Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2024 18:16 IST
Share News :
പീരുമേട്: തോട്ടംതൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി തോട്ടം മേഖലയില്‍ ഊർജ്ജിത പരിശോധനക്കൊരുങ്ങി തൊഴില്‍ വകുപ്പ്.ഇതിനായി വകുപ്പ് പ്രത്യേക മാർഗ നിർദ്ദേശങ്ങള്‍ പുറത്തിറക്കി. ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങള്‍, അംഗൻവാടികള്‍, കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റർ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് ഇത് സംബന്ധിച്ച പുറത്തിറക്കിയ സർക്കുലറില്‍ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ വ്യക്തമാക്കി.
തോട്ടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്നും കൂടുതല്‍ തൊഴിലാളികളെ നേരില്‍ കണ്ട് മിനിമം വേതനം, ലയങ്ങള്‍, അർഹമായ അവധികള്‍ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി നിയമപരമായ എല്ലാ തൊഴില്‍ അവകാശങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ ഉറപ്പുവരുത്തണമെന്നും സർക്കുലർ വ്യക്തമാക്കുന്നു. തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന പക്ഷം വിശദാംശങ്ങള്‍ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് അടിയന്തര പ്രശ്ന പരിഹാരം ഉറപ്പാക്കേണ്ടതും വീഴ്ച ഉണ്ടായാല്‍ കർശന നിയമ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ഇത് സംബന്ധിച്ച പ്രതിമാസ റിപ്പോർട്ട് അഞ്ചാം തീയതിക്കകം ക്രോഡീകരിച്ച് പ്ലാന്റേഷൻ ചീഫ് ഇൻസ്പെക്ടർ ലേബർ കമ്മിഷണർക്ക് നല്‍കണം. പരിശോധന പൂർത്തിയായി 72 മണിക്കൂറിനുള്ളില്‍ ലേബർ കമ്മിഷണറേറ്റ് ഓട്ടോമേഷൻ സിസ്റ്റത്തില്‍ പരിശോധനാ റിപ്പോർട്ട് അപ് ലോഡ് ചെയ്യണം. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ലയങ്ങള്‍ നേരിട്ട് പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ മാനേജ്മെന്റ് മുഖേന നടപടി സ്വീകരിക്കണം. ശുചീകരണ സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം. പരിശോധനയില്‍ കണ്ടെത്തുന്ന തൊഴില്‍ നിയമലംഘനങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമയപരിധി, സ്വീകരിക്കേണ്ട നടപടികള്‍, തുടർ നോട്ടീസുകളുണ്ടാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത, രേഖകള്‍ ഹാജരാക്കുന്നതിനുള്ള തീയതി തുടങ്ങിയ എല്ലാ കാര്യങ്ങളും മാനേജ്മെന്റ് പ്രതിനിധികളെ വ്യക്തമായി ധരിപ്പിക്കണം. തീയതി മുൻകൂട്ടി അറിയിച്ച് ഹിയറിംഗ് നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണം. അടിസ്ഥാന വികസനപ്രവർത്തനങ്ങള്‍ നടപ്പാക്കിയിട്ടില്ലെങ്കില് മാനേജ്മെന്റ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നടത്തിപ്പിന് നിരാക്ഷേപ പത്രം നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. എസ്റ്റേറ്റ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാവണം പരിശോധന. നിയമപ്രകാരമുള്ള ഉദ്യോഗസ്ഥർ മാത്രമാണ് പരിശോധന നടത്തുന്നതെന്ന് പ്ലാന്റേഷൻ ചീഫ് ഇൻസ്പെക്ടർ ഉറപ്പാക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.
പീരുമേട് താലൂക്കില്‍ പൂട്ടിയ തോട്ടങ്ങള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായി അൻപത്തിമൂന്നോളം തോട്ടങ്ങളാണുള്ളത്. പതിന്നാലായിരത്തിലധികം തോട്ടം തൊഴിലാളികളാണ് ഇവിടെ തിങ്ങി പാർക്കുന്നത്. പകുതിയിലധികം ഇതര സംസ്ഥാന തൊഴിലാളികളുമാണ്.
Follow us on :
Tags:
More in Related News
Please select your location.