Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 22:27 IST
Share News :
കോട്ടയം: കോട്ടയം ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ഉദ്ഘാടനമത്സരം വൻസംഘർഷത്തെ തുടർന്ന് ഉപേക്ഷിച്ചു. താഴത്തങ്ങാടിയിൽ നടന്ന മത്സരത്തിൽ ഫൈനലിൽ എത്താതെ പുറത്തായ കുമരകം ടൗൺ ബോട്ട് ക്ലബ്ബ് ട്രാക്കിനുകുറുകെ വള്ളമിട്ട് മത്സരം അലങ്കോലപ്പെടുത്തുകയായിരുന്നു. ഇതിനെച്ചൊല്ലി തുഴച്ചിൽകാരും സംഘാടകരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതോടെ മത്സരം റദ്ദാക്കി.
മഴയത്ത് മത്സരം നടത്തിയതാണ് തങ്ങൾ പുറത്താകാൻ കാരണമെന്ന് ആരോപിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ഇതിനെ തുടർന്ന് മത്സരം ഉപേക്ഷിച്ചെന്ന് അറിയിപ്പ് വന്നതോടെ പ്രതിഷേധവുമായി ചെറുവള്ളങ്ങൾ രംഗത്തെത്തിയത് വീണ്ടും സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. തുഴച്ചിലുകാരും പൊലീസുകാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പൊലീസുകാർ തുഴച്ചിലുകാരെ മർദ്ദിച്ചതായും ആക്ഷേപമുണ്ട്. പിന്നീട് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.
ചുണ്ടൻവള്ളങ്ങളുടെ ആദ്യ ഹീറ്റ്സ് മത്സരത്തിനിടെയാണ് മഴ ആരംഭിച്ചത്. മഴയിലും ശക്തമായി പോരാടി കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്തു. തുടർന്ന് മഴക്ക് ശേഷം അരമണിക്കൂറോളം പിന്നിട്ടാണ് രണ്ടും മൂന്നും ഹീറ്റ്സുകൾ നടത്തിയത്. കാരിച്ചാൽ ചുണ്ടൻ രണ്ടാം ഹീറ്റ്സിലെ ജേതാവായി. രണ്ടാം ഹീറ്റ്സിൽ ഇഞ്ചോടിഞ്ച് വ്യത്യാസത്തിലാണ് കാരിച്ചാലും വീയപുരവും ഫിനിഷിങ് പോയിന്‍റിലെത്തിയത്. നിരണമാണ് മൂന്നാം ഹീറ്റ്സിൽ വിജയിച്ചത്.
അവസാനറൗണ്ടിലേക്കുള്ള ചുണ്ടൻവള്ളങ്ങളുടെ ലിസ്റ്റിൽനിന്നും ചെറിയ സമയത്തിന്‍റെ വ്യത്യാസത്തിലാണ് നടുഭാഗം ചുണ്ടൻ പുറത്തായത്. ഇതാണ് തുഴച്ചിൽകാരെ പ്രകോപിതരാക്കിയത്. ഇതോടെ മഴയത്ത് നടന്ന ആദ്യ ഹീസ്റ്റ് മത്സരം വീണ്ടും നടത്തുകയോ അല്ലെങ്കിൽ ഫൈനലിൽ തങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്നായി കുമരകം ടൗൺ ബോട്ട് ക്ലബ്ബ്. ആവശ്യം അംഗീകരിക്കില്ലെന്ന് സംഘാടകർ അറിയിച്ചതോടെയാണ് തുഴച്ചിലുകാർ വള്ളം ട്രാക്കിന് കുറുകെയിട്ട് മത്സരം അലങ്കോലപ്പെടുത്തിയത്. ഫിനിഷിങ് പോയിന്‍റിൽ ഉണ്ടായിരുന്ന അടയാളങ്ങളും ഇവർ നീക്കം ചെയ്തു.
ചാമ്പ്യൻസ് ബോട്ട് ലീഗ് നാലാം സീസണിന്റെയും കോട്ടയം മത്സരവള്ളംകളിയുടെയും ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് താഴത്തങ്ങാടിയിൽ നിർവഹിച്ചു. അടുത്തവർഷം ലോകശ്രദ്ധ ആകർഷിക്കുന്ന നിലയിൽ ചാമ്പ്യൻസ് ബോട്ട് ലീഗിനെ (സി.ബി.എൽ) ബ്രാൻഡ് ചെയ്യുമെന്ന് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു.
തീരദേശ ജില്ലകളെ സംഘടിപ്പിച്ച് സി.ബി.എൽ. സംഘടിപ്പിക്കും. ടൂറിസം ഉൽപന്നം എന്ന നിലയിൽ വലിയ തോതിലുള്ള പിന്തുണയാണ് സർക്കാർ വള്ളംകളിക്ക് നൽകുന്നത്. വള്ളംകളി നടക്കുന്ന മേഖലയിലെ ടൂറിസത്തിന് വളരെയധികം വളർച്ച ഉണ്ടായിട്ടുണ്ട്. വിദേശ ടൂർ ഓപ്പറേറ്റർമാരെ കൂടി പങ്കെടുപ്പിച്ച് സി.ബി.എല്ലിന്റെ ബ്രാൻഡിങ് നടപ്പാക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബറിൽ നടക്കേണ്ട സി.ബി.എൽ. തുടങ്ങാൻ വൈകിയത്. വേദികളുടെ എണ്ണം ആറായി കുറച്ചെങ്കിലും സമ്മാനത്തുകയിലോ ഇൻസെന്റീവിമോ കുറവ് വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാരമ്പര്യവും പ്രൗഢിയുമുള്ള മത്സരവള്ളം കളിയാണ് കോട്ടയം മത്സര വള്ളംകളിയെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു.
ഉദ്ഘാടനത്തെത്തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ മാസ്ഡ്രിൽ നടന്നു. ജലഘോഷയാത്ര അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടറും സി.ബി.എൽ. ജനറൽ കൺവീനറുമായ ജോൺ വി. സാമുവൽ പതാക ഉയർത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ പി. വിഷ്ണുരാജ്, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുൻ ചെയർമാൻ അഡ്വ. വി. ബി. ബിനു, നഗരസഭാംഗങ്ങളായ ഷേബാ മാർക്കോസ്, ജിഷ ജോഷി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. ഷൈനിമോൾ, വി. എസ്. ഷമീമ, ബുഷ്റ തൽഹത്ത്, കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് കെ.ജി. കുര്യച്ചൻ, വെസ്റ്റ് ക്ലബ് സെക്രട്ടറി അനീഷ് കുമാർ , കോഡിനേറ്റർമാരായ സുനിൽ ഏബ്രഹാം, ലിയോ മാത്യൂ, എൻ.കെ. ഷഫീക് ഫാളിൽ മന്നാനി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.