Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂച്ചപ്രയിൽ ആദിവാസി യുവാവിന്റെ കൊലപാതകം: പ്രതിയെ കണ്ടെത്താനായില്ല

13 Oct 2024 23:39 IST

- ജേർണലിസ്റ്റ്

Share News :

തൊടുപുഴ: പൂച്ചപ്രയിൽ ആദിവാസി യുവാവിന്റെ 

കൊലപാതക കേസിൽ പ്രതിയെ

 കണ്ടെത്താനായില്ല. പൂച്ചപ്ര വാളിയംപ്ലാക്കല്‍ കൃഷ്ണന്‍ എന്ന് വിളിക്കുന്ന ബാലന്‍ (48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബാലന്റെ ബന്ധുവായ വാളിയംപ്ലാക്കല്‍ ജയനായി പോലീസ് അന്വേഷണം ആരംഭിച്ചു. പൂച്ചപ്ര സ്‌കൂളിന് സമീപത്ത് വച്ച് ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബാലനും ജയനും ഉള്‍പ്പെടെ നാലംഗ സംഘം പകല്‍ സമയം മുതല്‍ മദ്യപാനവുമായി പ്രദേശം കേന്ദ്രീകരിച്ച് തമ്പടിച്ചിരുന്നു. ഏതാനും സമയം കഴിഞ്ഞ് സുഹൃത്തുക്കളായ മറ്റ് രണ്ട് പേരും സ്ഥലത്ത് നിന്നും പോയി. ഇതിന് ശേഷം ബാലനും ജയനും ഒരുമിച്ച് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കത്തിക്കുത്ത് ഉണ്ടാകുകയുമായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബാലന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഉടന്‍ തന്നെ ഗ്രാമപഞ്ചായത്തംഗം പോള്‍ സെബാസ്റ്റിയന്‍ ഇടപെട്ട് ആംബുലന്‍സ് വിളിച്ച് വരുത്തി പരിക്കേറ്റ ബാലനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാലന്റെ നെഞ്ചിനും കഴുത്തിനും ഉള്‍പ്പെടെ നിരവധി കുത്തേറ്റിരുന്നു. സംഭവത്തിന് ശേഷം പ്രതിയായ ജയന്‍ ഇരുളിന്റെ മറവില്‍ സമീപത്തെ മലയുടെ മുകളിലേക്ക് രക്ഷപെട്ടു. വിവരമറിഞ്ഞെത്തിയ കാഞ്ഞാര്‍ പോലീസ് നാട്ടുകാരെ കൂട്ടി രാത്രി തന്നെ പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിരവധി കേസുകളിലെ പ്രതിയാണ് ജയനെന്ന് പോലീസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബാലന്റെ കാലില്‍ ജയന്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആഴ്ചകളോളം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരുന്ന ശേഷമാണ് ബാലന്‍ രക്ഷപെട്ടത്. ജയനെ കണ്ടത്തുന്നതിനായി   കോഴിപ്പിള്ളി, വലിയമാവ്, കുളമാവ് പ്രദേശങ്ങളിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തുള്‍പ്പെടെ പോലീസ് നായയെ എത്തിച്ചും പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കാഞ്ഞാര്‍ എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ ശാന്തകുമാരി. മക്കള്‍: ശാലിനി, അനന്ദു.



Follow us on :

More in Related News