Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'പ്രയാണം, ദി ജേർണി ഓഫ് ലൈഫ് ' - കെഫാഖിന്റെ ആദ്യ സുവനീർ പ്രകാശനം ചെയ്‌തു.

26 Apr 2024 06:23 IST

- ISMAYIL THENINGAL

Share News :


ദോഹ: ഖത്തറിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ കെഫാഖിന്റെ (KEFAQ) ആദ്യ സുവനീർ 'പ്രയാണം, ദി ജേർണി ഓഫ് ലൈഫ് ' പ്രകാശനം ചെയ്‌തു. ദോഹ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ കെഫാഖ് വാർഷിക ആഘോഷമായ ‘കിരണം 2024’ നോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ പ്രകാശനം വിശിഷ്ടാഥിതികളായ പ്രശസ്ത സിനിമ താരങ്ങൾ വിനു മോഹനും, വിദ്യ വിനു മോഹനും ചേർന്ന് നിർവഹിച്ചു. ആദ്യപ്രതി ചീഫ് എഡിറ്റര്‍ സിബി മാത്യുവില്‍ നിന്നും കൺവീനര്‍ ബിജു കെ. ഫിലിപ്പില്‍ നിന്നും വിശിഷ്ടാഥിതികള്‍ ഏറ്റുവാങ്ങി. ഖത്തര്‍ ഐ.സി.സി സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ.എസ്.സി സെക്രട്ടറി പ്രദീപ് പിള്ള, ജോസ് ഫിലിപ്പ്, വിഷ്ണു ഗോപാൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 


കൊട്ടാരങ്ങളുടെ കരയായ കൊട്ടാരക്കര, ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ ഒരുപിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച നാട്. ആ നാടിൻ്റെ ഉൾത്തുടിപ്പുമായി മണലാരണ്യത്തിൽ ചേക്കേറിയ മനസ്സു കളിലെ നൈർമല്യം അക്ഷരങ്ങളിലൂടെ അമൃതായി പൊഴിയുന്നു. കൊട്ടാരക്കരയുടെ ഈ മഹത്വം ലോകോത്തരമാണെന്ന സന്ദേശം നല്‍കുന്ന ഓര്‍മ്മച്ചെപ്പായി എന്നും ഈ സ്മരണിക നിലനില്‍ക്കുമെന്ന് ചീഫ് എഡിറ്റര്‍ സിബി മാത്യുവും, അസോസിയേറ്റ് എഡിറ്റർ അനിൽ സി. തോമസും കണ്‍വീനര്‍ ബിജു കെ. ഫിലിപ്പും ഓര്‍മ്മിപ്പിച്ചു.

മലയാളത്തിലെ പ്രശസ്തരായ ചില എഴുത്തുകാർ സുവനീറിന്റെ ഭാഗഭാക്കായി എന്നുള്ളത് ഏറെ സന്തോഷകരമാണ്. ഷീലാ ടോമി, സജി എബ്രഹാം, അനൂപ്‌ അന്നൂര്‍, സുജേഷ് ഹരി, പ്രൊഫ. എബ്രഹാം കരിക്കം, ജയദീപ് മേനോന്‍, പി.ടി ഫിറോസ്‌, അനില്‍കുമാര്‍ ബി, പി.ജി വര്‍ഗീസ്‌ മലമേല്‍, ദീപാ അറക്കല്‍, കാവ്യ സതീഷ്‌, പ്രൊഫ. ജോണ്‍ കുരാക്കാര്‍, മോളി ജോണ്‍, രാമങ്കരി രാധാകൃഷ്ണന്‍ എന്നിവരുടെ രചനകളും, കെഫാഖ് അംഗങ്ങളുടെ രചനകളും ചിത്രങ്ങളും സുവനീറിനെ മഹത്തരമാക്കുന്നു.


