Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷിഗല്ല - പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്

08 Jun 2024 15:47 IST

R mohandas

Share News :

കൊല്ലം: ഷിഗല്ല - പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്

പാലത്തറ, കലയ്ക്കോട് എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിൽ വരുന്ന, തൃക്കോവിൽവട്ടം, മയ്യനാട്, ആദിച്ചനല്ലൂർ പഞ്ചായത്തുകളുടെ കൊട്ടിയം പ്രദേശത്ത് ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊല്ലം ജില്ലാ സർവയ്‌ലൻസ് ഓഫീസർ ഡോ. വീണ സരോജി എച്ച്, കലയ്ക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അനൂപ് പി എസ് , ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. അഖിൽ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്ന ഭക്ഷണത്തിലൂടെയും മലിനമായ ജലത്തിന്റെ ഉപയോഗവും വഴിയാണ് രോഗം പിടിപെട്ടിരിക്കുന്നത് എന്ന് യോഗം വിലയിരുത്തി. 

 

കൊട്ടിയം പ്രദേശത്തുള്ള ബേക്കറികൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ രാത്രികാല പരിശോധന നടത്തുവാനും ആവശ്യമെങ്കിൽ കേരള പൊതുജന ആരോഗ്യ നിയമ പ്രകാരം ഉള്ള നടപടികൾ സ്വീകരിക്കാനും കലയ്ക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറെ യോഗം ചുമതലപ്പെടുത്തി.


 ഈ പ്രദേശത്തുള്ള തട്ടുകടകൾ, ബേക്കറി കൾ, ഫാസ്റ്റ് ഫുഡ് , ഹോട്ടലുകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുന്നേരം ആറ് മണി മുതൽ മിന്നൽ പരിശോധന നടത്തി. 35 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് കാർഡ് ഇല്ലാതെ ജോലി ചെയ്യുന്ന 38 പേരെ കണ്ടെത്തി. 

 ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 15 സ്ഥാപങ്ങൾ കണ്ടെത്തി 

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 13 സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നോട്ടീസ് നൽകി. 1 സ്ഥാപനത്തിൽ നിന്നും പിഴ ഈടാക്കി. 9 കടകളിൽ നിന്നും കുടിവെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. ഷിഗല്ല പരിശോധനയ്ക്കായി ഒരു സ്ഥാപനത്തിൽ നിന്നും ജലം ശേഖരിച്ചു.

പരിശോധനയിൽ ജില്ല ടെക്കനിക്കൽ അസിസ്റ്റന്റ് ജോസ്, പാലത്തറ ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ ഗോപൻ കലയ്ക്കോട് ചാത്തന്നൂർ ഫുഡ് സേഫ്റ്റി ഓഫീസർ ആതിര ,ഇരവിപുരം ഫുഡ് സേഫ്റ്റി ഓഫീസർ സംഗീത്, കലക്കോട് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സിനോജ്, ആദിച്ചനലൂർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുജാ റാണി , മയ്യനാട് ഹെൽത്ത്‌ ഇൻസ്‌പെക്ടർ നിഷോ , തൃക്കോവിൽവട്ടം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഉമേഷ്‌, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ശ്രീജു, നിഷ, സായൂജ്യ ആര്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. 


എന്താണ് ഷിഗല്ല? 


ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്.


മലിനമായ ജലം , കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക,രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.


 രോഗ ലക്ഷണങ്ങൾ


വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം.


രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും.


 മുൻകരുതലുകൾ 


പനി, രക്തം കലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.


 പ്രതിരോധ മാർഗങ്ങൾ


തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം.


ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകാം.

വ്യക്തിശുചിത്വം പാലിക്കുക.

തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.


രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.

പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.


ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.


ഭക്ഷണ പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ച ശല്യം ഒഴിവാക്കുക


ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം 


ഭക്ഷണം പാകം ചെയ്ത് പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക. 


വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായ രീതിയിൽ നിർമാർജ്ജനം ചെയ്യുക. 


പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.


രോഗ ലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കുടിക്കുക. യഥാസമയം ചികിത്സ തേടുക.

കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക യും വേണമെന്ന് ഡി. എം.ഒ അറിയിച്ചു

Follow us on :

More in Related News