Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂര്‍ പൂരം : ഹെലികാം,ഡ്രോണ്‍ അനുവദിക്കില്ല

01 Apr 2024 18:34 IST

sajilraj

Share News :

തൃശൂര്‍ : തൃശൂര്‍ പൂരം നടത്തിപ്പില്‍ സുരക്ഷ, ക്രമസമാധാനപരിപാലനം എന്നിവ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം. പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തണം.ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയും വെടിക്കെട്ട് സാമഗ്രികളില്‍ നിരോധിത രാസവസ്തുക്കളും ഉപയോഗിക്കരുത്. വെടിക്കെട്ട് ലൈസന്‍സുള്ളവരില്‍ അനുഭവ പരിജ്ഞാനമുള്ളവരെ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. ക്രമസമാധാനപാലനത്തിന് അയല്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെ ആവശ്യത്തിന് പൊലീസിനെ വിന്യസിക്കും. പൂരദിവസങ്ങളിലെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പൂരപറമ്പില്‍ ഹെലികാം/ ഡ്രോണ്‍ അനുവദിക്കില്ല. പൊലീസ് കണ്‍ട്രോള്‍ റൂമും മിനി പൊലീസ് ഫെസിലിറ്റേഷന്‍ എയ്ഡ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കും. പൂരം ദിവസങ്ങള്‍ക്ക് മുന്‍കൂറായി തന്നെ നാട്ടാനപരിപാലന പ്രകാരം സമയബന്ധിതമായി ആനകളുടെ ഫിറ്റ്നസ് പരിശോധന നടത്തണം. പൂരപ്പറമ്പിലെ ക്ഷുദ്രജീവികളുടെ കൂടുകള്‍ കണ്ടെത്തി നീക്കം ചെയ്യണം. ജില്ലാ മൃഗസംരക്ഷണ വകുപ്പിനും വെറ്ററിനറി വിഭാഗത്തിനുമാണ് ചുമതല. കൃത്യമായ ആന പരിപാലന പദ്ധതി തയ്യാറാക്കാനും എലിഫെന്റ് സ്‌ക്വാഡ് രൂപീകരിക്കാനും നിര്‍ദേശം നല്‍കി.അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് തൃശൂര്‍ കോര്‍പറേഷന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. പൂരപറമ്പില്‍ അലഞ്ഞ് തിരിയുന്ന മൃഗങ്ങളെ മാറ്റി സംരക്ഷിക്കും. മാലിന്യ ശേഖരണത്തിന് അധിക ബിന്നുകള്‍ സ്ഥാപിക്കും. പൂരപറമ്പിലെ കുഴികളും സ്ലാബില്ലാത്ത കാനകളും അടച്ച് സുരക്ഷിതമാക്കും. വേനല്‍ കനക്കുന്ന പശ്ചാത്തലത്തില്‍ സൂര്യാഘാതം, നിര്‍ജ്ജലീകരണം, മറ്റ് അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആരോഗ്യ സംഘത്തെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നിയോഗിക്കും. അന്തരീക്ഷ താപനില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ചൂടില്‍ തളരുന്നവര്‍ക്കായി കൂടുതല്‍ ഫസിലിറ്റേഷന്‍ സെന്ററുകള്‍ സജ്ജമാക്കും. ആവശ്യമായ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ സജ്ജമാക്കും. ഭക്ഷണം വൃത്തിയുള്ള സാഹചര്യത്തിലാണോ തയ്യാറാക്കുന്നതെന്നും, മായം കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കും. തേക്കിന്‍കാട് മൈതാനിയിലെ ഫയര്‍ ഹൈഡ്രന്റ് പ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ ഫയര്‍ ഓഫീസര്‍ക്കും മണ്ണെണ്ണ, പെട്രോള്‍ പമ്പുകള്‍ കാലിയാക്കി അടച്ചിടുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി. പൂര്‍ണമായും ഹരിതച്ചട്ടം പാലിക്കും. ആവശ്യത്തിന് ഇ-ടോയ്ലറ്റുകള്‍ ഒരുക്കും. തൃശൂര്‍ പൂരം ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ വകുപ്പ് മേധാവികളും ദേവസ്വം അധികൃതരും യോഗത്തില്‍ പങ്കെടുത്തു.

Follow us on :

More in Related News