Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മതിലുകൾ: ദയാപുരത്ത് ബഷീർ മ്യൂസിയം ഒരുങ്ങുന്നു.

02 Jul 2024 19:59 IST

UNNICHEKKU .M

Share News :

 


മുക്കം: വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമവാർഷികത്തിൽ 'മതിലുകൾ' എന്ന പേരിൽ ദയാപുരത്ത് ബഷീർ മ്യൂസിയം ഒരുങ്ങുന്നു. നിരൂപകനും അധ്യാപകനുമായ ഡോ. എംഎം ബഷീറിന്റെ ശേഖരത്തിലുള്ള ബഷീറിന്റെ കയ്യെഴുത്തുപ്രതികളും എഴുത്തുകളും ഉൾക്കൊള്ളുന്ന മ്യൂസിയം ജൂലൈ 20-ന് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ദയാപുരത്തിന്റെ സ്ഥാപക ഉപദേശകരിൽ ഒരാളായ വൈക്കം മുഹമ്മദ് ബഷീറിന്റെ ദയാപുരം സന്ദർശനം, ദയാപുരം അൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദ്യ ബ്രോഷർ എന്നിവയും ബഷീർ നൽകിയ എഴുത്തുകാരന്റെ കോപ്പിയും മ്യൂസിയത്തിൽ ഉണ്ടായിരിക്കും. ബഷീറിന്റെ ഓർമയിൽ ഒരുങ്ങുന്ന ആദ്യ മ്യൂസിയമാണിത്.  


ബാല്യകാലസഖി ആദ്യം ഇംഗ്ലീഷിൽ എഴുതിത്തുടങ്ങിയതിന്റെ ഏതാനും പേജുകൾ, ഭാർഗ്ഗവീനിലയത്തിന്റെ തിരക്കഥ, അനുരാഗത്തിന്റെ ദിനങ്ങൾ, ഭൂമിയുടെ അവകാശികൾ, പൂർത്തിയാക്കാത്ത "മുച്ചീട്ടുകളിക്കാരന്റെ മകളു"ടെ നാടകരൂപം എന്നീ പ്രമുഖകൃതികളുടെയും ഏതാനും ചെറുകഥകളുടെയും കയ്യെഴുത്തു പ്രതിയാണ് വൈക്കം മുഹമ്മദ് ബഷീർ ഡോ. എം എം ബഷീറിന് നൽകിയിരുന്നത്. അനുബന്ധമായി വായനാമുറിയുമുള്ള മ്യൂസിയത്തിന്റെ അനൗൺസ്‌മെന്റ് ബ്രോഷർ പ്രകാശനം ചെയ്തത് എം ടി വാസുദേവൻ നായരാണ്. 


ബഷീർ എന്ന സ്വാതന്ത്ര്യസമര സേനാനി, കേരളനവോത്ഥാനവും ബഷീറും, ബഷീർ എന്ന സാമുദായിക പരിഷ്കരണവാദി, ബഷീറിലെ ആത്മീയതയും ധാർമികതയും എന്നീ തലങ്ങളിൽ അവതരിപ്പിക്കാനാണ് ഡൽഹി സെയിന്റ് സ്റ്റീഫൻസ് കോളേജ് അധ്യാപകനായ എൻ പി ആഷ്‌ലി ക്യൂറേറ്റർ ആയ ഈ മ്യൂസിയം ശ്രമിക്കുന്നത്. മരങ്ങളും ചെടികളും കൂടി ഭാഗമാവുന്ന രീതിയിലാണ് രൂപവിധാനം സങ്കല്പിച്ചിരിക്കുന്നത്. ബാംഗളൂരിലെ ലിറ്റിൽ റിവർ ആർക്കിറ്റെക്സ്റ്റിലെ സീജോ സിറിയക് ആണ് മ്യൂസിയത്തിന്റെ കെട്ടിടവും ചുറ്റുപാടും രൂപകൽപന ചെയ്തത്. കെ.എൽ ലിയോണും സനം നാരായണനും ആണ് ആർട്ടിസ്റ്റിക് കൺസൾട്ടന്റുമാർ. 


(മതിലുകൾ- ദയാപുരം ബഷീർ മ്യൂസിയത്തിന്റെ ഡിസൈൻ)

Follow us on :

More in Related News