Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിപ്പൂർ വിമാനത്താവള റോഡ് വികസനത്തിന് മുന്തിയ പരിഗണന നൽകും - മന്ത്രി മുഹമ്മദ് റിയാസ്

11 Sep 2024 18:57 IST

- Jithu Vijay

Share News :



കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള റോഡ് വീതികൂട്ടി ആധുനിക രീതിയിൽ വികസിപ്പിക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്ന് 61.55 കോടി ചെലവില്‍ ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയാക്കിയ കൊണ്ടോട്ടി- എടവണ്ണപ്പാറ- അരീക്കോട് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി.


 കരിപ്പൂർ വിമാനത്താവള ത്തിലേക്കുള്ള റോഡ് വികസനത്തിന് കിഫ്ബി യുമായും ദേശീയപാത അതോറിറ്റിയുമായും ബന്ധപ്പെട്ടു ധനസഹായം ലഭ്യമാക്കാൻ ശ്രമിക്കും. ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ഈ വിമാനത്താവളത്തിലേക്ക് രാജ്യാന്തര നിലവാരമുള്ള റോഡ് ആവശ്യമാണ്. റോഡ് വികസനത്തിനുള്ള ഇൻവെസ്റ്റിഗേഷൻ്റെ ആദ്യഘട്ടം ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നിർവഹിച്ചിട്ടുണ്ട്. രാമനാട്ടുകര മുതൽ എയർപോർട്ട് വരെയുള്ള ഭാഗമാണ് ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കിയത്. റോഡ് വികസനം യാഥാർത്ഥ്യമാക്കാൻ എല്ലാ ശ്രമങ്ങളും പൊതുമരാമത്ത് വകുപ്പ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ എടവണ്ണപ്പാറ - ഓട്ടുപാറ റോഡിൻ്റെ വികസനത്തിനും സാധ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു.


എടവണ്ണപ്പാറ അങ്ങാടി പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി. കൊണ്ടോട്ടി നഗരസഭാ ചെയര്‍പെഴ്സണ്‍ നിത ഷഹീര്‍ സി.എ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. റുഖിയ ഷംസു, ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എളങ്കയില്‍ മുംതാസ്, മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബുരാജ്, വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. റഫീഖ് അഫ്സൽ, അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട, മറ്റ് തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് ഡയറക്ടര്‍ അശോക് കുമാര്‍, നോര്‍ത്ത് സര്‍ക്കിള്‍ ടീം ലീഡര്‍ ദിപു എസ്., കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയ കെ.എ, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 


ജില്ലയിലെ കൊണ്ടോട്ടി, ഏറനാട് മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന കൊണ്ടോട്ടി - എടവണ്ണപ്പാറ - അരീക്കോട് റോഡിന് ആകെ 21 കിലോമീറ്റര്‍ നീളമുണ്ട്. 13.60 മീറ്റര്‍ വീതിയിലാണ് നവീകരണം. ഇതിനായി 287 പേരാണ് സൗജന്യമായി ഭൂമി വിട്ടുനൽകിയത്.

Follow us on :

More in Related News