Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അംഗനവാടി പ്രവേശനോത്സവം 30 ന്

28 May 2024 19:56 IST

enlight media

Share News :

കോഴിക്കോട് : മെയ്‌ 30ന് തുറക്കുന്ന അംഗനവാടികളിലെ ആദ്യദിനം പ്രവേശനോൽസവമായി വർണാഭമായി കൊണ്ടാടും. 


സംയോജിത ശിശുവികസന സേവന പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടികൾ ഇക്കുറി കേന്ദ്രീകരിക്കുക ചെറുധാന്യങ്ങളിലൂടെ കുട്ടികളുടെ ആരോഗ്യ പോഷക മൂല്യങ്ങൾ ഉറപ്പിക്കാനാണ്. ചെറുധന്യങ്ങളായ റാഗി, തിന, കമ്പം എന്നിവ കൊണ്ടുണ്ടാക്കിയ ലഡു, പായസം, കുറുക്ക് എന്നിവ കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ വിതരണം ചെയ്യുക വഴി പോഷക സമ്പൂർണ്ണമായ പുതുതലമുറയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. 


കോഴിക്കോട് ജില്ലയിൽ 2938 അംഗനവാടികളണ് പ്രവർത്തിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ അംഗനവാടിയിൽ 'പോഷകബാല്യം' പദ്ധതി പ്രകാരം കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും ലഭ്യമാക്കും. ക്രാഡിൽ മെനു പ്രകാരം കുട്ടികൾക്ക് പ്രഭാത ഭക്ഷണവും നൽകിവരുന്നു. പുട്ട്-കടല, ഇഡലി- സാമ്പാർ, നൂൽപുട്ട്- മുട്ടക്കറി എന്നിവയാണ് പ്രഭാതഭക്ഷണ മെനു. ക്രാഡിൽ നവീകരണ പദ്ധതി പ്രകാരം അംഗനവാടികളുടെ ചുവരുകളിൽ കഥകൾ, കവിതകൾ, ഇംഗ്ലീഷ്-മലയാളം അക്ഷരമാലകൾ, അക്കങ്ങൾ എന്നിവ മനോഹരമായ രീതിൽ ആവിഷ്കരിച്ചു വരുന്നു. 


ജില്ലാതല പ്രവേശനോത്സവം പേരാമ്പ്ര പഞ്ചായത്തിലെ മരുതേനി അംഗനവാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിൻ്റെ മുന്നൊരുക്കങ്ങൾ രണ്ടാഴ്ച മുന്നേ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 17829 കുട്ടികളാണ് ജില്ലയിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായത്. 


പ്രവേശനോത്സവം മികച്ച അനുഭവമാക്കാൻ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പുതുതായി ചേരുന്ന കുട്ടികൾക്ക് സ്വാഗതഗാനം, കുട്ടിപ്പാട്ട്, പായസ വിതരണം, മുൻ വർഷത്തെ വിദ്യാർത്ഥികളുടെ യാത്രയയപ്പ്, കളികളും മറ്റ് കലാപരിപാടികളും, പേപ്പർ കൊണ്ടുള്ള കളിപ്പാട്ടങ്ങളുടെ വിതരണം എന്നിവ ഉണ്ടാകും. അതാത് അംഗനവാടികളുടെ പരിസരത്തുള്ള കൗമാരക്കാരെ യോജിപ്പിച്ചു രൂപീകരിച്ച വർണ്ണകൂട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് കളിപ്പാട്ടങ്ങൾ ഒരുക്കുന്നത്.  


പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഗൃഹ സന്ദർശനവുമുണ്ട്. അംഗനവാടി പ്രവർത്തകർ, വർണ്ണക്കൂട്ട് അംഗങ്ങൾ എന്നിവർ ചേർന്ന് ഗൃഹ സന്ദർശനം നടത്തി സമ്മാനപൊതി നൽകിയാണ് കട്ടികളെ അംഗനവാടിയിലേക്ക് ക്ഷണിക്കുക. ക്രയോൺസ്, സ്മൈലി ബോൾ, വർണ്ണ കടലാസുകൾ കൊണ്ടുള്ള പൂവ്, പൂമ്പാറ്റ, പാവ എന്നിവ ഉൾപ്പെടുന്നതാണ് സമ്മാനപൊതി. 


കുട്ടികളുടെ മുഖം വ്യക്തമാവുന്ന രീതിയിൽ കാർഡ്ബോർഡ് ഉപയോഗിച്ച് ഉണ്ടാക്കിയ സെൽഫി ഫ്രെയിം നിർമ്മിക്കുകയും ആ ഫ്രെയിം ഉപയോഗിച്ച് കുട്ടികളെ പ്രവേശനോത്സവത്തിനു ഫോട്ടോ എടുപ്പിക്കുകയും ഫോട്ടോ ഫ്രെയിമിൽ 'അംഗനവാടിയിലെ എൻ്റെ ആദ്യ ദിനം' എന്ന് മനോഹരമായ അക്ഷരങ്ങളിൽ അലങ്കരിച്ചുള്ള വിസ്മയമൊക്കെ ഒരുക്കിയിട്ടുണ്ട്. 


പ്രവേശനോൽസവത്തി ന്ശേഷം തുടർ പ്രവർത്തനങ്ങളായി കുഞ്ഞിക്കൈ ക്യാമ്പയിൻ (വിരൽ ചിത്രങ്ങൾ, വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയവ), പ്രകൃതി നടത്തം, പരിസ്ഥിതി ദിനത്തിന്റെ മുന്നോടിയായി ഒരു തൈ നടാം ക്യാമ്പയിൻ എന്നിവയും സംഘടിപ്പിക്കും. 


അംഗനവാടി കുട്ടികൾക്കുള്ള 'അംഗണപൂമഴ' എന്ന സചിത്ര പ്രവൃത്തി പുസ്തകം അണിയറയിൽ ഒരുങ്ങുകയാണ്.

Follow us on :

More in Related News