കൊട്ടാരക്കരയുടെ പ്രസിദ്ധി വാനോളം ഉയർത്തുന്ന സാമൂഹിക രാഷ്ട്രീയ കലാ കായിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്നവരെ ഉൾക്കൊള്ളിക്കുന്ന "100 കൊട്ടാരക്കരക്കാർ" എന്ന വിവരണം ഒരു അമൂല്യ നിധിയാണ്. കൊട്ടാരക്കരയിലും സമീപ പ്രദേശങ്ങളിലും ഉള്ള പ്രശസ്തരായ വ്യക്തികളുടെ ഹ്രസ്വ വിവരങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊട്ടാരക്കരയുടെ ഖ്യാതി ലോകത്തിന് മുന്നിലേക്ക് എത്തിച്ച ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായ ഈ ‘100 കൊട്ടാരക്കരക്കാരെ' അഭിമാനപൂര്‍വ്വം സ്മരിക്കാന്‍ ഇത് ഉപകരിക്കും. ലഭ്യമായ സ്രോതസുകള്‍ വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ ശേഖരിച്ച ഈ വിവരങ്ങൾ അപൂർണ്ണമാണ്. ഇനിയും ഒരുപാടു പ്രഗല്‍ഭരുടെ വിവരങ്ങൾ ഇതിൽ ഉള്‍പ്പെടാനുണ്ട്. പ്രയാണത്തിന്റെ വരും ലക്കങ്ങളില്‍ ഇത് ഉള്‍പ്പെടുത്തും. 

 ‘പ്രയാണം’ സുവനീറിന്റെ ഭാഗമായി ഖത്തറിലെ പ്രവാസികൾക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു. അർച്ചന അനൂപിന്റെ 'പ്രയാണം', ഷെരിഫ് അരിമ്പ്രയുടെ 'അസ്മ', ഷിബു വിശ്വനാഥന്റെ 'മടക്കം' എന്നീ കഥകൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. കൂടാതെ മികച്ച രചനകളായ പ്രഹ്ലാദ് കൊങ്ങാത്തിന്റെ 'കൈയെത്താ സ്വപ്നം', അമൽ ഫെർമിസിന്റെ 'ഇനിയെങ്കിലും പഠിക്കേണ്ട പാഠങ്ങൾ', നിയാസ് ടി.എം ന്റെ 'ബന്ധങ്ങൾ' എന്നിവ പ്രോത്സാഹന സമ്മാനങ്ങളും നേടി. തെരഞ്ഞെടുക്കപ്പെട്ട ആറു കഥകളും ‘പ്രയാണം’ സുവനീറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

വിധികർത്താക്കളായ ബഹുമാന്യരായ ബ്രില്ലി ബിന്നി, ശക്തി സുർജിത്, ഷൈൻ എസ്, ഷൈലജ ടീച്ചർ, കവിതാ രാജൻ, ഷൈജു ധമനി എന്നിവരെയും ചടങ്ങിൽ ആദരിച്ചു. 'പ്രയാണ'ത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു ഖത്തറിലെ പ്രവാസി എഴുത്തുകാർക്കായി നടത്തിയ ചെറുകഥ മത്സരം വൈശിഷ്ഠമായ വിരുന്ന് സഹൃദയർക്കു നൽകുന്നു.. ചുട്ടുപൊള്ളുന്ന ആലയില്‍ നിന്നുരുക്കിയെടുത്ത പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളോട് മല്ലിടുന്ന നിണമൊഴുക്കിയ മനുഷ്യന്‍റെ കഥകള്‍... ഈ രചനകളിലൂടെ ഈ “പ്രയാണം” ചരിത്ര താളുകളിൽ ഇടം പിടിക്കുമെന്നതിൽ ഒരു സന്ദേഹവും വേണ്ട എന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

ചീഫ് എഡിറ്റർ സിബി മാത്യു, അസോസിയേറ്റ് എഡിറ്റർ അനിൽ സി. തോമസ്, കൺവീനറായി പ്രവർത്തിച്ച പ്രസിഡന്റ് ബിജു കെ. ഫിലിപ്പ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, വൈസ് പ്രസിഡന്റ് ബിജു പി ജോൺ, ട്രഷറാർ അനിൽകുമാർ ആർ, ലേഡീസ് സെക്രട്ടറി ആൻസി രാജീവ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോജിൻ ജേക്കബ്, അനീഷ് തോമസ്, ജോബിൻ പണിക്കർ, ഷാജി കരിക്കം, ജലു അമ്പാടി, സുവനീർ കമ്മിറ്റി അംഗങ്ങളായ മിനി ബെന്നി, ലിജോ ടൈറ്റസ്, ജേക്കബ് ബാബു, റിഞ്ചു അലക്സ്, റെജി ലൂക്കോസ്, സജി ബേബി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

അടുത്ത മാസം കൊട്ടാരക്കരയില്‍ വച്ച് സുവനീറിന്റെ നാട്ടിലെ പ്രകാശനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Follow us on :

Tags:

More in Related News