Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തീര്‍ന്നിട്ടും തീരാതെ സമരം; എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നും റദ്ദാക്കി

11 May 2024 07:28 IST

- Shafeek cn

Share News :

കണ്ണൂര്‍: ജീവനക്കാരുടെ സമരം തീര്‍ന്നിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തില്ല. ദമാം, അബുദാബി സര്‍വീസുകളാണ് ഇന്ന് സര്‍വീസ് നടത്താത്തത്. 5.15ന് പുറപ്പെടേണ്ട ദമാം, 9.30ന് പുറപ്പെടേണ്ട അബുദാബി സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതോടെ ഇവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ ദുരിതത്തിലായി. കണ്ണൂരില്‍ ഇന്നലെ നാല് സര്‍വീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദാബി, ദമാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതേതുടര്‍ന്ന് ഇന്നലെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രണ്ട് സര്‍വീസുകള്‍ കൂടി റദ്ദാക്കിയത്.


ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര -അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമൂലം റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.


ഫ്ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിച്ച് സമരം പിന്‍വലിച്ചതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിരുന്നു. എങ്കിലും ഈ പ്രഖ്യാപനത്തിനുശേഷം ഇന്നലെയും ഇന്നും സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.

Follow us on :

More in Related News