Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണ്ഡലം നിറഞ്ഞ് രാഹുൽ ഗാന്ധിയുടെ പ്രചരണ പ്രവർത്തനം എങ്ങും സജീവം'

22 Apr 2024 20:16 IST

UNNICHEKKU .M

Share News :



മുക്കം: തെരഞ്ഞെടുപ്പിന് ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ വയനാട് ലോക്സഭ മണ്ഡലം നിറഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി. മണ്ഡലത്തിലെ ഓരോ വോട്ടറേയും നിരവധി തവണ നേരിൽ കണ്ട് രാഹുൽ ഗാന്ധിയുടെ വിജയം ഉറപ്പിക്കുന്നതിന് വിപുലവും വ്യത്യസ്തവുമായ പ്രചാരണ പരിപാടികളാണ് യു.ഡി.എഫ് നേതൃത്വം നടപ്പിലാക്കിയത്. 1324 ബൂത്തൂകളിലായി 14.21 ലക്ഷം വോട്ടർമാരാണ് വയനാട് ലോക്സഭ മണ്ഡലത്തിലുള്ളത്. പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണിപ്പോൾ. വിവിധ ജന വിഭാഗങ്ങളെ കേന്ദ്രീകരിച്ച് വ്യത്യസ്ത പ്രചാരണ പ്രവർത്തനങ്ങളാണ് അരങ്ങേറിയത്. മണ്ഡലത്തിലെ രണ്ട് കേന്ദ്രങ്ങളിലായി യുവ ന്യായ് സമ്മേളനം, നിയോജക മണ്ഡലം തലങ്ങളിൽ കർഷക സംഗമങ്ങൾ, പഞ്ചായത്ത് തലത്തിൽ വനിതാ സമ്മേളനങ്ങൾ, നിയോജക മണ്ഡലം ദളിത് കൂട്ടായ്മകൾ, പ്രധാന അങ്ങാടികൾ കേന്ദ്രീകരിച്ച് കലാജാഥകൾ, വികസന നേട്ടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡോക്യുമെൻ്ററി പ്രദർശനം, കന്നിവോട്ടർമാരെ കേന്ദ്രീകരിച്ച് 'യങ് ഇന്ത്യൻ ഫോർ ഇന്ത്യ', യുവജന സംഘടനകളുടെ നേതൃത്വത്തിൽ 'സ്ട്രീറ്റ് വിത്ത് രാഹുൽ' എന്നിവ നടന്നു. നിയോജക മണ്ഡലങ്ങളും പഞ്ചായത്തുകളും കേന്ദ്രീകരിച്ച് എം.എൽ.എമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പര്യടന ജാഥകളും യുവജന സംഘടനകളുടെ നേതൃത്വത്തിൽ വാഹന റാലികളും നടക്കുന്നുണ്ട്. മണ്ഡലത്തിലെ ഭൂരിഭാഗം ബൂത്തുകളിലും കുടുംബ സംഗമങ്ങൾ പൂർത്തിയായി. ഇനിയുള്ളവ ഉടൻ പൂർത്തിയാകും. ഓരോ ബൂത്തിലും സ്ക്വാഡുകളായി തിരിഞ്ഞ് പ്രവർത്തകർ വീടുകൾ കേന്ദ്രീകരിച്ച് രാഹുൽ ഗാന്ധിയുടെ സന്ദേശം എത്തിക്കുകയാണ്. മൂന്ന് തവണയാണ് ബൂത്തടിസ്ഥാനത്തിൽ വീടുകൾ കയറിയത്. തെരഞ്ഞെടുപ്പിന് മുൻപായി രണ്ടുതവണ കൂടി പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് വീടുകൾ കയറും. പതിവിൽ നിന്ന് വ്യത്യസ്തമായി വനിതാ സ്ക്വാഡും വിപുലമായ രീതിയിൽ വോട്ടഭ്യർഥിച്ച് ഗൃഹ സന്ദർശനം നടത്തുന്നുണ്ട്. 4,31,770 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ രാഹുൽ ഗാന്ധി വിജയിച്ചത്. 64.67 ശതമാനം വോട്ടായിരുന്നു രാഹുൽ ഗാന്ധിക്ക് ലഭിച്ചത്. വയനാട് മണ്ഡലത്തിൽ ഭൂരിപക്ഷം ഇത്തവണ അഞ്ച് ലക്ഷം കടക്കുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടവും വികസന നേട്ടങ്ങളിലുമൂന്നിയാണ് യു.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. രാഹുൽഗാന്ധി മണ്ഡലത്തിൽ പര്യടനം നടത്തിയപ്പോഴെല്ലാം വൻ വൻജന സന്നാഹമായിരുന്നു ഒഴുകിയെത്തിയിരുന്നത്. ഇന്ത്യ മുന്നണിക്ക് വേണ്ടി ജാർഖണ്ഡിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടർന്ന് രണ്ടാംഘട്ട പര്യടനം റദ്ദാക്കിയെങ്കിലും ദേശീയ, സംസ്ഥാന നേതാക്കളുടെ വൻപട തന്നെയാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനെത്തിയത്. കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, തെലുങ്കാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡൻസാരി അനസൂയ (സീതക്ക), കർണാടക ഊർജമന്ത്രി കെ.ജെ ജോർജ്, ദേശീയ നേതാവ് സച്ചിൻ പൈലറ്റ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻ്റ് ബി.എസ് ശ്രീനിവാസ്, മഹിള കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻ്റ് അൽക്ക ലാംബ, കെ.പി.സി.സി ആക്ടിങ് പ്രസിഡൻ്റ് എം.എം ഹസ്സൻ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ അനൂപ് ജേക്കബ്, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോൺ, കെ.പി.സി.സി വൈസ് പ്രസിഡൻ്റ് വി.ടി ബൽറാം, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, മാത്യു കുഴൽനാടൻ എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി, തമിഴ്നാട് സ്റ്റേറ്റ് പ്രസിഡൻ്റ് ഹസീന സെയ്ദ്, ഷിബു മീരാൻ തുടങ്ങി ദേശീയ, സംസ്ഥാന നേതാക്കളുടെ നീണ്ടനിരയാണ് മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയത്. കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെയും മണ്ഡലത്തിൽ പര്യടനം നടത്തും.

Follow us on :

More in Related News