Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2025 08:53 IST
Share News :
പൊള്ളാച്ചി- വടുകപാളയത്ത് പ്രണയം നിരസിച്ച വിദ്യാർഥിനിയെ വീടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. പിന്നീട് പൊലീസിൽ കീഴടങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി, കണ്ണന്റെ മകൾ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീൺ കുമാറാണ് അറസ്റ്റിലായത്.
കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് അഷ്‌വിക. മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് വിദ്യാർഥിനി വീട്ടിൽ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതര പരുക്കേറ്റ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞ പ്രവീൺ കുമാർ വെസ്റ്റ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പെൺകുട്ടിയുടെ വീടിനു സമീപത്തായി 5 വർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. ഈ സമയത്ത് പ്രവീൺ പെൺകുട്ടിയുമായി പരിചയത്തിലായി. പിന്നീട് അണ്ണാ നഗറിലേക്കു താമസംമാറിയ പ്രവീൺ പെൺകുട്ടിയെ ഇടയ്ക്കിടെ ഫോണിൽവിളിച്ച് ശല്യപ്പെടുത്തിയിരുന്നുവത്രെ.
സംഭവത്തിന്റെ തലേദിവസം പെൺകുട്ടി സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതു പ്രവീൺ കാണാനിടയായി. ഇതേത്തുടർന്ന് പ്രകോപിതനായ ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. മൃതദേഹം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. എഎസ്പി സൃഷ്ടി സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തു പരിശോധന നടത്തി.
Follow us on :
Tags:
More in Related News
Please select your location.