Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ കുരുന്നുകള്‍. ഉണ്ണീശോയ്ക്കു ഒരു ഗിഫ്റ്റ്-പാവങ്ങള്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ ക്രിസ്മസ് സമ്മാനങ്ങള്‍ ശേഖരിച്ചു

22 Dec 2025 19:03 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കാലിതൊഴുത്തില്‍ പിറന്ന ഉണ്ണിയീശോ ലോകത്തിന് നല്‍കിയ സന്ദേശം ക്രിസ്മസിനോടുനുബന്ധിച്ചു പ്രാവര്‍ത്തികമാക്കി കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ കുരുന്നുകള്‍. ഉണ്ണീശോയ്ക്കു ഒരു ഗിഫ്റ്റ്-പാവങ്ങള്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ ക്രിസ്മസ് സമ്മാനങ്ങള്‍ ശേഖരിച്ചു അര്‍ഹരായവര്‍ക്ക് എത്തിച്ചു നല്‍കിയാണ് കുരുന്നുകള്‍ മാതൃകാപരമായ സന്ദേശത്തിലൂടെ ക്രിസ്മസ് ആഘോഷമാക്കിയത്. എംഎസ്എം സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അമ്മവീട്ടിലെ ബാലകരോടൊപ്പമാണ് സിഎംഎല്‍ താഴത്തുപള്ളി ശാഖയിലെ കുട്ടികള്‍ സമ്മാനങ്ങള്‍ പങ്ക് വയ്ക്കുകയും ക്രിസ്മസ് ആഘോഷിക്കുകയും ചെയ്തത്. ക്രിസ്മസിനോടുനുബന്ധിച്ചു ദേവാലയമുറ്റത്ത് പുല്‍കൂടൊരുക്കിയാണ് കുട്ടികള്‍ നോമ്പിന്റെ ആദ്യദിനം മുതല്‍ ഉണ്ണീശോയ്ക്കായി സമ്മാനങ്ങള്‍ ശേഖരിച്ചത്. പുല്‍ക്കൂട്ടില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ ക്രിസ്മസിന് മുമ്പായി അര്‍ഹതയുള്ളവരെ കണ്ടെത്തി കൈമാറുമെന്നും പറ്റുന്നവരെല്ലാം സഹായിക്കണമെന്നും പള്ളിയില്‍ ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേലും സഹവികാരി ഫാ.അബ്രാഹം പെരിയപ്പുറവും അറിയിപ്പ് നല്‍കി. പദ്ധതിയോട് മാതാപിതാക്കളുടെ സഹായത്തോടെ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും വിശ്വാസ പരിശീലകരും ഇടവകജനങ്ങളും കൈകോര്‍ത്തതോടെ നിരവധി സമ്മാനങ്ങളാണ് ഓരോ ദിവസവും പുല്‍കൂട്ടിലെത്തിയത്. അരി, വെളിച്ചെണ്ണ ഉള്‍പെടെയുള്ള പലചരക്ക് സാധനങ്ങള്‍, ബുക്ക്, പേന, പേസ്റ്റ്, ബ്രഷ് എന്നിങ്ങനെ ഒട്ടനവധി സാധന സമാഗ്രികള്‍ പുല്‍ക്കൂട്ടില്‍ സമ്മാനമായെത്തി. തുടര്‍ന്ന് ആദ്യഘട്ടമായി സഹവികാരിയും സിഎംഎല്‍ ഡയറക്ടറുമായ ഫാ.ജോണ്‍ നടുത്തടത്തിന്റെ നേതൃത്വത്തില്‍ സണ്‍ഡേസ്‌കൂള്‍ അധ്യാപകരും കുട്ടികളും അമ്മവീട്ടിലെത്തി സമ്മാനങ്ങള്‍ കൈമാറി. ഫാ.സെബാസ്റ്റ്യന്‍ എംഎസ്എമ്മിന്റെ നേതൃത്വത്തില്‍ അമ്മവീട്ടിലെ അംഗങ്ങള്‍ ഇവരെ സ്വീകരിച്ചു. അധ്യാപകരായ ജോയിമോന്‍ ഒറ്റയില്‍, ജോര്‍ജ് വടക്കേവെട്ടുവഴി, ജോസഫ് പള്ളിവാതുക്കല്‍ എന്നിവരും 18 കുട്ടികളുമാണ് സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നത്. ബാക്കിയുള്ള സാധനസമാഗ്രികള്‍ അടുത്ത ദിവസം മറ്റ് കേന്ദ്രങ്ങളില്‍ എത്തിച്ചു കൊടുക്കുമെന്നും ഫാ.ജോണ്‍ നടുത്തടം അറിയിച്ചു.


Follow us on :

More in Related News