Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2024 19:31 IST
Share News :
ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷന്റെ ഭാഗമായി പെരുവയലിൽ ആരംഭിച്ച കുന്നമംഗലം അഗ്രോ പ്രൊഡ്യൂസർ സൊസൈറ്റി ഉത്പാദന വിപണന കേന്ദ്രം പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന കൃഷി വകുപ്പിന്റെ കൃഷിയിടാധിഷ്ടിത ആസൂത്രണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി കർഷകരുടെ ഉൽപ്പന്ന സംഭരണം, മൂല്യവർധനം, പാക്കിംഗ്, ബ്രാൻഡിംഗ്, ലേബലിംഗ്, മാർക്കറ്റിംഗ്, സാങ്കേതിക സഹായം എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ കർഷകരുടെ വരുമാനത്തിൽ സുസ്ഥിരമായ വർദ്ധനവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ ആരംഭിച്ചിട്ടുള്ളത്.
കുന്നമംഗലം ബ്ലോക്കിലെ 8 പഞ്ചായത്തുകൾ, മുക്കം മുനിസിപ്പാലിറ്റി, കക്കോടി പഞ്ചായത്ത് എന്നിവയിലെ ഫാം പ്ലാൻ പദ്ധതിയിലെ 200 ഓളം കർഷകരുടെ ഒരു കൂട്ടായ്മയാണ് കുന്നമംഗലം എഫ്.പി.ഒ. 2023 ൽ രജിസ്റ്റർ ചെയ്യപ്പെട്ട ബ്ലോക്ക് തല എഫ്.പി.ഒ ആയ കുന്നമംഗലം അഗ്രികൾച്ചറൽ പ്രൊഡ്യൂസർ സൊസൈറ്റി നാളികേരം പ്രധാന വിളയായി തിരഞ്ഞെടുത്ത് രൂപീകരിച്ചിട്ടുള്ളതാണ്. ഇതോടൊപ്പം കർഷകരും കൃഷിക്കൂട്ടങ്ങളും ഉത്പാദിപ്പിക്കുന്ന സുഗന്ധവിളകൾ, പഴം, പച്ചക്കറി, ധാന്യങ്ങൾ, ചെറുധാന്യങ്ങൾ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെയും കാർഷിക അനുബന്ധ മേഖലയിലെ ഉൽപ്പന്നങ്ങളുടെയും സംഭരണവും വിപണനവും നടത്തുന്നു. ഇതിലൂടെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വിലയും മാർക്കറ്റും ഉറപ്പുവരുത്തുന്നു. ഇടനിലക്കാരില്ലാതെ ഉൽപാദനം മുതൽ വിപണനം വരെയുള്ള പ്രവർത്തനങ്ങൾ കർഷകർ തന്നെ നിയന്ത്രിച്ചുകൊണ്ടുള്ള ഒരു സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാർ മുഖേന ഈ പദ്ധതിക്ക് 10.4 ലക്ഷം രൂപയുടെ സബ്സിഡി അനുവദിച്ചിട്ടുണ്ട്.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുബിത തോട്ടഞ്ചേരി അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി വിപണന ഉദ്ഘാടനവും ആത്മ പ്രോജക്ട് ഡയറക്ടർ എസ് സ്വപ്ന പദ്ധതി വിശദീകരണവും ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ ലോഗോ പ്രകാശനവും നിർവഹിച്ചു. പെരുവയൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സുഹറ, വാർഡ് മെമ്പർ വിനോദ് കുമാർ എളവന, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രൂപ നാരായണൻ, ഡെപ്യൂട്ടി ഡയറക്ടർ ക്രഡിറ്റ് അജയ് അലക്സ്, പെരുവയൽ കൃഷി ഓഫീസർ പി ശ്രീജ, സന്തോഷ് പുത്തലത്ത്, രവികുമാർ പനോളി, സി.ടി സുകുമാരൻ, കെ മൂസ മൗലവി, അബിത പട്ടോത്ത്, എം സബീഷ്, പി.പി ബഷീർ എന്നിവർ സംസാരിച്ചു. കുന്നമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ എം.കെ ശ്രീവിദ്യ സ്വാഗതവും കുന്നമംഗലം എഫ്.പി.ഒ സെക്രട്ടറി ടി.ജെ സണ്ണി നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.