Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെണ്ടക്കാരുടെ നാടെന്ന കീര്‍ത്തി കേള്‍ക്കാന്‍ ഉദുമ കൊക്കാല്‍ നിവാസികള്‍ നടത്തിയ പരിശ്രമം ലക്ഷ്യം കണ്ടു.

03 Feb 2025 08:21 IST

enlight media

Share News :

ഉദുമ : മേളപ്പെരുക്കം ആസ്വദിക്കാന്‍ കാത്തിരുന്നവരുടെ മനംനിറച്ച് കൊക്കാലില്‍ നാട്ടുകാരുടെ ചെണ്ടമേളം അരങ്ങേറ്റം. ആണ്‍, പെണ്‍, പ്രായവ്യത്യാസമില്ലാതെ ചെണ്ട പഠിച്ച 85 പേരുടെ അരങ്ങേറ്റം കാണാന്‍ ഉദുമ കൊക്കാല്‍ ഷണ്‍മുഖ മഠത്തിലേക്ക് ശനിയാഴ്ച രാത്രി നിരവധിപേരെത്തി. 'ഒരു വീട്ടില്‍ ഒരു ചെണ്ടമേളക്കാരന്‍' എന്ന ലക്ഷ്യത്തോടെ ഉദുമ കൊക്കാല്‍ ഷണ്‍മുഖ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സൗജന്യമായിട്ടാണ് ചെണ്ടമേളം പഠിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10-നായിരുന്നു പരിശീലനത്തിന്റെ തുടക്കം. ഷണ്‍മുഖ മഠത്തിന്റെ തിരുമുറ്റമായിരുന്നു പരിശീലന വേദി. പത്ത് മാസത്തോളം നീണ്ട പഠനത്തിലൂടെ ഗണപതിക്കൈയ്യും തകിടയും തരികിടയും ചെമ്പടയും തൃപടയും മാത്രമല്ല പഞ്ചാരി നാലാം കാലും അഞ്ചാം കാലും സ്വായത്തമാക്കിയാണ് ഇവര്‍ കഴിഞ്ഞ ദിവസം രാത്രി കളരിയില്‍ വെച്ച് തന്നെ അരങ്ങേറ്റം നടത്തിയത്. ക്ലബ്ബിന്റെ പ്രവര്‍ത്തകന്‍ സി.വിശ്വനാഥനായിരുന്നു ഗുരു. നിഖില്‍ രാഘവന്‍, അഭിഷേക്, ശിവന്‍, അഭിലഷ്, നിധീഷ് തുടങ്ങിയവര്‍ സഹായികളായി. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, വരദരാജ മടയന്‍, കുഞ്ഞിക്കണ്ണന്‍ കാര്‍ന്നവര്‍, പി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചതോടെ അരങ്ങേറ്റച്ചടങ്ങുകള്‍ തുടങ്ങി. ക്ലബ് ഭാരവാഹികളായ മുരളീധരന്‍ കൊക്കാല്‍, സുനില്‍ കൊങ്ങിണിയാന്‍, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


Follow us on :

More in Related News