Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 22:14 IST
Share News :
കൊണ്ടോട്ടി : മലപ്പുറം ജില്ലയിലെ പ്രവേശനോത്സവം മുതുവല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി. റഫീഖ് ഉദ്ഘാടനം ചെയ്തു. ഓരോ വിദ്യാര്‍ത്ഥിയുടെയും വ്യത്യസ്ത കഴിവുകള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ നൈപുണ്യ വികാസത്തോടു കൂടിയുള്ള സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിക്കാണ് ഇത്തവണ സ്‌കൂളുകളില്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നടന്നുവരുന്നത്. രക്ഷിതാക്കളും അധ്യാപകരും ഒരു പോലെ വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് പരിശ്രമിക്കുന്നുണ്ട്. പ്രവൃത്തി പരിചയം കലാ, കായികം, നൈപുണ്യ വികസനം എന്നിവ അക്കാദമിക് പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ചായിരിക്കും സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ കുട്ടികളില്‍ എത്തിക്കുക. ഇതിനുള്ള പരിശീലനങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കായി പ്രത്യേകം വര്‍ക്ക് ബുക്കുകള്‍ തയ്യാറാക്കി. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം ഉയര്‍ത്തുന്നതില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും മികച്ച പിന്തുണ നല്‍കുന്നുണ്ട്.
ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ ഇത്തവണ പുതിയ പാഠ്യപദ്ധതി അനുസരിച്ചുള്ള പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. 10 വരെ വിദ്യാര്‍ഥികളെ എല്ലാ ക്ലാസുകളിലും ജയിപ്പിച്ചു വിടുന്ന ഓള്‍ പാസ് സമ്പ്രദായം നിര്‍ത്തലാക്കി. എട്ടാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും 30 ശതമാനം മാര്‍ക്ക് ലഭിച്ചവരെ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് വിജയിപ്പിക്കുകയുള്ളൂ. സബ്ജക്ട് മിനിമം പദ്ധതി അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ നടപ്പിലാക്കും. പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ചത്തെ ബ്രിഡ്ജ് കോഴ്സുകള്‍ നല്‍കും. ഇത്തവണ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനസമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട് 9.45 മുതല്‍ 4.15 വരെയായി പഠനസമയം ഉയര്‍ത്തി. യുപി ക്ലാസുകളില്‍ രണ്ട് ശനിയാഴ്ചയും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ 6 ശനിയാഴ്ചയും അധിക ക്ലാസുകള്‍ എടുക്കും. ഇതോടൊപ്പം ഓണ പരീക്ഷ ഒഴിവാക്കി പകരം രണ്ട് ടേമുകളിലായി പരീക്ഷകള്‍ നടത്തും. എല്ലാ മാസവും കൃത്യമായി ടെസ്റ്റ് പേപ്പറുകള്‍ നടത്തി വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുകയും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പ്രത്യേക ക്ലാസുകള്‍ നല്‍കുകയും ചെയ്യും.
സ്‌കൂള്‍ തുറന്നു ഒരു ആഴ്ച കാലയളവില്‍ വിവിധ സമയങ്ങളിലായി ലഹരി ഉപയോഗം, ട്രാഫിക് നിയമങ്ങള്‍,വ്യക്തി ശുചിത്വം, നല്ല ഭക്ഷണം, പെരുമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ സന്മാര്‍ഗ പഠനം എന്ന പേരില്‍ ക്ലാസുകള്‍ നല്‍കും. ജില്ലയില്‍ ഇത്തവണ 61758 ഓളം പുതിയ വിദ്യാര്‍ത്ഥികള്‍ വിവിധ വിദ്യാലയങ്ങളിലായി പ്രവേശനം നേടിയിട്ടുണ്ട്. 7.46 ലക്ഷം വിദ്യാര്‍ത്ഥികള്‍ ജില്ലയില്‍ പഠനം നടത്തുന്നുണ്ട്.
മുതുവല്ലൂര്‍ ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവത്തില്‍ എസ്എസ്‌കെ മലപ്പുറം ഡിപിസി ടി .അബ്ദുല്‍സലീം അധ്യക്ഷനായി. സ്‌കൂളില്‍ ഇത്തവണ പ്രീ പ്രൈമറിയില്‍ 21 വിദ്യാര്‍ത്ഥികളും ഒന്നാം ക്ലാസില്‍ 43 വിദ്യാര്‍ത്ഥികളും പ്രവേശനം നേടിയിട്ടുണ്ട്. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരായി സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌കൂളിലെ എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ ആദരിച്ചു.
ജില്ലയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തില്ല. മലപ്പുറം ഡി ഇ ഒ ജോസ്മി ജോസഫ് സ്വാഗതം പറഞ്ഞു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ:ബാബു വര്‍ഗീസ് കെ, ജില്ലാ കോഡിനേറ്റര്‍ കെ മുഹമ്മദ് ഷെരീഫ്, അരീക്കോട് ബിപിസി കെ രഞ്ജിത്ത്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം അബൂബക്കര്‍,പിടിഎ പ്രസിഡണ്ട് കെ രാമകൃഷ്ണന്‍, എസ് എം സി ചെയര്‍മാന്‍ റഹ്‌മത്തുള്ള, പ്രിന്‍സിപ്പാള്‍ വി അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.