Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറവൂരിൽ കോളേജിൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കണം - മുസ് ലിം ലീഗ്

01 Jul 2024 08:08 IST

Anvar Kaitharam

Share News :

പറവൂരിൽ കോളേജിൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കണം - മുസ് ലിം ലീഗ്


പറവൂർ: അഞ്ച് വർഷം മുൻപ് മുഖ്യമന്ത്രി പ്രഖ്യാപിച്ച പറവൂരിലെ ഗവ. കോളേജിൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് മുസ് ലിം ലീഗ് ആവശ്യപ്പെട്ടു.

ദീർഘനാളായി പറവൂരിൽ പ്രവർത്തിച്ചു വന്ന കേസരി മെമ്മോറിയൽ കോളേജിന്റെ രണ്ടേക്കറോളം സ്ഥലവും കെട്ടിടങ്ങളും ഫർണിച്ചറുകളുമെല്ലാം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ശ്രമഫലമായി ട്രസ്റ്റ് സർക്കാരിന് വിട്ടു കൊടുക്കുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. 2023 ൽ കോളേജ് ആരംഭിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾക്ക് സർക്കാർ ഉറപ്പു നൽകിയെങ്കിലും സാമ്പത്തിക പ്രയാസം പറഞ്ഞ് ആദ്യം മൂന്ന് മാസത്തേക്ക് നീട്ടി വെക്കുകയും പിന്നീട് മൂന്ന് മാസം കൂടി നീട്ടുകയും തുടർന്ന് ആറ് മാസം കൂടി നീട്ടി ഒരധ്യയന വർഷം നഷ്ടപ്പെടുത്തുകയായിരുന്നു.

നിലവിൽ കോളേജിനാവശ്യമായ രണ്ടേക്കറോളം സ്ഥലവും ആവശ്യമായ കെട്ടിടങ്ങളും ഓഫീസ്, ലാബ്, ലൈബ്രറി, ഫർണിച്ചർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. മൂന്ന് കോഴ്സുകൾ അംഗീകരിച്ച് കോളേജ് അനുവദിച്ചതായി സർക്കാർ ഉത്തരവ് പറപ്പെടുവിച്ചാൽ ഒരു മാസത്തിനകം കോളേജിന്റെ പ്രവർത്തനം തുടങ്ങാനാകും. ആറ് താൽക്കാലിക അദ്ധ്യാപകരെ മാത്രം നിയമിച്ചാൽ മതിയാകും. അദ്ധ്യാപകേതര ജീവനക്കാരെ മറ്റിടങ്ങളിൽ നിന്ന് ഇവിടേക്ക് സ്ഥലം മാറ്റിയാൽ മതി. മഹാരാജാസ് കോളേജിലെ അദ്ധ്യാപകനാണ് സ്പെഷ്യൽ ഓഫീസർ. അദ്ദേഹമായിരിക്കും പ്രിൻസിപ്പാൾ. ഇതൊന്നും അധികച്ചിലവുണ്ടാക്കുന്ന കാര്യമല്ല. എന്നിട്ടും പറവൂരിൽ ഗവ.കോളേജ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നില്ല. പറവൂരിലെ വിദ്യാർത്ഥികൾക്ക് മാല്യങ്കര എസ്.എൻ.എം. കോളേജ് കഴിഞ്ഞാൽ ഉന്നത വിദ്യാഭ്യാസത്തിന് ആലുവയിലും എറണാകുളത്തും ഉള്ള കോളേജുകളെ ആശ്രയിക്കണം.

സർക്കാരിന് ഒരു രൂപ പോലും മുടക്കില്ലാതെ എല്ലാ സൗകര്യവും ഒരുക്കിയിട്ടും കോളേജിന് ഔദ്യോഗിക അനുമതി നൽകാത്തത് പറവൂരിനോടുള്ള സർക്കാരിന്റെ അവഗണനയാണ് വ്യക്തമാക്കുന്നതെന്ന് മുസ്‌ലിം ലീഗ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. ആറ് താൽക്കാലിക അദ്ധ്യാപകർക്കുള്ള ഒരു വർഷത്തെ വേതനം മാത്രമാണ് പുതുതായി അനുവദിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലെ ചാണകക്കുഴിക്ക് ചിലവഴിച്ചതിലും കുറഞ്ഞ തുകയേ ഇതിനാവശ്യമുള്ളൂ എന്നും കോളേജ് ഈ അധ്യയനവർഷം തന്നെ ആരംഭിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കും വിദ്യഭ്യാസ മന്ത്രിക്കും അയച്ച നിവേദനത്തിൽ മുസ് ലിം ലീഗ് പറവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.അബ്ദുള്ള ആവശ്യപ്പെട്ടു. കോളേജ് അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായപ്പോൾ വൈപ്പിൻ എം.എൽ.എ.യുടെകൂടി ഫ്ളക്സ് അടിച്ച് നാടുനീളെ അഭിവാദ്യമർപ്പിച്ച സഖാക്കൾക്ക് ഈ അവഗണനക്കെതിരെ എന്താണ് പറയാനുള്ളതെന്ന് അബ്ദുല്ല ചോദിച്ചു.

Follow us on :

More in Related News