Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് തയ്യാറെടുപ്പ് തുടങ്ങി

19 May 2024 10:36 IST

R mohandas

Share News :

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായുള്ള വോട്ടെണ്ണലിന്റെ പ്രാഥമികതല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. സ്ഥാനാര്‍ഥികളുടേയും പ്രതിനിധികളുടേയും സാന്നിധ്യത്തില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് വിശദീകരിച്ചു. കൗണ്ടിംഗ് ഡ്യൂട്ടിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്റമൈസേഷനും അനുബന്ധമായി നടത്തി.

ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളിലേക്കും ഉള്ള കൗണ്ടിംഗ് ഉദ്യോഗസ്ഥരെയാണ് ഓഡര്‍ സോഫ്റ്റ്വെയര്‍ മുഖാന്തിരം നിയമിച്ചത്. ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കൗണ്ടിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുണ്ടോ എന്നു സോഫ്റ്റ്‌വെയറില്‍ അറിയാന്‍ സാധിക്കും. വോട്ടെണ്ണലിന്റെ തലേ ദിവസം (ജൂണ്‍ 3) നു നടക്കുന്ന രണ്ടാംഘട്ട റാന്റമൈസേഷനില്‍ ഏത് അസംബ്ലി സെഗ്മെന്റില്‍ ആണ് ഡ്യൂട്ടി എന്നും വോട്ടെണ്ണല്‍ ദിവസം പുലര്‍ച്ചെ നടത്തുന്ന റാന്റമൈസേഷനുശേഷം ടേബിള്‍തിരിച്ചുള്ള കൗണ്ടിംഗ് ഡ്യൂട്ടി വിവരങ്ങളും വ്യക്തമാകും.

ഇ.വി.എം. കൗണ്ടിങിനായി റിസര്‍വ് ഉള്‍പ്പടെ 974 ഉദ്യോഗസ്ഥരെ ആണ് നിയോഗിക്കുക. ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ടു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരാണ് ഒരു സംഘത്തില്‍. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി 30 ടേബിളുകള്‍ സജ്ജീകരിച്ചു. 42 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, 84കൗണ്ടിംഗ് അസിസ്റ്റന്റ്, 42 മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരെ നിയോഗിക്കും .

ഫോം 12 എ പ്രകാരം പോസ്റ്റല്‍ വോട്ട് ചെയ്ത 85 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ എന്നിവരുടേത് ഉള്‍പ്പടെ 8599 പോസ്റ്റല്‍ ബാലറ്റുകളാണ് ലഭിച്ചിട്ടുള്ളത്. ഫോം 12 (ഇതര ജില്ലകളില്‍ ജോലി ചെയ്യുന്ന കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ വോട്ട് ഉള്ള ഉദ്യോഗസ്ഥര്‍) വഴി 3449 പോസ്റ്റല്‍ ബാലറ്റുകളും ലഭിച്ചു. സൈനികര്‍ക്കായുള്ള ഇ.ടി.പി.ബി.എസ്. നല്‍കിയതില്‍ 1746 എണ്ണം ഇതുവരെ ലഭിച്ചു. ഇവ വോട്ടെണ്ണലിന്റെ തലേദിവസംവരെ സ്വീകരിക്കും എന്നും വ്യക്തമാക്കി .

കൗണ്ടിംഗ് സെന്ററായ സെയിന്റ് അലോഷ്യസ് സ്‌കൂളില്‍ കൗണ്ടിങിനായുള്ള പ്ലാനും ക്രമീകരണങ്ങളും പാലിക്കേണ്ട നിര്‍ദേശങ്ങള്‍, പ്രവര്‍ത്തനം എന്നിവയും ജില്ലാ കലക്ടര്‍ വിശദീകരിച്ചു. രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഡെപ്യുട്ടി കലക്ടര്‍മാരായ ജിയോ ടി. മനോജ്, കെ.പി. ദീപ്തി തുടങ്ങിയവര്‍ പങ്കെടുത്തു.


Follow us on :

More in Related News