Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2024 14:57 IST
Share News :
കൊടകര: മറ്റത്തൂരിലെ ചെട്ടിച്ചാലില്‍ നിര്‍മിച്ച ഔഷധസസ്യ അര്‍ദ്ധസംസ്‌കരണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നു. മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘത്തിന്റെ ഈ സംരംഭം സഹകരണ മേഖലയില്‍ സ്ഥാപിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ ഔഷധസസ്യ സംസ്‌കരണ കേന്ദ്രമാണ്. മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം നടപ്പാക്കി വരുന്ന ഔഷധവനം പദ്ധതിയുടെ ഭാഗമായി ഔഷധ സസ്യ സംസ്‌കരണ കേന്ദ്രം തുടങ്ങാന്‍ 2019 ലാണ് ശ്രമം തുടങ്ങിയത്. 2020 ല്‍ പദ്ധതിക്ക് അംഗീകാരം ലഭ്യമായി. സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ,കെ.എഫ്.ആര്‍.ഐ ,ഔഷധി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത് . മറ്റത്തൂരില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഔഷധ സംസ്‌കരണ കേന്ദ്രത്തില്‍ നിന്ന് ഇനി കുറുന്തോട്ടി ഉള്‍പ്പെടെയുള്ള പച്ചമരുന്നുകള്‍ ഔഷധ നിര്‍മ്മാതാക്കള്‍ക്ക് നേരിട്ട് ലഭ്യമാകും. സംസ്‌കരിച്ച പച്ചമരുന്നുകള്‍ കേക്ക് രൂപത്തില്‍ സൊസൈറ്റിയില്‍ നിന്നും ലഭിക്കും . ഔഷധശാലകളില്‍ വന്‍ ഗോഡൗണുകള്‍ നിര്‍മിച്ച് പച്ചമരുന്നുകള്‍ ശേഖരിച്ചുവെക്കുന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും. സംസ്ഥാന സഹകരണ വകുപ്പില്‍ നിന്ന് രണ്ട് കോടിയും സംഘം ഫണ്ട് ഒരു കോടിയും ഉപയോഗിച്ച് മൂന്നു കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 250 പേര്‍ക്ക് നേരിട്ടു തൊഴില്‍ നല്‍കാന്‍ ഇതിലൂടെ കഴിയും. ഔഷധ സസ്യ കൃഷി പ്രോല്‍സാഹിപ്പിക്കുക വഴി 1500 കര്‍ഷകര്‍ക്ക് തൊഴില്‍ നല്‍കാനും കഴിയും. ഔഷധ സസ്യങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന ആയിരത്തോളം ഗ്രാമീണര്‍ക്കും 500 ലധികം ആദിവാസികള്‍ക്കും പദ്ധതിയിലൂടെ തൊഴിലവസരങ്ങള്‍ ഒരുക്കും .പ്രതി വര്‍ഷം 1000 ടണ്‍ ഔഷധ സസ്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ശേഷിയാണ് മറ്റത്തൂരിലെ ഈ കേന്ദ്രത്തിനുള്ളത്. ഔഷധിക്കു പുറമെ സ്വകാര്യ ആയുര്‍വേദ മരുന്നുല്‍്പാദകരുമായും ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വിപണനം ഉറപ്പു വരുത്തിയാണ് പദ്ധതി ആരംഭിക്കുന്നത്. സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ,കൃഷി വകുപ്പ് , തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഏകോപനത്തിലൂടെ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ആയിരം ഏക്കര്‍ സ്ഥലത്ത് ഔഷധ സസ്യ കൃഷി വ്യാപിപ്പിക്കുമെന്ന് മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം സെക്രട്ടറി കെ.പി.പ്രശാന്ത് പരഞ്ഞു. നിലവില്‍ തൃശൂരിന് പുറമെ കണ്ണൂര്‍ ,ആലപ്പുഴ ,പാലക്കാട് ജില്ലകളില്‍ സംഘം ഔഷധ സസ്യ കൃഷി ചെയ്തു പോരുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ ഇടുക്കി ,വയനാട് ,മലപ്പുറം ,എറണാകുളം ജില്ലയിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഇതിനായി ഔഷധ സസ്യ കൃഷിക്കായി ഓരോ ജില്ലയിലും സംഘത്തിന്റെ നേതൃത്വത്തില്‍ ക്ലസ്റ്ററുകള്‍ രൂപവല്‍ക്കരിച്ചുവരികയാണ്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കുറുന്തോട്ടി മുതലായ ഔഷധസസ്യങ്ങള്‍ ഈ ക്ലസ്റ്ററുകള്‍ വഴി സംഭരിക്കുകയും സംസ്‌കരണ കേന്ദ്രത്തിലെത്തിച്ച് കഴുകി ഉണക്കി പൊടിച്ച് കംപ്രസ്സ് ചെയ്ത് ബ്രിക്കറ്റ് രൂപത്തിലാക്കിയാണ് വിപണനം നടത്തുന്നത്. ആദ്യഘട്ടത്തില്‍ മുന്‍ ധാരണയിലുള്ള ഔഷധ നിര്‍മാതാക്കള്‍ക്കും രണ്ടാം ഘട്ടം മുതല്‍ ചെറുകിട ആയുര്‍വേദ മരുന്നു നിര്‍മാണ ശാലകള്‍ക്കും ഇത് ലഭ്യമാക്കും. മൂന്നാം ഘട്ടം മുതല്‍ ആയുര്‍വേദ മരുന്ന് വിപണന ഷോപ്പുകളിലേക്കും ഉത്പന്നങ്ങള്‍ എത്തിക്കും. ഇതോടൊപ്പം പാവക്ക ,നെല്ലിക്ക, കറ്റാര്‍വാഴ പോലെയുള്ളവ ജ്യൂസാക്കി വിപണനം നടത്തുന്നതിനും ധാരണയായിട്ടുണ്ട് . ഔഷധകൂട്ടുകള്‍ വാക്ക്വം പാക്ക് ചെയ്ത് ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഓണ്‍ലൈന്‍ പ്ലാറ്റഫോം പദ്ധതിയും നാലാം ഘട്ടത്തില്‍ വിഭാവനം ചെയ്യുന്നു. അഞ്ചാം ഘട്ടത്തില്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി കയറ്റുമതി നടത്താനും പദ്ധതിയുണ്ട്. ഭാവിയില്‍ ഔഷധസസ്യപഠനം, കൃഷി,ഗവേഷണം , ഔഷധ സസ്യങ്ങളെ അവലംബിച്ചുള്ള ഫാം ടൂറിസം എന്നിവ നടപ്പിലാക്കുന്നതിനായി സംസ്ഥാന ഔഷധ സസ്യബോര്‍ഡിന്റെ സഹകരണത്തോടെയുള്ള ആയുര്‍വേദ ഹബ്ബായി മറ്റത്തൂരിനെ മാറ്റാനാണ് പദ്ധതിയിലൂടെ സംഘം ലക്ഷ്യമിടുന്നതെന്നും സെക്രട്ടറി കെ.പി.പ്രശാന്ത് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.