Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ ലെവൽക്രോസുകളും മാറ്റി മേൽപ്പാലങ്ങൾ നിർമിക്കാൻ അനുമതി നൽകി റെയിൽവേ

02 Sep 2024 09:37 IST

R mohandas

Share News :


കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ ലെവൽക്രോസുകളും മാറ്റി മേൽപ്പാലങ്ങൾ നിർമിക്കാൻ അനുമതി നൽകി റെയിൽവേ.

എം.പി.യുടേയും എം.എ.ൽഎ. മാരുടെയും റെയിൽവേയുടെയും റെയിൽപ്പാല നിർമാണച്ചുമതലയുള്ള സംസ്ഥാന ഏജൻസിയുടെയും ഉന്നതതല യോഗത്തിലാണ് റെയിൽവേ വിവരമറിയിച്ചത്.

കുണ്ടറയിലെ പള്ളിമുക്ക്, ഇളമ്പള്ളൂർ, മുക്കട എന്നീ മേൽപ്പാലങ്ങളുടെ നിർമാണത്തെപ്പറ്റി യോഗം വിശദമായി ചർച്ച ചെയ്തു. കുണ്ടറ പള്ളിമുക്കിലെ മേൽപ്പാല നിർമാണത്തിന് സാങ്കേതികമായ തടസ്സമുണ്ടായിരുന്നത് സംസ്ഥാന ഗവൺമെൻറ് വിവിധ ഏജൻസികളെ നിർമാണച്ചുമതല ഏൽപ്പിച്ചതിനാലാണെന്ന് എം.പി.എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. പി.സി .വിഷ്ണുനാഥ് എം.എൽ.എ.യുടെ ഇടപെടലിൽ സംസ്ഥാന സർക്കാരിന്‍റെ ഉന്നതതലയോഗത്തിൽ ഏക ഏജൻസിയായി ആർ.ബി.ഡി.സി.കെ.യെ നിശ്ചയിച്ചു. പ്രദേശത്തെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് അനന്തരനടപടികൾ ത്വരിതപ്പെടുത്താനും ധാരണയായി.

റെയിൽവേ, ദേശീയപാത അതോറിറ്റി, ദേശീയപാത മന്ത്രാലയം, ആർബി.ഡി.സി.കെ., നാറ്റ്പാക് തുടങ്ങിയ ഏജൻസികൾ റെയിൽവേ ഗേറ്റുകളും അപ്രോച്ച് റോഡുകളും നേരിൽക്കണ്ട് സംയുക്ത പരിശോധന നടത്തും. റെയിൽവേയും സംസ്ഥാന സർക്കാർ ഏജൻസിയും നടപടികൾ ത്വരിതപ്പെടുത്തണമെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.കേരളപുരം, ചന്ദനത്തോപ്പ് റെയിൽവേ ഗേറ്റുകളിലും മേൽപ്പാലത്തിന് അനുമതിയായി. ഇരവിപുരം മേൽപ്പാലത്തിന്‍റെ റെയിൽവേയുടെഭാഗം നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. മൂന്നുമാസത്തിനുള്ളിൽ പൂർത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്. സംസ്ഥാന ഏജൻസിക്കാണ് അപ്രോച്ച് റോഡുകളുടെയും അനുബന്ധ പ്രവൃത്തികളുടെയും ചുമതല. അവയുടെ നിർമാണം പൂർത്തിയാക്കുന്നമുറയ്ക്ക് മേൽപ്പാലം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാകും.

കല്ലുംതാഴം, കൂട്ടിക്കട റെയിൽവേ മേൽപ്പാലങ്ങളുടെ ജി.എ.ഡി. (ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്) റെയിൽവേ അംഗീകരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലും അപ്രോച്ച് റോഡിന്‍റെ എസ്റ്റിമേറ്റും സമർപ്പിക്കുന്ന മുറയ്ക്ക് തുടർ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും.

പോളയത്തോട് റെയിൽവേ മേൽപ്പാലം റെയിൽവേയുടെ പ്രത്യേക പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ മുഴുവൻ ചെലവും റയിൽവേ നിർവഹിക്കും. സംസ്ഥാന ഏജൻസി ഭൂമി ഏറ്റെടുത്താൽ ടെൻഡർ നടപടികൾ ആരംഭിക്കാൻ കഴിയും.

ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പരവൂർ ഒല്ലാലിൽ ഭാരം കൂടിയ വാഹനങ്ങൾ കടന്നുപോകേണ്ട മേൽപ്പാലം ആർ.ഡി.എസ്.ഒ.യുടെ രൂപകല്പന പ്രകാരം സമർപ്പിക്കുന്നതിനുവേണ്ടി സംസ്ഥാന ഏജൻസിക്ക് നിർദേശം നൽകിയിട്ടുണ്ട്. മയ്യനാട് റെയിൽവേ മേൽപ്പാലത്തിന്‍റെ നിർമാണച്ചുമതല ആർ.ബി.ഡി.സി.കെ.ക്കാണ്. നിർമാണച്ചെലവ് പൂർണമായും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഇലക്ട്രിക്കൽ സിഗ്നൽ ടെലികമ്യൂണിക്കേഷൻ എസ്റ്റിമേറ്റ് അംഗീകരിക്കുന്ന നടപടി ഊർജിതപ്പെടുത്തണമെന്ന് എം.നൗഷാദ് എം.എൽ.എ. യോഗത്തിൽ ആവശ്യപ്പെട്ടു.

റെയിൽവേ ചീഫ് എൻജിനീയർ മുരാരിലാൽ, മധുര ഡിവിഷൻ എ.ഡി.ആർ.എം.എൽ.എൻ. റാവു, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ചന്ദ്രു പ്രകാശ്, എക്സിക്യുട്ടീവ് എൻജിനീയർ എസ്. ഷൺമുഖം, റോഡ് ഫണ്ട് ബോർഡ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ആർ.നിശ, പി.ഡബ്ല്യു.ഡി. റോഡ്സ് അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ ടി.രേഷ്മ, ആർബി.ഡി.സി.കെ. പ്രോജക്ട് എൻജിനീയർ മുഹമ്മദ് അൽത്താഫ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.


Follow us on :

More in Related News