Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിനയമില്ലങ്കിൽ എന്ത് പ്രസിദ്ധിയിലും പ്രസക്തിയില്ലെന്ന് - എം എൻ കാരശ്ശേരി

27 Jun 2024 15:23 IST

UNNICHEKKU .M

Share News :



മുക്കം: വിനയം ജീവിതത്തിൽ സുപ്രധാന ഭാഗമാണെന്ന് പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. എം.എൻ കാരശേരി അഭിപ്രായപെപട്ടു . കോഴിക്കോട് കക്കാട് ഗവ. എ ൽ.പി സ്‌കൂളിലെ പുസ്തക വണ്ടി ഉദ്ഘാടനം ചെയ്യുകയായിരുന്നു.അദ്ദേഹം.വിനയമില്ലാത്തവന് ജീവിതത്തിൽ എത്ര പ്രസിദ്ധിയുണ്ടായാലും കാര്യമില്ല . ഞാനും നിങ്ങളും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. ഇനി നമ്മൾ ഇല്ലാത്ത ഒരു കാലം വരാനിരിക്കുന്നു. ലോകത്ത് 800 കോടി മനുഷ്യരുണ്ട്. അതിൽ ഒരാളാണ് ഞാനും നിങ്ങളുമൊക്കെ. വിനയം ഇല്ലെങ്കിൽ എന്തു പ്രസിദ്ധിയിട്ടുണ്ടായിട്ടും കാര്യമില്ല. വിനയം ജീവിതത്തിന്റെ ഊന്നുവടിയാകണം. വാക്കുകൾ ശുദ്ധമാകണം. വായിലേക്ക് വരുന്നതിനേക്കാൾ ശുദ്ധി വേണ്ടത് വായിൽനിന്ന്വരുന്നതിനാണെന്ന് പറയാറുണ്ട്.ധാരാളംപുസ്തകങ്ങൾവായിക്കണം. അത്തരമൊരു പുസ്തക സംസ്‌കാരം സ്‌കൂളുകളിൽനിന്ന് വീടുകളിൽ എത്തണം. അമ്മമാർക്കതിൽ കൂടുതൽ ചെയ്യാനാകും. അവർ നന്നായി വായിക്കണം. സ്‌കൂളിലെ ലൈബ്രറി സംവിധാനം സ്‌കൂൾ കുട്ടികൾക്കു പുറമെ അവരുടെ അമ്മമാർക്കും അനധ്യാപകർക്കുമെല്ലാം ലഭ്യമാക്കണം. റഫറൻസ് പുസ്തകങ്ങൾ മാത്രം വീടുകളിലേക്ക് നൽകാതെ സ്‌കൂൾ ലൈബ്രറിയിൽനിന്നു തന്നെ വായിക്കുന്ന സംവിധാനം ഒരുക്കണം.


 സ്‌കൂളിൽ, പരീക്ഷയിൽ മാർക്ക് കിട്ടുന്നത് നല്ലതാണ്. എന്നാൽ, അതു മാത്രമല്ല പഠനം. വീട്ടിലും സമൂഹത്തിലും നല്ല മനുഷ്യനാവാൻ പഠനം സഹായിക്കണം. പാഠപുസ്തകങ്ങളിൽ ഉള്ളതിനേക്കാൾ കാര്യങ്ങൾ പുറത്തുണ്ടെന്ന് അറിയണം. നന്നായി പഠിക്കുന്നതോടൊപ്പം ചിത്രം വരയ്ക്കാനും സംഗീതം ആസ്വദിക്കാനും അഭിനയിക്കാനും വിവിധ കലകളെ പ്രോത്സാഹിപ്പിക്കാനുമെല്ലാം സാധിക്കണം. കുട്ടികളിലെ നാണവും ലജ്ജയും അവസാനിപ്പിച്ച് അവരെ പാടാനും പറയാനും ഇടപെടാനും ഇത്തരം യാത്രകൾ ഏറെ സഹായിക്കുമെന്നും കക്കാട് സ്‌കൂളിനും കുട്ടികൾക്കും സാധ്യമായ എല്ലാ സഹായങ്ങൾക്കും സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.


 അബു മാഷുടെ കാലത്ത് കക്കാടിലെ സ്‌കൂളിൽ നല്ല പൂന്തോട്ടമുണ്ടായിരുന്നു. അന്ന് ആ ചെടികൾ മുറിച്ച് ഞാനടക്കം പലരും വീടുകളിൽ കൊണ്ടുപോയിരുന്നു. എനിക്ക് കക്കാടുമായി വലിയ കടമുണ്ട്. എന്റെ കുട്ടിക്കാലത്ത് ഞാൻ വായിക്കാൻ കെ.പി.ആർ വായനശാലയിലേക്കായിരുന്നു വന്നിരുന്നത്. കാരശ്ശേരിയിൽനിന്ന് നടന്ന് അവിടെയുള്ള പുസ്തകങ്ങളെല്ലാം തേടിപ്പിടിച്ച് വായിക്കുമായിരുന്നു. ആ കടമാണിപ്പോൾ നിങ്ങളുടെ ലൈബ്രറി പുസ്തക സമാഹരണത്തിലൂടെ ഞാൻ വീട്ടുന്നതെന്നും അദ്ദേഹം ഉണർത്തി.


 കുട്ടികളുടെ വിവിധ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ആറാം ക്ലാസ് മുതൽ പ്രസിദ്ധീകരണങ്ങളിലേക്ക് എഴുതിത്തുടങ്ങിയ ഞാൻ ഇന്ന് 80 പുസ്തകങ്ങൾ രചിച്ചതായും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. എഴുത്തിന്റെ തുടക്കവും വിവിധ സാഹിത്യകാരന്മാരും മറ്റുമായുള്ള ബന്ധങ്ങളും ഇഷ്ടങ്ങളുമെല്ലാം അദ്ദേഹം തുറന്നു പറഞ്ഞു. 

