Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമീപകാല ഇന്ത്യയുടെ ദുരവസ്ഥയിൽ സെക്യുലർ മനസ്സ് കാത്തുസൂക്ഷിക്കുന്നവർ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഏറ്റവും പ്രധാനിയായ രാഷ്ട്രീയ നേതാവായിരുന്നു സീതാറാം യെച്ചൂരി : പി.ടി എ റഹീം

12 Sep 2024 19:56 IST

Basheer Puthukkudi

Share News :

കുറച്ച് ദിവസങ്ങളായി അസുഖബാധിതനായ അദ്ദേഹത്തിൻ്റെ നില ഗുരുതരമാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അപ്പോഴൊക്കെ യെച്ചൂരി പൂർവ്വാധികം ഊർജ്ജസ്വലതയോടെ തിരിച്ചു വരട്ടെ എന്ന് ആശിക്കാത്തവരായി അധികപേർ ഉണ്ടാവുമെന്ന് തോന്നുന്നില്ല. 

സമീപകാല ഇന്ത്യയുടെ ദുരവസ്ഥയിൽ സെക്യുലർ മനസ്സ് കാത്തുസൂക്ഷിക്കുന്നവർ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഏറ്റവും പ്രധാനിയായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. 

രാജ്യത്തെ മൊത്തത്തിൽ എടുക്കുമ്പോൾ സിപിഐ(എം) അത്ര വലിയ ഒരു രാഷ്ട്രീയ പാർട്ടി അല്ലെങ്കിലും ആ പാർട്ടി ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾ ഇന്ത്യയുടെ ഭാഗധേയം നിർണയിക്കുന്നതിൽ മുഖ്യപങ്കാണ് വഹിച്ചുവരുന്നത്. ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെ നേതൃനിരയിലും സിപിഐ (എം)ന്റെ സെക്രട്ടറി എന്ന നിലയിലും യെച്ചൂരിയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഫാഷിസത്തെയും അതുയർത്തുന്ന വെല്ലുവിളികളെയും പ്രതിരോധിക്കുന്നതിൽ മുന്നണി പോരാളിയായി പ്രവർത്തിച്ചുവന്നത്. ആ ശബ്ദം നിലച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യം രാജ്യത്തിൻ്റെ നിലവിലുള്ള അവസ്ഥയിൽ വേദനിക്കുന്നവർക്ക് ഭയപ്പാടോടെയല്ലാതെ കേൾക്കാൻ കഴിയില്ല. 

സീതാറാം യെച്ചൂരി ഒരു വ്യക്തിയായിരുന്നില്ല. കൃത്യമായ നിലപാടുകളിലൂടെയും അളന്നുമുറിച്ച വാക്കുകളിലൂടെയും അടയാളപ്പെടുത്തപ്പെട്ട ഒരു പ്രസ്ഥാനമായിരുന്നു. അദ്ദേഹം ഉയർത്തിപ്പിടിച്ച ആശയവും അതുണ്ടാക്കിയ ചലനങ്ങളും എക്കാലവും നിലനിൽക്കും എന്നതിൽ ഒരു സംശയവുമില്ല. 

യെച്ചൂരിയുടെ നിര്യാണത്തിൽ സിപിഐ(എം) പാർട്ടിക്കും പൊതുസമൂഹത്തിനും ഉണ്ടായ നഷ്ടം വളരെ വലുതാണ്. 

പ്രിയ സഖാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. 


അഡ്വ. പി.ടി.എ റഹീം എംഎൽഎ

Follow us on :

More in Related News