Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊടുപുഴ നഗരത്തിലൂടെ ബസുകള്‍ പായുന്നു; അപകടഭീതിയില്‍ കാല്‍നട യാത്രികരും ചെറുവാഹനങ്ങളും

13 Nov 2024 12:35 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: വേഗ നിയന്ത്രണം പാലിക്കാതെ ഗതാഗത തിരക്കേറിയ തൊടുപുഴ നഗരത്തില്‍ ബസുകളുടെ മരണപാച്ചില്‍. മൂവാറ്റുപുഴയില്‍ നിന്ന് തൊടുപുഴയിലേക്കും കിഴക്കന്‍ മേഖലയായ മുതലക്കോടം ഭാഗത്ത് നിന്നും എത്തുന്ന ബസുകളാണ് നഗരത്തിലൂടെ അതിവേഗതയില്‍ സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ റൂട്ടില്‍ നിന്നും അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് റോട്ടറി ജങ്ഷനില്‍ വച്ച് കാറിലിടിച്ചു. തലനാരിഴയ്ക്കാണ് കാര്‍ യാത്രക്കാര്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപെട്ടത്. അപകടത്തെ തുടര്‍ന്ന് ഏതാനും സമയം ഇവിടെ ഗതാഗതം തടസപ്പെടുകയും ചെയ്തു. ഏറെ നാളായി അമിത ശബ്ദത്തില്‍ നിരോധിത എയര്‍ ഹോണുകളടക്കം ഉച്ചത്തിലും തുടര്‍ച്ചയായും മുഴക്കിയെത്തുന്ന ബസുകള്‍ നഗരത്തില്‍ ഭീതി ജനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. വശം കൊടുക്കാന്‍ സ്ഥലമില്ലെങ്കിലും പിന്നിലും ഒപ്പവുമെത്തി ചെറുവാഹനങ്ങളിലെ ഡ്രൈവര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതും പതിവാണ്. ചെറു വാഹനങ്ങളും കാല്‍നട യാത്രക്കാരും ബസുകളുടെ മുന്നില്‍ നിന്നും പലപ്പോഴും ഭാഗ്യം കൊണ്ടാണ് രക്ഷപെടുന്നത്. മുന്നറിയിപ്പുകളൊന്നും ഗൗനിക്കാതെയാണ് ഇത്തരത്തില്‍ അമിത വേഗതയില്‍ ബസുകള്‍ സഞ്ചരിക്കുന്നത്. മൂവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ പ്രസ് ക്ലബിന് സമീപം സ്റ്റോപ്പില്‍ നിര്‍ത്തി, പിന്നീട് അതി വേഗതയിലാണ് സഞ്ചരിക്കുന്നത്. ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ എത്തുമ്പോള്‍ മുതലക്കോടം ഭാഗത്ത് നിന്നും വരുന്ന ബസുകളും ഒപ്പം വരും. ചെറിയ ജങ്ഷനില്‍ മുതലക്കോടം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെയാണ് മൂവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ ഈ ജങ്ഷന്‍ കടക്കുന്നത്. പിന്നീട് കാഡ്‌സ് റോഡിലേക്ക് തിരിയുന്നതും അമിത വേഗതയിലാണ്. വിദ്യാര്‍ഥികള്‍ അടക്കമുള്ള കാല്‍ നടയാത്രക്കാരെ ശ്രദ്ധിക്കാതെയാണ് കാഡ്‌സ് റോഡിലേക്ക് ബസുകള്‍ തിരിയുന്നത്. പലരും ബസിന്റെ മുന്നില്‍ നിന്നും ഓടി മാറുന്നത് കാണാം.

വേഗ നിയന്ത്രണം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട പോലീസും മോട്ടോര്‍ വാഹന വകുപ്പും കൃത്യമായ പരിശോധനകള്‍ നടത്തുന്നില്ലെന്ന് പരാതിയുണ്ട്. പലപ്പോഴും അപകടങ്ങള്‍ ഉണ്ടായതിന് ശേഷം രണ്ട് ദിവസം കൂടി പരിശോധനകള്‍ നടത്തി പിന്‍മാറുകയാണ് അധികൃതര്‍ ചെയ്യുന്നത്. വേഗ നിയന്ത്രണം പാലിക്കാതെ പായുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.

Follow us on :

More in Related News