Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലസ് വൺ സീറ്റ്; സർക്കാർ വഞ്ചന തുടരുന്നു - എസ്ഡിപിഐ

03 May 2024 22:47 IST

- Jithu Vijay

Share News :


മലപ്പുറം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ഈ വർഷവും താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും മതിയെന്ന മന്ത്രിസഭാ തീരുമാനം മലപ്പുറത്തെ ജനങ്ങളോടുള്ള തികഞ്ഞ വഞ്ചനയാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. 


വലിയ പ്രതിഷേധങ്ങൾ ഉയരുമ്പോൾ മാത്രം സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ ഇപ്പോൾ നേരത്തെ എടുത്തിരിക്കുന്നു എന്നുമാത്രമാണ് കഴിഞ്ഞ വർഷത്തേതിൽ നിന്നുള്ള വ്യത്യാസം. തെക്കൻ ജില്ലകളിൽ ഒരു ക്ലാസിൽ 40 കുട്ടികൾ പഠിക്കുമ്പോൾ മലപ്പുറത്ത് ഒരു ക്ലാസിലിരിക്കുന്നത് 65 കുട്ടികളാണ്. 


എല്ലാ വർഷത്തെയും പോലെ തട്ടിക്കൂട്ട് പരിപാടികൾ നടത്താൻ തന്നെയാണ് സർക്കാർ ഇത്തവണയും ശ്രമിക്കുന്നത്. മലപ്പുറത്തെ സീറ്റ് പ്രതിസന്ധി പൂർണാർത്ഥത്തിൽ പരിഹരിക്കാൻ സൗകര്യമില്ലെന്ന് പറയാതെ പറയുക കൂടിയാണ് സർക്കാർ ചെയ്യുന്നത്. ഇത് തികഞ്ഞ വഞ്ചനയാണ്..


വലിയ സമ്പത്തിക പ്രതിസന്ധിയാണ് സ്ഥിരമായി ബാച്ചുകളും സീറ്റുകളും അനുവദിക്കാൻ കാരണമായി സർക്കാർ പറയുന്നത്. എന്നാൽ സർക്കാരിന്റെ ദൂർത്തുകൾക്ക് ഒരു കുറവുമില്ലാതാനും. മുടന്തൻ ന്യായങ്ങൾ പറഞ്ഞു പഠിക്കാനുള്ള വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങളുടെ കടക്കൽ കത്തി വെക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.


സൗകര്യവുള്ള ഹൈസ്കൂളുകൾ അപ്ഗ്രേഡ് ചെയ്തും പുതിയ സ്ഥിര ബാച്ചുകൾ അനുവദിച്ചും മലപ്പുറത്തെ സീറ്റ് പ്രതിസന്ധിക്ക് പൂർണ്ണ പരിഹാരം കാണാൻ സർക്കാർ തയ്യാറാവണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Follow us on :

More in Related News