Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനാധിപത്യപരമായ സ്ക്കൂൾ തെരഞ്ഞടുപ്പിലൂടെയുള്ള പാർലിമെൻ്റ് സംവിധാനം വിദ്യാർത്ഥികളെ ഉത്തരവാദിത്വബോധമുള്ള പൗരന്മാരാക്കും- പ്രിൻസിപ്പാൾ ഡോ. സജീത്കുമാർ.

08 Aug 2024 20:55 IST

UNNICHEKKU .M

Share News :

കോഴിക്കോട് (മുക്കം): ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സ്കൂള്‍ പാർലിമെന്‍റെ് സംവിധാനം കുട്ടികളെ കേവലം വിദ്യാർത്ഥികളില്‍ നിന്ന് ഉത്തരവാദിത്വബോധമുള്ള ഉത്തമ പൗരന്മാരുടെ തലത്തിലേക്ക് ഉയർത്തുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജീത് കുമാർ അഭിപ്രായപ്പെട്ടു. ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാർത്ഥി പാർലിമെന്‍റിന്‍റെ സത്യപ്രതിജ്ഞാചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ കുട്ടിയും തങ്ങളുടെ സവിശേഷമായ കഴിവുകള്‍ സമൂഹനന്മയ്ക്കുവേണ്ടി കൂട്ടായി പ്രയോജനപ്പെടുത്തുന്നിടത്താണു നമ്മുടെ വിജയം. സ്വയം ശാക്തീകരണത്തിനൊപ്പം എക്യബോധവും ഉത്തരവാദിത്വനിർവഹണവും ഋജുവായ ആശയവിനിമയപ്രാപ്തിയും സ്വായത്തമാക്കാന്‍സ്കൂള്‍പാർലിമെന്‍റ് വിദ്യാർത്ഥികളെ സജ്ജരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദയാപുരം മരക്കാർ ഹാളില്‍ ചേർന്ന സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി വയനാട് പ്രകൃതിദുരന്തത്തില്‍പ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. 

തുടർന്ന് സ്കൂള്‍ പാർലിമെന്‍റെ് അംഗങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ പി. ജ്യോതി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്‍റ്, പ്രധാനമന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷനേതാവ് എന്നിവർക്കുപുറമേ പതിനൊന്നു വകുപ്പുമന്ത്രിമാരാണ് അധികാരമേറ്റത്. ദയാപുരം പാട്രണ്‍ സി.ടി അബ്ദുറഹിം ആമുഖപ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് സെക്രട്ടറി സി.ടി ആദില്‍, ഡെപ്യൂട്ടി ഡയറക്ടർ ടിജി വി ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ പ്രധാനമന്ത്രി പി.സി മുഹമ്മദ് സയ്ഫ് പ്രമേയം അവതരിപ്പിച്ചു. വിദ്യാർത്ഥിപ്രതിനിധികളായ ഇഷിത തപസ്സും കബീർ സ്വാഗതവും എം ഷിയാസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

രാജ്യത്തെ ജനാധിപത്യ പ്രക്രിയ വിദ്യാർത്ഥികള്‍ക്കു പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുപയോഗിച്ചാണ് സ്കൂള്‍ തെരഞ്ഞെടുപ്പ് നടന്നത്. നോമിനേഷനും ചിട്ടയാർന്ന പ്രചാരണങ്ങള്‍ക്കും മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടികള്‍ക്കും ശേഷം നടന്ന ആദ്യഘട്ടവോട്ടിംഗില്‍ 6 മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികള്‍ തങ്ങളുടെ പാർലിമെന്‍റ് പ്രതിനിധികളെ തെരഞ്ഞെടുത്തു. പാർലിമെന്‍റ് അംഗങ്ങള്‍ക്കായി നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലൂടെയാണ് പ്രസിഡന്‍റിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞടുത്തത്. 


 ചിത്രം: ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാർത്ഥി പാർലിമെന്‍റിന്‍റെ സത്യപ്രതിജ്ഞാചടങ്ങില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജീത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News