Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2024 21:39 IST
Share News :
വൈക്കം: ചെമ്പ് അങ്ങാടിക്കടവില്‍ മൂവാറ്റുപുഴയാറിനു കുറുകെ പാലം നിര്‍മിക്കുക, നിലവിലുള്ള ജങ്കാര്‍ സര്‍വീസ് തുടരുക എന്നീ ആവശ്യങ്ങളുന്നയിച്ച് തുരുത്തുമ്മ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ചെമ്പ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ചിനെ തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍ നിലവിലുള്ള ജങ്കാര്‍ സര്‍വീസ് തുടരാനും പാലം നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കിയതായി സമരസമിതി നേതാക്കള്‍ അറിയിച്ചു. ഇവിടെ നിലവിലുള്ള ജങ്കാര്‍ സര്‍വീസിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കുകയാണ്. ജങ്കാര്‍ സര്‍വീസ് നിറുത്തിവെച്ചാല്‍ തുരുത്തുമ്മയിലും ചെമ്പിലും ബ്രഹ്‌മമംഗലത്തുമുള്ളവര്‍ മറുകരയെത്താന്‍ ഏറെദൂരം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടാകും. മറ്റ് നടപടിക്രമങ്ങള്‍ വേഗം പൂര്‍ത്തീകരിച്ച് തടസ്സമില്ലാതെ ജങ്കാര്‍ സര്‍വീസ് തുടരാനാണ് ചര്‍ച്ചയില്‍ തീരുമാനം ആയിരിക്കുന്നത്. ഭൂമിശാസ്ത്രപരമായി ചെമ്പ് പഞ്ചായത്ത് രണ്ടു മേഖലകളായാണ് കിടക്കുന്നത്. പഞ്ചായത്ത് ഓഫീസ്, ആയുര്‍വേദ ആശുപത്രി, കുടുംബാരോഗ്യകേന്ദ്രം എന്നിവ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയായ ബ്രഹ്‌മമംഗലത്തും വില്ലേജ് ഓഫീസ്, കെ.എസ്.ഇ.ബി ഓഫീസ്, മൃഗാശുപത്രി എന്നിവ പടിഞ്ഞാറന്‍ മേഖലയായ ചെമ്പിലുമാണ് സ്ഥിതിചെയ്യുന്നത്. ഈ ഓഫീസുകളിലേക്കും ഇരുകരകളിലേക്കും യാത്രചെയ്യുന്നവര്‍ക്ക് എളുപ്പമാര്‍ഗമെന്നത് അങ്ങാടിക്കടവിലെ കടത്താണ്. ബ്രഹ്‌മമംഗലം മേഖലയിലെ തുരുത്തുമ്മയെയും ചെമ്പ് മാര്‍ക്കറ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അങ്ങാടിക്കടവില്‍ നിലവില്‍ രാവിലെ മുതല്‍ രാത്രിവരെ ജങ്കാര്‍ സര്‍വീസുണ്ട്. ഓട്ടോറിക്ഷകളും ഇരചക്ര വാഹനങ്ങളും യാത്രക്കാര്‍ക്കൊപ്പം ഇതിലൂടെ മറുകര കടക്കുന്നുണ്ട്. ബസുകളിലോ മറ്റ് വാഹനങ്ങളിലോ ഇരുകരകളിലേക്കും വിവിധ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ 10 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യമാണ്. ഇരുകരകളിലുമുള്ളവര്‍ക്ക് മറ്റ് പല പഞ്ചായത്തുകള്‍ ചുറ്റിത്തിരിഞ്ഞ് യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് അങ്ങാടിക്കടവില്‍ പാലം വേണമെന്ന ആവശ്യവുമായി തുരുത്തുമ്മ നിവാസികള്‍ സമരരംഗത്ത് വന്നത്. ചെമ്പ് അങ്ങാടിക്കടവില്‍നിന്ന് ചെമ്പ് പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാര്‍ച്ചിലും ധര്‍ണയിലും സത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.