Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 18:00 IST
Share News :
കോട്ടയം: കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നൽകുന്നു. വിവിധ പ്രസിദ്ധീകരണങ്ങളില്‍ ദീര്‍ഘകാലം വരച്ച് കേരളത്തിന്‍റെ കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി.പി ഫിലിപ്പ്). ഓഗസ്റ്റ് ഒന്നിന് രാവിലെ പത്തിന് കാർട്ടൂണിസ്റ്റ് ചെല്ലൻ്റെ, വടവാതൂർ - എംആർഎഫ് റോഡിലെ മുള്ളുവേലി ഭാഗത്തെ വീട്ടിലെത്തി കേരള സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ സമ്മാനിക്കും.
കോട്ടയം വടവാതൂര്‍ സ്വദേശിയായ ചെല്ലന്‍റെ കലയിലെ തുടക്കം 1970 ല്‍ സൈന്‍ ബോര്‍ഡുകള്‍ എഴുതിയായിരുന്നു. തുടര്‍ന്ന് ജനയുഗം വാരികയില്‍ 'സാമൂഹ്യം പപ്പു ആശാൻ' എന്ന കാര്‍ട്ടൂണ്‍ പംക്തി തുടങ്ങി. മലയാള മനോരമ, ദീപിക, മനോരാജ്യം, ബാലരമ, ചന്ദ്രിക, കുട്ടികളുടെ ദീപിക, പൗരദ്ധ്വനി, ചെമ്പകം, മനോരമ കോമിക്സ്, ടോംസ് കോമിക് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും കാര്‍ട്ടൂണ്‍ വരച്ചു. നൂറിലേറെ പുസ്തകങ്ങള്‍ക്ക് കവര്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
കാർട്ടൂണിസ്റ്റ് ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലന്‍ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ തുടര്‍ച്ചയായി ചിരിയുടെ അലകള്‍ തീര്‍ത്തിട്ടുണ്ട്. 1980 മുതല്‍ 'മംഗളം' വാരികയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ ലോലന്‍ കാല്‍ നൂറ്റാണ്ട് കാലം മലയാളികളെ പൊട്ടിചിരിപ്പിച്ചു. ലോലന്‍റെ ബെല്‍ ബോട്ടം പാന്‍റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവഹാവാദികളുമൊക്കെ കോളജ് കുമാരന്മാര്‍ അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാർക്ക് ലോലന്‍ എന്ന വിളിപ്പേരും വീണു.
ലോലൻ ഇനി അനിമേഷനിലൂടെ പുതു തലമുറയിലേയ്ക്ക് ചലിച്ചു കൊണ്ട് പ്രവേശിക്കുന്നു. ലോലൻ എന്ന കഥാപാത്രത്തെ നെവർ എൻഡിങ് സർക്കിൾ മീഡിയ അനിമേഷനും, വെബ് സീരീസുമായി വീണ്ടും മലയാളികൾക്കിടയിലേയ്ക്ക് എത്തുന്നു. ഇതിൻ്റെ സമ്മത പത്രം ചടങ്ങിൽ കാർട്ടൂണിസ്സ് ചെല്ലൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീൺ പ്രേംനാഥിനും, കണ്ടൻ്റ് മേധാവി സായ് വിഷ്ണുവിനും ചടങ്ങിൽ കൈമാറും.
കാര്‍ട്ടൂണ്‍ സിന്‍ഡിക്കേറ്റ് മുഖേന ലോലന്‍ 'രാഷ്ട്രീയ സമാചാർ' ഹിന്ദി ദിനപത്രത്തിന്‍റെ ഞായറാഴ്ച പതിപ്പില്‍ രണ്ടുവര്‍ഷം പ്രസിദ്ധീകരിച്ചു. 'കന്നട മംഗള' യില്‍ 4 വര്‍ഷവും തമിഴില്‍ 2 വര്‍ഷവും ലോലന്‍ അച്ചടിച്ചു. കൈരളി ചാനലിലൂടെ ലോലന്‍ മലയാളികളുടെ സ്വീകരണ മുറികളിലും എത്തി. നടന്‍ ഇന്ദ്രന്‍സും നസീര്‍ സംക്രാന്തിയുമാണ് മുഖ്യ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
മറിയാമ്മ ഫിലിപ്പാണ് ഭാര്യ. മകൻ: സരീഷ്.
ചടങ്ങിൽ കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗമായ തോമസ് ജേക്കബ്, കേരള ലളിത കലാ അക്കാദമി സെക്രട്ടറി ബാലമുരളി കൃഷ്ണ, കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ്, മംഗളം ചീഫ് എഡിറ്റർ സാബു വർഗീസ്, മംഗളം പ്രസിദ്ധികരണങ്ങളുടെ ജനറൽ എഡിറ്ററായിരുന്ന പി. ഒ. മോഹൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.