Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ടെടുപ്പിന്റെ അന്നും തലേന്നുമുള്ള അച്ചടിമാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മുൻകൂർ സർട്ടിഫിക്കേഷൻ വേണം

22 Apr 2024 22:11 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ തലേദിവസവും(ഏപ്രിൽ 25) വോട്ടെടുപ്പു ദിവസവും(ഏപ്രിൽ 26) അച്ചടിമാധ്യമങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കാൻ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.)യുടെ മുൻകൂർ സർട്ടിഫിക്കേഷൻ നിർബന്ധം. ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ മെമ്പർ സെക്രട്ടറിയുമായ എം.സി.എം.സി. ജില്ലാതല കമ്മിറ്റിയാണ് കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ പ്രീ സർട്ടിഫിക്കേഷനുള്ള അപേക്ഷ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും. അപേക്ഷ നൽകി 24 മണിക്കൂറിനകം സർട്ടിഫിക്കേഷൻ നൽകും. ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ കളക്ട്രേറ്റിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പി സഹിതമാണ് നിർദിഷ്ടമാതൃകയിൽ അപേക്ഷ നൽകേണ്ടത്. പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന തിയതിക്കു രണ്ടുദിവസം മുമ്പെങ്കിലും അപേക്ഷ നൽകിയിരിക്കണം. 

സംസ്ഥാന/ജില്ലാ തല എം.സി.എം.സി. സമിതിയുടെ പ്രീസർട്ടിഫിക്കേഷനില്ലാതെ വോട്ടെടുപ്പുദിവസമോ തലേന്നോ രാഷ്ട്രീയപാർട്ടികളോ, സ്ഥാനാർഥികളോ, വ്യക്തികളോ രാഷ്ട്രീയ പരസ്യങ്ങൾ നൽകാൻ പാടില്ലെന്നു തെരഞ്ഞെടുപ്പു കമ്മിഷന്റെ കർശന നിർദേശമുണ്ട്. തെറ്റിദ്ധരിപ്പിക്കുന്നതോ, അവഹേളിക്കുന്നതോ ആയ പരസ്യങ്ങൾ കഴിഞ്ഞകാലങ്ങളിൽ അച്ചടിമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളിൽ വരുന്ന ഇത്തരം പരസ്യങ്ങൾ സംബന്ധിച്ചു വിശദീകരണം നടത്താനോ നിഷേധിക്കാനോ സ്ഥാനാർഥികൾക്ക് അവസരം ലഭിക്കാൻ സമയം ലഭിക്കാത്തതു കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം. 

ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി (ചെയർമാൻ) തെരഞ്ഞെടുപ്പു മീഡിയ നോഡൽ ഓഫീസറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ (മെമ്പർ സെക്രട്ടറി) കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്ത്്, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ അജി ജേക്കബ് കുര്യൻ, കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം. സ്മിതി, മാധ്യമപ്രവർത്തകനും കോട്ടയം പ്രസ് ക്ലബ് സ്രെകട്ടറിയുമായ റോബിൻ തോമസ് പണിക്കർ എന്നിവരാണ് സമിതി അംഗങ്ങൾ. സംശയങ്ങൾക്ക് ഫോൺ: 9495119702, 9496003209, 9847998894 . 

പോളിങ് ഉദ്യോഗസ്ഥർക്ക് 

ബുധനാഴ്ച റിഫ്രെഷ്‌മെന്റ് പരിശീലനം 

കോട്ടയം ജില്ലയിലെ എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലും പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കു ബുധൻ(ഏപ്രിൽ 24) രാവിലെ 10 മണി മുതൽ പരിശീലനകേന്ദ്രങ്ങളിൽ റിഫ്രെഷ്‌മെന്റ് പരിശീലനം നൽകും. രണ്ടാം ഘട്ട പരിശീലനം ലഭിച്ച കേന്ദ്രങ്ങളിൽ പ്രിസൈഡിങ് ഓഫീസർമാരും പോളിങ് ഓഫീസർമാരും അന്നേദിവസം പരിശീലനത്തിനു ഹാജരാകണമെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. 

പരിശീലനകേന്ദ്രങ്ങൾ (നിയമസഭാമണ്ഡലം തിരിച്ച്) ചുവടെ:

പാലാ നിയമസഭാമണ്ഡലം: പാലാ സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ

കടുത്തുരുത്തി: കുറവിലങ്ങാട് ദേവമാതാ കോളജ്.

വൈക്കം: സത്യഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ വൈക്കം

ഏറ്റുമാനൂർ: മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ,

കോട്ടയം: സി.എം.എസ്. കോളജ് കോട്ടയം.

പുതുപ്പള്ളി: മരിയൻ സീനിയർ സെക്കൻഡറി സ്‌കൂൾ കോട്ടയം.

ചങ്ങനാശേരി: സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ ചങ്ങനാശേരി

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി

പൂഞ്ഞാർ: സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി





Follow us on :

More in Related News