Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിട്ടി ഉടമകൾ സ്ത്രീകളുടെ പരാധീനതകൾ മുതലെടുത്ത് തട്ടിപ്പ് നടത്തുന്നു: വനിതാ കമ്മീഷൻ അംഗം വി.ആർ മഹിളാമണി

13 Mar 2025 08:05 IST

Jithu Vijay

Share News :

മലപ്പുറം : സ്വകാര്യ ചിട്ടി ഉടമകൾ സ്ത്രീകളുടെ പരാധീനതകൾ മുതലെടുത്ത് തട്ടിപ്പ് നടത്തുന്നതായി കമ്മീഷൻ അംഗം വി.ആർ മഹിളാമണി പറഞ്ഞു. യുവതികളെ തവണകളായി പണം അടയ്ക്കുന്ന ചിട്ടികളിൽ ചേർക്കുകയും ഒന്നോ രണ്ടോ അടവുകൾ മുടങ്ങുമ്പോൾ ചിട്ടി നഷ്ടമായെന്നും അത് കമ്പനി പിടിച്ചെടുത്തെന്നും പറയുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ വർധിക്കുന്നുണ്ട്. പലപ്പോഴും ചിട്ടികൾ ആരംഭിക്കുമ്പോൾ നൽകുന്ന രേഖകളിലെ നിയമാവലികൾ ഇംഗ്ലീഷിൽ രേഖപ്പെടുത്തിയാണ് സ്ത്രീകൾക്ക് നൽകുന്നത്. ഇതിനാൽ പലർക്കും ഇതിന്റെ തട്ടിപ്പ് വശം മനസിലാവുന്നില്ല. ഈ വിഷയത്തിൽ ഗൗരവമായ ഇടപെടൽ ആവശ്യമുണ്ട്. സ്വകാര്യ ചിട്ടി ഇടപാടുകൾ നിയന്ത്രിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും പരിശോധനകൾ ആവശ്യമാണ്. കമ്മീഷൻ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കമ്മീഷനംഗം വി.ആർ മഹിളാമണി പറഞ്ഞു.


സ്ത്രീകളുടെ സാമ്പത്തിക ദൈന്യത മുതലെടുത്താണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത്. ഇതോടൊപ്പം സ്ത്രീകളിൽ നിന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഈടോ മറ്റ് രേഖകളോ ഇല്ലാതെ പണവും സ്വർണവും വാങ്ങിക്കുകയും തിരിച്ച് ആവശ്യപ്പെടുമ്പോൾ നിയമപരമായി വെല്ലുവിളിക്കുകയും ചെയ്യുന്ന കേസുകൾ വർധിച്ചുവരുന്നതായും കണ്ടെത്തി. പോഷ് ആക്ടിൽ ഉൾപ്പെട്ട് വന്ന കേസിൽ ഇന്റേണൽ കമ്മറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടു. സ്ത്രീകളുടെ സ്വർണ്ണവും പണവും പരസ്പര വിശ്വാസത്തിന്റെ പേരിൽ ഭർതൃവീട്ടുകാർക്ക് നൽകുകയും പിന്നീട് തിരിച്ച് നൽകാത്ത കേസുകളും പരാതിയായി വന്നു. ഇത്തരം കാര്യങ്ങളിൽ സ്ത്രീകൾ ബോധവാന്മാരായിരിക്കണമെന്നും സ്വാശ്രയത്വത്തോട ജീവിക്കാൻ പ്രാപ്തരാവാനുള്ള ശ്രമങ്ങൾ നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.


സംസ്ഥാന വനിതാ കമ്മീഷൻ അംഗം വി.ആർ മഹിളാമണിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന അദാലത്തിൽ 28 പരാതികൾ പരിഗണിച്ചു. 10 കേസുകൾ തീർപ്പാക്കി. ബാക്കി 18 കേസുകൾ അടുത്ത സിറ്റിങിൽ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ഒരു കേസ് പൊലീസ് റിപ്പോർട്ടിനായി നൽകി. സിറ്റിങിൽ നേരിട്ടെത്തിയ രണ്ട് കേസുകൾ പരിഗണിച്ചു. അദാലത്തിൽ അഡ്വ. ബീന കരുവാത്ത്, കൗൺസിലർ ശ്രുതി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News