Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ഭാര്യയ്ക്ക് ബാങ്കില്‍ ജോലി നല്‍കി

06 Aug 2024 10:14 IST

Shafeek cn

Share News :

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ ഭാര്യക്ക് ജോലി നല്‍കി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഔദ്യോഗികമായി അറിയിച്ചത്. അവരുടെ ആവശ്യ പ്രകാരമല്ല ജോലിയെന്നും ഇത് ഒരു ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. വേങ്ങേരി സര്‍വ്വീസ് സകരണ ബാങ്കിലാണ് ജോലി നല്‍കുക. അര്‍ജുന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ എല്ലാ രീതിയിലും തുടരുമെന്നും മന്ത്രി പ്രതികരിച്ചു.


അര്‍ജുന്റെ വീട്ടുകാര്‍ അങ്ങനെയൊരു ആവശ്യവും പറഞ്ഞിട്ടില്ല. എന്നാല്‍ ആ നാട്ടിലെ ജനങ്ങളുടെ ആവശ്യമായിരുന്നു. ആ നിലയില്‍ ബാങ്ക് ഭരണസമിതി തന്നെ മുന്‍കൈ എടുത്തു. എല്ലാ നിലയിലും ഇക്കാര്യത്തില്‍ ഇടപെടും എന്ന് അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജോലി സ്വീകരിക്കാന്‍ തയാറാണെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. വീടിന്റെ അടുത്ത് തന്നെയാണ് വേങ്ങേരി ബാങ്കെന്നും നടന്നു പോകാവുന്ന ദൂരമേയുള്ളുവെന്നും കൃഷ്ണപ്രിയ പറഞ്ഞു.


അര്‍ജ്ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് നേരത്തെ കര്‍ണാടക ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെവി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.


ഏഴ് നോട്ട്സ് ആണ് ഇപ്പോഴും ഗംഗാവലി നദിയിലെ അടിയൊഴുക്ക്. ഈ സാഹചര്യത്തില്‍ തിരച്ചില്‍ നടത്താനാവില്ല. തിരച്ചില്‍ ദൗത്യം വൈകാതെ പുനഃരാരംഭിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സുപ്രീം കോടതിയിലെ മലയാളി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Follow us on :

Tags:

More in Related News