Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാജ സിനിമ തകർക്കുന്ന സിനിമാ വ്യവസായം; അഡ്വ. വിഷ്ണു വിജയൻ എഴുതുന്നു

16 Oct 2024 23:18 IST

- Adarsh R T

Share News :

സിനിമയുടെ വ്യാജ പതിപ്പ് നിർമിച്ചതുമായി ബന്ധപ്പെട്ട് ഒരു സംഘം കഴിഞ്ഞ ആഴ്ചയാണ് എറണാകുളത്ത് പിടിയിലാകുന്നത്. ഇവരിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറംലോകത്തേക്ക് എത്തിയത്. സിനിമാ വ്യവസായത്തെ ആകെ തകർക്കുന്ന കുറ്റകൃത്യത്തിന് പിന്നിൽ വലിയ ആസൂത്രണവും ഉണ്ടെന്ന വിവരവും പുറത്തേക്ക് വന്നിരുന്നു. ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ പ്രധാനമായും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പങ്കുവെക്കപ്പെടുന്നത്. ടെലിഗ്രാം എന്ന കുപ്രസിദ്ധ ആക്‌ടിവിറ്റികൾക്ക് സഹായകരമായ ഒരു പ്ലാറ്റ്ഫോം സാധാരണക്കാരെ ഒരു കുറ്റവാളിയാക്കാൻ പ്രചോദിപ്പിക്കുകയാണ്. തമിഴ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ വെബ്സൈറ്റിൽ കയറി ഒരു സിനിമ ഡൗൺലോഡ് ചെയ്യാൻ സാധാരണക്കാരനായ വ്യക്തിക്ക് പരിമിതികളുണ്ട്. ടെലിഗ്രാമിൽ സുലഭമായി ഇത്തരം സിനിമകളുടെ ഫയൽ ലഭിക്കുന്നതോടെ ഒറ്റ ക്ലിക്കിൽ സിനിമ ഫോണിൽ ഡൗൺലോഡ് ആവും. ടെലിഗ്രാമിന്‍റെ പ്രധാന ഫീഡർ തമിഴ് ബ്ലാസ്‌റ്റേഴ്‌സ് എന്ന വെബ്സൈറ്റ് തന്നെയാണ്. തമിഴ് ബ്ലാസ്‌റ്റേഴ്‌സ് ഒരു വ്യക്തി മാത്രം നിയന്ത്രിക്കുന്ന ശൃംഖലയല്ല. ഇന്ത്യയ്ക്ക് പുറത്തും ഈ നെറ്റ് വർക്കിന് അഡ്‌മിനിസ്ട്രേഷൻ പാനലുകൾ ഉണ്ട്. പല രാജ്യങ്ങളിലും കോപ്പിറൈറ്റ് ലംഘനം എന്നുള്ളത് കുറ്റകരമല്ല. രാജ്യങ്ങളുടെ പേര് ഇവിടെ പ്രതിപാദിക്കുന്നില്ല. ഇത്തരം കോപ്പിറൈറ്റ് ചട്ട ലംഘനങ്ങൾ ബാധകമല്ലാത്ത രാജ്യങ്ങളിൽ നിന്ന് തിയേറ്റർ പ്രിന്‍റ് ഫീഡ് ചെയ്യുന്നതിന് ഒരു തരത്തിലുമുള്ള നിയമ പ്രശ്‌നങ്ങൾ ബാധകമല്ല.


ഇന്ത്യയിൽ ആകെ ചെയ്യാനാകുന്നത് പ്രസ്‌തുത നെറ്റ്‌വർക്കിന്‍റെ യുആർഎൽ ബ്ലോക്ക് ചെയ്യുക എന്നുള്ളതാണ്.

