Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലത്ത് യെല്ലോ അലര്‍ട്ട്.

22 May 2024 21:07 IST

R mohandas

Share News :

കൊല്ലം: കാലാവസ്ഥ വകുപ്പിന്റെ യെല്ലോ അലര്‍ട്ട് നിര്‍ദേശം ലഭിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് കൊല്ലം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു .മെയ് 25 വരെ ജില്ലയില്‍ യെല്ലോ അലര്‍ട്ട് ഉള്ളതിനാല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത തുടരും .കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതി മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിക്കും.


മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്.ഇതിനാല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണം.

മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം.താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ദേശാനുസരണം ക്യാമ്പുകളിലേക്ക് മാറണം.


ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.ആവശ്യമെങ്കില്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം.


സ്വകാര്യ - പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാമാണെന്ന് ഉറപ്പാക്കണം. അപകടാവസ്ഥയില്‍ ഉള്ള മരച്ചില്ലകള്‍ വെട്ടി ഒതുക്കണം.തീരപ്രദേശത്ത് കടലാക്രമണ സാധ്യതകണക്കിലെടുത്ത് അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.


മഴ സമയങ്ങളില്‍ ജലാശയങ്ങള്‍ക്ക് സമീപം പോകാനോ ഇറങ്ങുവാനോ പാടില്ല.വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ ഒഴിവാക്കണം.അറ്റകുറ്റ പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കുക.ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത് .


വൈദ്യതി ലൈനുകള്‍ പൊട്ടി വീണുള്ള അപകട സാധ്യത മുന്നില്‍കണ്ട് ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം.വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1056 എന്ന നമ്പറില്‍ അറിയിക്കണം .അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം എന്നും അറിയിച്ചു .


Follow us on :

More in Related News