Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി സ്വദേശിയായ ഒരു ദലിത് പെൺകുട്ടി പഠനകാലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങളും ദുഃഖങ്ങളും കണ്ണീരിൽ ചാലിച്ചെഴുതി:

24 Jul 2024 13:14 IST

santhosh sharma.v

Share News :

വൈക്കം : രജനി പാലാംപറമ്പിലിന്റെ ''ആ നെല്ലിമരം പുല്ലാണ്'' ഇനി എം.ജി സർവകലാശാലയിൽ പാഠപുസ്‌തകം. ബി.എ മലയാളം സിലബസിലാണ് ''ആ നെല്ലിമരം പുല്ലാ ണ്'' പഠനത്തിനായി ഉൾപ്പെടുത്തുന്നത്. കടുത്തുരുത്തി സ്വദേശിനി രജനിയുടെ ആത്മകഥയാണ്; ആദ്യ പുസ്‌തകവും. നെല്ലിമരം മലയാളിക്ക് സ്കൂ‌ൾ കാലഘട്ടത്തിലെ മധു രിക്കുന്ന ഓർമയാണെങ്കിൽ രജനിക്കത് ആഴത്തിലേറ്റ മുറിവാണ്.

2021 ലാണ് രജനിയുടെ ആത്മകഥ പുറത്തിറങ്ങിയത്. ഒരു ദലിത് പെൺകുട്ടി പഠന കാലത്ത് നേരിടേണ്ടി വന്ന അവഹേളനങ്ങളും ദുരിതങ്ങളുമാണ് ഈ പുസ്ത‌കം. കൂലിപ്പണിക്കാരായ മാതാപിതാക്കളു ടെ ആറു മക്കളിൽ ഇളയ ആളാണ് രജനി.ഡിജിറ്റൽ റീ സർവേയുടെ ഭാഗമായി ഇപ്പോൾ താൽക്കാലിക ജോലിയുണ്ട്. ഭർത്താവിന്റെ മരണ ശേഷമാണ് രജനി എഴുത്തു തുടങ്ങിയത്. തന്റെ പുസ്‌തകം സിലബസിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും ഇങ്ങനെയും ഒരു ജീവിതം ഉണ്ടായിരുന്നുവെന്ന് കൂട്ടികൾ അറിയട്ടെയെന്നും രജനി പറയുന്നു. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ കടുത്തുരുത്തി ഗവ.ഹൈസ്കൂളിലാണ് രജനി പഠിച്ചത്. നിറം കറുപ്പായതിനാൽ കറമ്പി എന്നാണു വിളിച്ചിരുന്നത്. ഉന്നത സമുദായത്തിലെ കുട്ടികൾക്കൊക്കെ സ്‌കൂളിൽ മികച്ച പരിഗണന കിട്ടിയിരുന്നു. മലയാളം നന്നായി പഠിക്കുന്നതു കൊണ്ട് മല യാളം അധ്യാപകർക്ക് നല്ല സ്നേഹമായിരുന്നുവെന്ന് രജനി ഓർമിക്കുന്നു. വീട് പാടത്തിന്റെ മധ്യത്തിൽ ഓല മേഞ്ഞതായിരുന്നു. വിഷപ്പാമ്പുകളും ഞണ്ടുകളുമുള്ള ചെളിയുടെ ചീഞ്ഞ മണം വമിക്കുന്ന വരമ്പത്തുകൂടി വേണം സ്കൂളിൽ പോകാൻ. ജൂൺ, ജൂലൈ മാസങ്ങളിൽ പാടത്ത് വെള്ളം പൊങ്ങും. പിന്നീടുള്ള യാത്ര അതിലും ദുഷ്‌കരമാകും. മഴക്കാലത്ത് വീടിനകത്ത് വെള്ളം കയറുമ്പോൾ ഇഴജന്തുക്കളും പാമ്പുകളും കയറി വരും. അച്ഛൻ കമുകു വെട്ടി തട്ട് ഉണ്ടാക്കും. ഞങ്ങൾ അതിന്റെ മുകളിൽ കയറി ഇരിക്കും. കുറച്ചു കഴിഞ്ഞു വെള്ളം ഇറങ്ങുമ്പോൾ വീട് മുഴുവനും ചെളി ആയിരിക്കും: തന്റെ ബാല്യകാലം രജനി പുസ്‌തകത്തിൽ വിവരിക്കുന്നത് ഇങ്ങനെ.

ചങ്ങനാശേരി എൻ.എസ്സ്.എസ്സ് കോളജിൽ ആയിരുന്നു ഡിഗ്രിക്കു പഠിച്ചത്. കോട്ടയം സി.എം.എസ് കോളജിൽ എം.എ സോഷ്യോളജിക്കു ചേർന്നു. ഒരു വർഷം പൂർത്തിയാകും മുൻപ് വിവാഹം കഴിഞ്ഞു. പഠനം അവിടെ അവസാനിപ്പിക്കേണ്ടി വന്നു. മകൾ ജനിച്ച് മൂന്നു വർഷം കഴിഞ്ഞപ്പോൾ ബി.എഡ് നേടി. കുറച്ചു കാലങ്ങൾ ക്ക് ശേഷം ഭർത്താവ് മരിച്ചു. പലയിടത്തും ജോലി ചെയ്തു. എസ്‌സി പ്രമോട്ടർ ആയും എംപ്ലോയ്മെന്റ് എക്സ്ചേ ഞ്ചിൽ വരുന്ന ഒഴിവുകളിലും മെഡിക്കൽ ഷോപ്പിൽ കാഷ്യർ ആയും അങ്ങനെ പല പല ജോലികൾ. രണ്ടു തവണ പിഎസ്‌സി പരീക്ഷ പാസായെങ്കിലും ലിസ്റ്റിൻ്റെ കാലാവധി കഴിഞ്ഞതിനാൽ സർക്കാർ ജോലി കിട്ടിയില്ല. ഇപ്പോൾ വയസ്സ് 46 ആയി. മകൾ അപർണ മോഹൻ എംഎസ്ഡബ്ല്യൂ പാസായി. മകൻ ആനന്ദ് മോഹൻ പ്ലസ്‌ടു കഴിഞ്ഞു. സംവരണമുള്ളവരും പട്ടിക ജാതിക്കാരും എല്ലാ അവകാശങ്ങളും തട്ടിയെടുക്കുന്നു എന്നു പറയുന്നവരുള്ള കേരളത്തിൽ ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും എനിക്കൊരു നല്ല ജോലി കിട്ടിയിട്ടില്ല എന്ന് വിഷമത്തോടെ രജനി പറയുന്നു. ആ നെല്ലിമരം പുല്ലാണ് എന്ന ആത്മകഥയ്ക്കു ശേഷം 'പെൺ കനൽ രേഖകൾ' എന്ന പുസ്‌തകം പുറത്തിറക്കിയിരുന്നു. ഇപ്പോൾ ചെറുകഥാ സമാഹാരത്തിന്റെ രചനയിലാണ് രജനി.


Follow us on :

More in Related News