എന്നാൽ യുആർഎൽ ബ്ലോക്ക് ചെയ്യുന്നതോടെ മറ്റൊരു പ്രോക്‌സി യുആർഎലിൽ വെബ്സൈറ്റ് പ്രത്യക്ഷപ്പെടും. 500ൽ അധികം പ്രോക്‌സി യുആർഎലുമായി ഇത്തരം നെറ്റ്‌ വർക്കുകൾ ഏതു പ്രതിസന്ധി നേരിടാനും തയ്യാറായി നിൽക്കുകയാണ്. റോബോട്ടിക് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ഒരു വെബ്സൈറ്റിന് തടയിടുന്ന മാത്രയിൽ തന്നെ അടുത്ത യുആർഎൽ ആക്‌ടീവാകും. അതുകൊണ്ട് തന്നെ സിനിമകൾ ഡൗൺലോഡ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകില്ല. നമ്മുടെ നിയമ സംവിധാനത്തിൽ ഇത്തരമൊരു നിയമ ലംഘനത്തെ നേരിടാൻ ഒട്ടേറെ പരിമിതികളുണ്ട്. ഡിഫൻസ് അടക്കമുള്ള സേനകളുടെ ഐടി സെൽ അത്രമേൽ കഠിനാധ്വാനം ചെയ്താൽ മാത്രമെ ഇതിനൊരു നിയന്ത്രണം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. നാല് ഭാഷ സിനിമകൾ മാത്രം ഇത്തരം വെബ്സൈറ്റുകൾ വഴി പ്രചരിക്കുന്നത് കൊണ്ട് തന്നെ കേന്ദ്ര ഐടി സെൽ പ്രസ്‌തുത വിഷയത്തിൽ കൈ കടത്തുക എന്നത് കൂടുതൽ നിയമ സാധ്യത വഴി പരിശോധിക്കേണ്ട കാര്യമാണ്. പാൻ ഇന്ത്യൻ റിലീസുകളാണ് പ്രധാനമായും ഇത്തരം ചിത്രങ്ങളെ തിയേറ്റർ പ്രിന്‍റായി പ്രചരിപ്പിക്കുവാൻ കാരണമാകുന്നത്. ശക്തമായി എതിർക്കുമ്പോഴും തിയേറ്റർ പ്രിന്‍റുകൾ പുറത്താകുന്നുണ്ടെങ്കിൽ കൂട്ടത്തിൽ ഒരാൾ തന്നെയാണ് കുറ്റവാളി. ഒരു മലയാള ചിത്രത്തിന്‍റെ തിയേറ്റർ പ്രിന്‍റ് വരുന്ന വഴി പരിശോധിച്ചാൽ, പാൻ ഇന്ത്യൻ റിലീസുകളിലൂടെ ഒരു മലയാള ചിത്രം കർണാടകയിലും ആന്ധ്രയിലും മുംബൈയിലും ഒക്കെ റിലീസ് ചെയ്യും. ഏതെങ്കിലും ഒരു ആളൊഴിഞ്ഞ തിയേറ്ററുകളിൽ നിന്നും ചിത്രം തിയേറ്റർ ക്യാപ്‌ചർ ചെയ്‌താൽ ഓഡിയോ റെക്കോർഡ് ചെയ്യുന്നത് കേരളത്തിലെ ഏതെങ്കിലും തിയേറ്ററുകളിൽ നിന്നായിരിക്കും. ഇത് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ വഴി യോജിപ്പിച്ചാണ് ചിത്രം റിലീസ് ചെയ്യുക. വ്യാജ പതിപ്പുകൾ മൂലം സിനിമാ വ്യവസായത്തിന് പ്രതിവർഷം 22,000 കോടി രൂപയും 60,000 തൊഴിലവസരങ്ങളും നഷ്ടപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. കോടിക്കണക്കിന് രൂപ മുടക്കി ഒരു സിനിമ തിയേറ്ററില്‍ എത്തിക്കുന്ന നിർമ്മാതാവിന്‍റെയും ആ സിനിമ അന്നമായ നിരവധി അണിയറ പ്രവർത്തകരുടെയും നെറുകയിൽ തറയ്‌ക്കുന്ന ആണി മാത്രമാണ് ഇത്തരം തിയേറ്റർ പ്രിന്‍റുകൾ. തമിഴ് ബ്ലാസ്‌റ്റേഴ്‌സ്‌ എന്ന നെറ്റ്‌വർക്കിന് താഴിടുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ത്യയിൽ ഇന്‍റർനെറ്റ് സേവനം നൽകുന്ന എല്ലാ ദാദാക്കളും ഒരുമിച്ച് പ്രവർത്തിച്ചാലും ഏതെങ്കിലും ഒരു മാർഗത്തിൽ തമിഴ് ബ്ലാസ്‌റ്റേഴ്‌സ്‌ പുനർജനിക്കും. കാരണം അവരുടെ വേരുകൾ ഇന്ത്യയിലല്ല. ഇതൊന്നും നിയമ ലംഘനം അല്ലാത്ത നാടുകളിലാണ്. വ്യാജപ്പതിപ്പുകളുടെ കാര്യത്തിൽ കാഴ്‌ചക്കാർ സ്വയം 'തിയേറ്റർ പ്രിന്‍റ് കാണില്ല, കാണുന്നത് ക്രിമിനൽ കുറ്റമാണ്' എന്ന തീരുമാനം എടുക്കുകയാണ് വേണ്ടത്.

Follow us on :

More in Related News