Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2024 22:18 IST
Share News :
പേരാമ്പ്ര: കഴിഞ്ഞ 40 വർഷത്തോളമായി എടവരാട് ചേനായി അങ്ങാടിക്കടുത്ത് പ്രവർത്തിക്കുന്ന ഹെൽത്ത് സബ് സെൻ്റർ മാറ്റരുതെന്ന് ആവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി.
ജസ്റ്റീസ് ചേറ്റൂർ ശങ്കരൻ നായർ സൗജന്യമായി നൽകിയ സ്ഥലത്ത് പ്രവർത്തിച്ച് വരുന്ന ഹെൽത്ത് സബ്സെൻ്റർ എരവട്ടൂരിലേക്ക് മാറ്റാനാണ് പേരാമ്പ്ര പഞ്ചായത്ത് അധികൃതരുടെ നീക്കം.
നാലു പതിറ്റാണ്ടായി എടവരാട്, കൈപ്രം നിവാസികളായ ഗർഭിണികൾ, വയോജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ, ജീവിതശൈലീ രോഗികൾ എന്നിവരുടെ ആശ്രയ കേന്ദ്രമാണ് എടവരാട് സബ് സെൻ്റർ. ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള കുത്തിവെപ്പുകൾ, വാക്സിനുകൾ നൽകി വരുന്നതും പ്രമേഹം, പ്രഷർ തുടങ്ങിയവയുടെ ടെസ്റ്റുകളും നടക്കുന്നതോടൊപ്പം എല്ലാ വെള്ളിയാഴ്ചയും ഡോക്ടറുടെ പരിശോധനയും സൗജന്യ മരുന്നുകളും ലഭിക്കുന്നു, നൂറിലധികം രോഗികൾ ഡോക്ടറുള്ള ഓരോ ദിവസവും ചികിത്സക്കെത്തുന്നുവെന്ന് നാട്ടുകാർ പറയുന്നു.
കാലപ്പഴക്കത്താൽ കെട്ടിടം ജീർണ്ണിച്ചതിനാൽ ഇപ്പോൾ സെൻ്റർ പ്രവർത്തിക്കുന്നത് ചേനായിലെ അൻസാറുൽ ഇസ്ലാം മദ്രസ്സ വാടക മുറിയിലാണ്.
പഴക്കം ചെന്ന സബ് സെൻ്റർ പൊളിച്ചുമാറ്റി പുതിയതു നിർമ്മിക്കാൻ പേരാമ്പ്ര പഞ്ചായത്ത് 18 ലക്ഷം രൂപ വകയിരുത്തിയപ്പോഴാണ് എൻ.എച്ച്.എം (നാഷണൽ ഹെൽത്ത് മിഷൻ) 55 ലക്ഷം രൂപ അനുവദിച്ചത്.
റോഡ് ലവലിൽ മണ്ണെടുത്ത് സ്ഥലം റെഡിയാക്കി ഏൽപ്പിച്ച് കൊടുക്കണമെന്ന എൻ.എച്ച്.എം. ൻ്റെ നിർദ്ദേശത്തെ തുടർന്ന് പഞ്ചായത്ത് ബിൽഡിംഗ് പൊളിച്ചുമാറ്റി മണ്ണെടുത്തപ്പോൾ പാറയായതിനാൽ റോഡ് ലവലിൽ താഴ്ത്താൻ കഴിയാത്തത് കാരണം എരവട്ടൂർ പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലം സൗജന്യമായി വാങ്ങി അവിടേക്ക് സെൻ്റർ മാറ്റാൻ നീക്കം നടത്തുകയാണുണ്ടായത്. എടവരാട് ഒന്നും രണ്ടും വാർഡ് ഗ്രാമസഭകളിലൂടെയോ പ്രദേശവാസികളുടെ യോഗം വിളിച്ചോ സെൻ്റെർ മാറ്റുന്ന വിവരം ജനങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നത്.
ജനങ്ങളുടെ പരാതിയെ തുടർന്ന് രണ്ടാം വാർഡ് മെമ്പർ റസ്മിന തങ്കേക്കണ്ടി വിളിച്ചു ചേർത്ത എടവരാട് നിവാസികളുടെ യോഗത്തിൽ ഉദാരമതിയായൊരു വ്യക്തി ചേനായിൽ പൊന്നും വിലയുള്ള സ്ഥലം സബ്സെൻ്ററിനായി നൽകാൻ തയ്യാറായി. തുടർപ്രവർത്തനങ്ങൾക്ക് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിനെ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും
അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ ചേനായിൽ പ്രതിഷേധ പ്രകടനവും ബഹുജന കൺവെൻഷനും നടന്നതിൻ്റെ തുടച്ചയായാണ് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തിയത്.
ആക്ഷൻ കമ്മിറ്റി കൺവീനർ ടി.കെ. കുഞ്ഞമ്മത് ഫൈസി സ്വാഗതം പറഞ്ഞു. വൈ. ചെയർമാൻ സി.രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.സി. ജയകൃഷ്ണൻ, കെ. ജലീൽ സഖാഫി, ഇ. പി. സുരേഷ്, പി. സൂപ്പി മൗലവി, കെ.വി. കുഞ്ഞബ്ദുല്ല ഹാജി, ചാലക്കോത്ത് ഉഷ, കെ.പി. ജമീല, ടി.കെ. ബാലക്കുറുപ്പ് . പി.പി.അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു..
Follow us on :
Tags:
More in Related News
Please select your location.