Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി സ്ഥാപനങ്ങളില്‍ നേരിട്ട് പരിശോധന നടത്തുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി

27 May 2024 17:52 IST

Jithu Vijay

Share News :

മലപ്പുറം : തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനായുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം (ഇന്റേണല്‍ കമ്മറ്റി) കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ സ്ഥാപനങ്ങളില്‍ നേരിട്ട് പരിശോധന നടത്തുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിങിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.


സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ അന്തസോടെയും ആത്മാഭിമാനത്തോടെയും ജോലി ചെയ്യാനുള്ള അന്തരീക്ഷമൊരുക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് 2013 ലെ പോഷ് ആക്ട്. ഈ ആക്ട് അനുസരിച്ചുള്ള ഇന്റേണല്‍ കമ്മറ്റി പല സ്ഥാപനങ്ങളിലും നിലവില്‍ വന്നിട്ടില്ലെന്നാണ് കമ്മിഷന് മുമ്പാകെ ലഭിക്കുന്ന പല പരാതികളും വ്യക്തമാക്കുന്നത്. സ്ത്രീകളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഇന്റേണല്‍ കമ്മറ്റി ഓരോ സ്ഥാപനങ്ങളിലുമുണ്ടാവണം. വനിതാ ജീവനക്കാരെ അധിക്ഷേപിക്കുകയും ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നതു സംബന്ധിച്ച പരാതികള്‍, സമൂഹത്തിന് മാതൃകയാകേണ്ട അധ്യാപക സമൂഹത്തില്‍ നിന്നു പോലും വര്‍ധിക്കുന്നു. കമ്മിഷന്‍ ഗൗരവത്തോടെയാണിത് കാണുന്നത്. അധ്യാപികമാര്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാല്‍ അവരുടെ ഇന്‍ക്രിമെന്റും ഗ്രേഡും ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ പ്രിന്‍സിപ്പല്‍മാര്‍ തടഞ്ഞുവയ്ക്കുന്ന തെറ്റായ പ്രവണതയും തിരുത്തപ്പെടേണ്ടതായിട്ടുണ്ട്.

വര്‍ഷങ്ങളായി ട്രാന്‍സ്ഫറിന് വിധേയമാകാതെ ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന സ്ഥാപന മേധാവികളില്‍ ചിലര്‍ അധ്യാപകരെ മാനസികമായി അധിക്ഷേപിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്ന് വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.


ശമ്പള വര്‍ധന അടക്കമുള്ള സാമ്പത്തിക അവകാശങ്ങള്‍ യാതൊരു കാരണവുമില്ലാതെ സ്ഥാപന മേധാവി തടഞ്ഞു വയ്ക്കുന്നുവെന്ന അധ്യാപികയുടെ പരാതി സിറ്റിങില്‍ പരിഗണിച്ചു. സ്ഥാപന മേധാവി നേരിട്ട് ഹാജരാവുന്നതിനായി ഈ പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. ജില്ലയിലെ ഒരു പ്രീ-പ്രൈമറി സ്‌കൂള്‍ മേധാവിക്കെതിരെ താത്കാലിക ജീവനക്കാരി നല്‍കിയ പരാതിയും പരിഗണനയ്ക്ക് എത്തി. കുട്ടിയുടെ പിതൃത്വം പിതാവ് സംശയിച്ചതിനെ തുടര്‍ന്നു മാനസികമായി തകര്‍ന്ന യുവതിക്ക് ആശ്വാസം പകരുന്ന നടപടിയും സിറ്റിങിലുണ്ടായി. വനിതാ കമ്മിഷന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതൃത്വം തെളിഞ്ഞു. കമ്മിഷന്റെ ഉത്തരവ് പ്രകാരം നടത്തിയ ഡിഎന്‍എ ടെസ്റ്റിന്റെ ഫലം അദാലത്തില്‍ ഹാജരാക്കി.


സിറ്റിങില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. എട്ടു പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. 28 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 48 പരാതികളാണ് പരിഗണിച്ചത്. ഗാര്‍ഹിക പീഡന പരാതി, സ്ത്രീധനം സംബന്ധിച്ച പരാതി തുടങ്ങിയവയാണ് പരിഗണനയ്ക്ക് എത്തിയവയില്‍ പ്രധാനപ്പെട്ടവ. സാമ്പത്തിക-വസ്തു തര്‍ക്കങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവയും പരിഗണനയ്‌ക്കെത്തി. അഭിഭാഷകരായ ബീന കരുവാത്ത്, പി. ഷീന, ഫാമിലി കൗണ്‍സിലര്‍ ശ്രുതി നാരായണന്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ശ്രുതി, രാജ്വേശ്വരി, ശരത്കുമാര്‍ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.

Follow us on :

More in Related News