടാ തീപ്പെട്ടിയുണ്ടോ എന്ന ചോദ്യവുമായാണ്. കാംകോ ജംങ്ഷനിൽ ദേശീയപാതയ്ക്ക് സമാന്തരമായി പ്രവർത്തിക്കുന്ന എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിലേക്കാണ് വിനോദയാത്ര സംഘത്തിലെ വിദ്യാർത്ഥികൾ എത്തിയത്. വിനോദയാത്ര വന്ന 17 വയസുകാരായ വിദ്യാർഥികൾ ഗഞ്ചാവ് ഉപയോഗിക്കാൻ തീപ്പെട്ടി ചോദിച്ചാണ് നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിൻ്റെ അകത്ത് കയറിയത്. ഓഫീസിനകത്ത് കയറിയപ്പോഴാണ് യൂണിഫോമിലുള്ളവരെ കണ്ടത്. ഇറങ്ങി ഓടാൻ നോക്കുകയും ഓഫീസിലെ ഉദ്യോഗസ്ഥർ തടഞ്ഞ് നിർത്തുകയും ചെയ്തതോടെയാണ് തങ്ങൾ പൊല്ലാപ്പിലായ വിവരം കുട്ടികൾ തിരിച്ചറിയുന്നത്. തുടർന്ന് നാർക്കോട്ടിക് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയത്ത് നടത്തിയ പരിശോധിച്ചതിൽ, ഒരു കുട്ടിയുടെ പക്കൽ നിന്നും 5 ഗ്രാം ഗഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കൽ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. കൂടാതെ കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ഒ.സി. ബി പേപ്പർ, ബീഡി മുതലായവും കണ്ടെടുത്തു. ഇവരുടെ സംഘത്തിൽ പ്രായപൂർത്തിയാവാത്ത പത്തോളം കുട്ടികൾ ഉണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ, തൃശൂർ ജില്ലയിലെ ഒരു സ്കൂളിൽ നിന്നും മൂന്നാറിന് വിനോദയാത്രയ്ക്ക് രണ്ട് ബസുകളിൽ വന്നവരാണെന്ന് മനസിലായി. ഓഫീസിനടുത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോൾ ഇവർ കഞ്ചാവ് ഉപയോഗിക്കാൻ വന്നതാണെന്ന് പറഞ്ഞു. സ്ക്വാഡ് ഓഫീസിൻ്റെ പിൻവശത്ത് കേസിൽ പിടിച്ച വാഹനങ്ങൾ കിടന്നതിനാൽ വർക്ക്ഷോപ് ആണെന്ന് കരുതി ഓഫീസിൻ്റെ പിൻവശത്ത് കൂടി വന്നതിനാൽ ഓഫീസ് ബോർഡ് ഇവർ കണ്ടില്ല. തുടർന്ന് കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ച് വരുത്തി വിവരങ്ങൾ അറിയിച്ചു. ഈ വിദ്യാർത്ഥികൾക്ക് പ്രാഥമിക കൗൺസിലിങ്ങ് നൽകി രക്ഷകർത്താക്കളെ വിവരങ്ങൾ അറിയിച്ചു. ലഹരി കണ്ടെത്തിയ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് മാതാപിതാക്കളെ വിളിച്ച് വരുത്തി വിട്ടയച്ചു. വിനോദയാത്രാ വേളയിൽ ആദ്യമായി മയക്കുമരുന്ന് ഉപയോഗിക്കാൻ പണം ഷെയർ ഇട്ട് വാങ്ങിച്ചത് ആണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. രണ്ടു ബസുകളിലായി നൂറംഗ വിദ്യാർത്ഥി സംഘത്തോടൊപ്പം 7 അധ്യാപകരും ഉണ്ടായിരുന്നു. കേസെടുത്ത കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം മടക്കിയ ശേഷം ബാക്കിയുള്ള വിദ്യാർഥികൾ വിനോദയാത്ര തുടർന്നു. നാർക്കോട്ടിക്ക് ഓഫീസിലെ അസി. ഇൻസ്പെക്ടർ രാജേഷ് ചന്ദ്രൻ, പ്രിവൻ്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്, ധനീഷ് , മുഹമ്മദ് ഷാൻ വനിതാ ഓഫീസർ ലിയപോൾ എന്നിവർ ചേർന്ന് വിദ്യാർഥികൾക്ക് കൗൺസിലിംഗ് നൽകി.

ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും അധ്യാപകർക്കൊപ്പം രക്ഷകർത്താ സമിതിയും ജാഗ്രത പാലിക്കണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Follow us on :

More in Related News