Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്ര പ്രസിദ്ധമായ ഓച്ചിറ കളി ജൂൺ 15 , 16 തീയതികളിൽ...

07 Jun 2024 07:49 IST

R mohandas

Share News :

കൊല്ലം: ചരിത്ര പ്രസിദ്ധമായ ഓച്ചിറ കളി ജൂൺ 15 , 16 തീയതികളിൽ...

കായംകുളം-വേണാട് രാജവംശങ്ങള്‍ തമ്മില്‍ നടന്ന യുദ്ധത്തിന്റെ ഓര്‍മ്മ പുതുക്കി ഓച്ചിറ പടനിലത്ത് നടക്കുന്ന ആഘോഷത്തിനായി പടനിലവും എട്ടു കണ്ടവും ഒരുങ്ങും.

ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതനിഷ്ഠയോടെയുള്ള കഠിനപരിശീലനമാണ് കളരികളില്‍ നടക്കുന്നത്. കുരുന്നുകള്‍ മുതല്‍ വയോധികര്‍ വരെ പടനിലത്തു നടക്കുന്ന അങ്കത്തില്‍ പങ്കാളികളാകും.


ഒരു നാടിന്റെ ഉത്സവായി ആഘോഷിക്കപ്പെടുന്ന 'ഓച്ചിറക്കളി' യഥാര്‍ത്ഥത്തില്‍ ഒരു ആയോധന കലാപ്രകടനമാണ്‌. പണ്ട്‌ രാജഭരണകാലത്ത്‌ സൈനിക പരിശീലനങ്ങളും യുദ്ധങ്ങളും അരങ്ങേറിയിരുന്നത്‌ വിശാലമായ മൈതാനങ്ങളിലായിരുന്നു. അവയെ പടനിലങ്ങളെന്നും വിളിച്ചിരുന്നു. അത്തരം ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുള്ള ഒരിടമാണ്‌ ഓച്ചിറപടനിലം എന്ന മൈതാനവും

വേണാട്ടു രാജാവും കായംകുളം രാജാവും തമ്മില്‍ യുദ്ധം നടന്നിട്ടുള്ളതും ഇവിടെ വെച്ചു തന്നെയായിരുന്നു. ഗതകാലത്തെ ഇത്തരം യുദ്ധങ്ങളുടെ വീരസ്‌മരണയുണര്‍ത്തുന്ന ഒരു ദേശീയോത്സവമാണ്‌ ഓച്ചിറക്കളി.


കൊല്ലം ജില്ലയില്‍ ഭരണിക്കാവ്‌, വള്ളിക്കുന്നം, പാലമേല്‍, പള്ളിക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലും പണ്ടു പടനിലങ്ങളായിരുന്ന മൈതാനങ്ങള്‍ ഉണ്ടെങ്കിലും ഓച്ചിറയില്‍ മാത്രമാണ്‌ ഇതുപോലൊരു ആഘോഷം നടക്കുന്നത്‌.

 എല്ലാ ജനവിഭാഗങ്ങളും ഓച്ചിറക്കളിയിൽ പങ്കെടുക്കുന്നുണ്ട്‌. പുരുഷന്മാര്‍ക്കു മാത്രമേ ഇതില്‍ പങ്കാളികളാകാന്‍ കഴിയൂ. ഓച്ചിറയുടെ ഇരു കരകളിലും പണ്ട്‌ കളരികളും പരിശീലനത്തിനായി അനേകം അഭ്യാസികളും എത്താറുണ്ടായിരുന്നു. ആശാന്മാരും ശിഷ്യന്മാരുമടങ്ങുന്ന പഴയകാല അഭ്യാസികളുടെ പിന്തുടര്‍ച്ചക്കാരും പുതുതലമുറക്കാരുമൊത്തു ചേര്‍ന്ന്‌ ഓച്ചിറക്കളി കൂടുതല്‍ ജനകീയമായിക്കഴിഞ്ഞു.


കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളില്‍ നിന്നുള്ള കളിസംഘങ്ങള്‍ സജീവമാവും

മിഥുനം 1, 2 തീയതികളിലാണ് പടനിലത്ത് ഓച്ചിറക്കളി അരങ്ങേറുന്നത്. അതിനു മുന്നോടിയായി അഭ്യാസികള്‍ കളരി ആശാന്മാര്‍ക്ക് ദക്ഷിണ നല്‍കി കളരിപൂജ നടത്തും . രാവിലെ പടനിലത്തേക്ക് പുറപ്പെടുന്ന പടയാളികള്‍ ക്ഷേത്രഭരണസമിതി ഓഫീസിനു മുന്നില്‍ അണിനിരക്കും. ഭരണസമിതി അംഗങ്ങളും ഭാരവാഹികളും ഇവരെ ആനയിച്ച് ആല്‍ത്തറകളും, ഒണ്ടിക്കാവും, എട്ടുകണ്ടവും വലംവച്ച് കളിക്കണ്ടത്തിന്റെ ഇരുവശത്തുമായി അണിനിരക്കും. തുടര്‍ന്ന് കരനാഥന്മാരും, ക്ഷേത്രഭാരവാഹികളും, കണ്ടത്തിന്റെ മധ്യത്തിലെത്തി കരപറഞ്ഞ് ഹസ്തദാനം ചെയ്യുന്നതോടെ പടയാളികള്‍ എട്ടുകണ്ടത്തിലേക്ക് എടുത്തു ചാടി പോരുവിളിച്ച് മടങ്ങും. രണ്ടാം ദിവസവും ചടങ്ങുകള്‍ ആവര്‍ത്തിച്ച് ഉച്ചയോടു കൂടി ഓച്ചിറ കളിയ്ക്ക് സമാപനമാകും. 


.

Follow us on :

More in Related News