Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം റെയിൽവേ സ്റ്റേഷനു സമീപമുള്ള അലക്കുകുഴിയിൽ മൾട്ടിലെവൽ കാർ പാർക്കിങ് കേന്ദ്ര നിർമാണത്തിന് വീണ്ടും സാധ്യത

10 Jul 2024 13:56 IST

R mohandas

Share News :

കൊല്ലം: റെയിൽവേ സ്റ്റേഷനു സമീപമുള്ള അലക്കുകുഴിയിൽ മൾട്ടിലെവൽ കാർ പാർക്കിങ് കേന്ദ്ര നിർമാണത്തിന് വീണ്ടും സാധ്യത തെളിയുന്നു.

കോർപ്പറേഷനും കോളനിയിലെ താമസക്കാരുമായി സ്ഥലമൊഴിയുന്നതു സംബന്ധിച്ചുണ്ടായിരുന്ന കേസിൽ കോർപ്പറേഷന് അനുകൂലവിധി ഉണ്ടായതിനെത്തുടർന്നാണിത്. എത്രയുംവേഗം സ്ഥലം ഒഴിപ്പിച്ചുതരണമെന്നുകാട്ടി കളക്ടർ എൻ.ദേവിദാസന് കോർപ്പറേഷൻ കത്ത് നൽകിയിട്ടുണ്ട്.

നാലുവർഷംമുൻപാണ് അലക്കുകുഴി കോളനി ഒഴിപ്പിച്ച് 10.91 കോടി രൂപ ചെലവിൽ കാർ പാർക്കിങ് കോംപ്ലക്സ് നിർമിക്കാൻ കോർപ്പറേഷൻ പദ്ധതിയിട്ടത്. ഇതിനു മുന്നോടിയായി കോളനിയിൽനിന്ന് ഒഴിയാൻ തയ്യാറായ കുടുംബങ്ങൾക്ക് കോർപ്പറേഷൻ കാക്കത്തോപ്പിൽ പുതിയ വീടുകൾനിർമിച്ച് കൈമാറുകയും ചെയ്തു.

മൂന്ന് കുടുംബങ്ങൾ അവിടെനിന്ന് മാറാൻ തയ്യാറായിരുന്നില്ല. ഇവർ കോർപ്പറേഷനെതിരേ കോടതിയെ സമീപിക്കുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോൾ കോർപ്പറേഷന് അനുകൂലവിധിയുണ്ടായിട്ടുള്ളത്. കോളനിയിൽനിന്ന് ഒഴിഞ്ഞ കുടുംബങ്ങളുടെ വീടുകൾ ഇടിച്ചുമാറ്റുകയും പാർക്കിങ് കോംപ്ലക്സിനുള്ള മണ്ണുപരിശോധന തുടങ്ങുകയും ചെയ്തിരുന്നു.


കോളനിയിലെ കുടുംബങ്ങളെ അവിടെനിന്ന് ഒഴിപ്പിക്കാൻ കഴിയാത്തതിനാൽ ടെൻഡർ നടപടികൾ നീണ്ടുപോയി. 10.40 കോടി രൂപയാണ് കോംപ്ളക്സ് നിർമാണത്തിനായി ആദ്യം വകയിരുത്തിയിരുന്നത്. പിന്നീട് അടങ്കൽത്തുകയുടെ 4.9 ശതമാനം തുക അധികമായി നൽകാൻ തീരുമാനമെടുത്തശേഷമാണ് നടപടികൾ പൂർത്തിയാക്കിയത്. കോളനിയിൽ വീടുകൾ പൊളിച്ച ഭാഗത്ത് ഇപ്പോൾ കാട് വളർന്നു. ഇവിടേക്ക് മാലിന്യം വലിച്ചെറിയുന്നുമുണ്ട്.


224 കാറുകൾ നിർത്തിയിടാൻസൗകര്യം.

അനധികൃത പാർക്കിങ്മൂലം റെയിൽവേ സ്റ്റേഷനും പരിസരവും ഗതാഗതക്കുരുക്കിലാണിപ്പോൾ. കർബലവരെ റോഡിനിരുവശവും നൂറുകണക്കിനു വാഹനങ്ങളാണ് നിർത്തിയിടുന്നത്. ഏഴ് നിലകളിലുള്ള കോംപ്ലക്സ് യാഥാർഥ്യമായാൽ 224 കാറുകൾവരെ ഇവിടെ നിർത്തിയിടാനാകും. ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെയാണ് പാർക്കിങ്. കിറ്റ്‌കോയാണ് നിർമാണരൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.

Follow us on :

More in Related News