Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2024 07:56 IST
Share News :
കൊല്ലം:കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലനേരിടാന്‍ സാധ്യതയുള്ള മഴക്കെടുതി ലഘൂകരിക്കാന്‍ സുശക്തമായ നടപടികളാണ് സ്വീകരിക്കുകയെന്ന് കൊല്ലം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്.
തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതോതിലാക്കും. അശാസ്ത്രീയമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയും. തോടുകളിലേയും ഓടകളിലേയും മാലിന്യം നീക്കം ചെയ്യും. ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ വെളളക്കെട്ടിനു ഇടായാക്കുന്നില്ലെന്ന് ഉറപ്പാക്കും.
സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, റോഡുകള്‍ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കും. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പ് വരുത്താന്‍ നിര്‍ദേശിച്ചു.
കിഴക്കന്‍ വനമേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുളളതിനാല്‍ ഗ്രാമപഞ്ചായത്ത്തലത്തില്‍ നടപടി സ്വീകരിക്കണം, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. പ്രവര്‍ത്തന രഹിതമായ ക്വാറികളില്‍ അപായസൂചന ബോര്‍ഡുകള്‍ വയ്ക്കണം.
കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ ബീച്ചുകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും, താലൂക്ക്-ജില്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകളുടെ ശേഖരം ഉറപ്പ് വരുത്തും.
വിദ്യാലയ പരിസരങ്ങളിലും, പൊതുഇടങ്ങളിലും അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങളും മരച്ചില്ലകളും മുറിച്ച് മാറ്റുന്നതിനുളള നടപടികളായി. തോടുകളില്‍ അടിഞ്ഞ് കൂടിയിട്ടുളള പോളകളും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി.
പ്രധാനപ്പെട്ട കവലകളിലും സ്‌കൂള്‍ പരിസരങ്ങളിലും ട്രാഫിക് നിയന്ത്രണത്തിനായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
പട്ടത്താനം വിമലഹ്യദയ ജി.എച്ച്.എസ്സ്.എസ്സി ലെ ദുരിതബാധിതരെ കൊല്ലം കോര്‍പ്പറേഷന്റെ അധീനതയില്‍ ഉളള വയോജന സംരക്ഷണ കേന്ദ്രമായ തറവാടിലേക്ക് മാറ്റുന്നതിനു കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ക്യാമ്പിലെ ശുചീകരണവും അണുനശീകരണ പ്രവര്‍ത്തനങ്ങളും കൂടിനിര്‍വഹിക്കണം. വിവിധ താലൂക്കുകളില്‍ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നടപടി സ്വീകരിക്കണം.
ജലജന്യരോഗങ്ങള്‍ക്കെതിരെ ഹോട്ടലുകളിലും തട്ട്കടകളിലും പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. ഹെല്‍ത്ത് സ്‌ക്വാഡ് ഇതുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. വാടി ഹാര്‍ബറില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയുന്നതിനു കൊല്ലം കോര്‍പ്പറേഷന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നടപടി സ്വീകരിക്കണം. പ്രദേശങ്ങളില്‍ കൊതുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊല്ലം കോര്‍പ്പറേഷന്‍ നടപടിയെടുക്കണം.
പൊലിസ്-അഗ്നിസുരക്ഷാ സേന അടിയന്തര സാഹചര്യം നേരിടാന്‍ സദാസജ്ജമായിരിക്കണം. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ചിട്ടുളള കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയുന്നതിനുളള നടപടികള്‍ ശുചിത്വമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനവും സംയുക്തമായി സ്വീകരിക്കണം എന്നും നിര്‍ദേശിച്ചു.
Follow us on :
More in Related News
Please select your location.