 

 തെളിമലയാളം എന്ന മാഷെ ഒരു പുസ്തകത്തിന്റെ തലക്കെട്ട് പോലെ എല്ലാം കുട്ടികൾക്ക് മനസ്സിലാവുന്ന ലളിതമായ ഭാഷയിൽ അവരിലേക്ക് ഇറങ്ങിച്ചെന്ന് അദ്ദേഹം കാര്യങ്ങളെല്ലാം മനോഹരമായി അവതരിപ്പിച്ചു. കുട്ടികൾ ധാരാളം വായിക്കേണ്ടതിന്റെ പ്രാധാന്യം ഉണർത്തിയ അദ്ദേഹം, സംസ്‌കാരം കൊണ്ടും കലകൾകൊണ്ടും ചരിത്രം കൊണ്ടും പുതിയ കാലത്തെ അടയാളപ്പെടുത്താനും പ്രതിരോധിക്കാനും മുന്നിടാനും സാധിക്കണമെന്നും ഓർമിപ്പിച്ചു. വാക്കുകളുടെ വെടിപ്പും നർമത്തിന്റെ രസവും വിമർശത്തിന്റെ തീവ്രതയും മൂല്യനിഷ്ഠയുടെ പ്രാധാന്യവും വേദനയുടെ നനവും അവതരണത്തിന്റെ ഗാംഭീര്യവും വിഷയത്തിന്റെ ആഴവും പരപ്പും സ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും പശിമയുമെല്ലാം ആ ഇടപഴകലിൽ നിഴലിച്ചുനിന്നു. ഒപ്പം മക്കളുടെ പാട്ടും പ്രസംഗവും നിറഞ്ഞ കൈയടിയും മാഷുടെ തലോടലുമെല്ലാം നിറഞ്ഞുനിന്ന സുന്ദരമായ രണ്ടുമണിക്കൂറിലേറെയുള്ള സമയം പോയതറിഞ്ഞില്ല. നടൻ മമ്മൂട്ടിയുടെ മകൾ വരച്ച 'അമ്പാടി' വീട്ടിൽ തൂക്കിയിട്ട ഉമ്മയുടെ ചിത്രം മുതൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമയ്ക്കായി നട്ട മാങ്കോസ്റ്റിൻ തൊട്ട് എം.എൻ കാരശ്ശേരി എന്ന പേര് വന്നതിന്റെ പിന്നാമ്പുറം വരേയുള്ള സംശയങ്ങളും കുട്ടികൾ ചോദിച്ചറിഞ്ഞു.കുട്ടികൾക്കുള്ള മധുരവും ചായയുമെല്ലാം അദ്ദേഹം തന്നെ വിതരണംചെയ്തു. ചടങ്ങിൽ സ്‌കൂൾ ലൈബ്രറിയിലേക്കുള്ള നൂറു പുസ്തകങ്ങൾ അദ്ദേഹം പ്രധാനാധ്യാപിക ജാനീസ് ജോസഫ് ടീച്ചർക്ക് കൈമാറി. പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് സ്വാഗതവും സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി കെ ഫിറോസ് മാസ്റ്റർ നന്ദിയും പറഞ്ഞു.


 കാരശ്ശേരി മാഷുടെ പത്‌നി ഖദീജ, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ഷഹനാസ് ബീഗം, അധ്യാപകരായ ഷാക്കിർ പാലിയിൽ, അബ്ദുറഹീം നെല്ലിക്കാപറമ്പ്, സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് എടക്കണ്ടി അഹമ്മദ് കുട്ടി, ജോ. സെക്രട്ടറി പി സാദിഖലി മാസ്റ്റർ, മുഹമ്മദ് കക്കാട്, നൗഷാദ് വാഴയിൽ തുടങ്ങിയവർ സംബന്ധിച്ചു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവടുവയ്ക്കുന്ന സ്‌കൂൾ ലൈബ്രറിയിലേക്ക് ജനകീയമായാണ് പുസ്തകങ്ങൾ സമാഹരിക്കുന്നത്. വ്യക്തികളും വിവിധ സംഘടനാ കൂട്ടായ്മകളുമെല്ലാം പുസ്തകങ്ങൾ ഓഫർ ചെയ്തുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ വായനാശേഷി വളർത്തുന്നതിനായി പുതിയതോ പഴയതോ ആയ ഒരു പുസ്തകമെങ്കിലും നൽകി നാട്ടിലെ ഒരോ കുടുംബവും ഈ സംരംഭവുമായി സഹകരിപ്പിക്കുംവിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പുസ്തകം ഓഫർ ചെയ്തവരെ തേടി സ്‌കൂളിലെ കുട്ടികൾ കലാജാഥയായി സ്‌കൂൾ ബസിൽ നിശ്ചിത കേന്ദ്രങ്ങളിലെത്തി പുസ്തകം സ്വീകരിക്കുംവിധമാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

'കേരളത്തിലെ ഒരു സർക്കാർ, സ്വകാര്യ വിദ്യാലയത്തിലും ഇല്ലാത്തത്ര എൻഡോവ്‌മെന്റുകളാണ് വർഷം തോറും ഈ സർക്കാർ പള്ളിക്കൂടത്തിൽ നൽകുന്നത്. പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന അമ്പത് വിദ്യാർത്ഥികൾക്ക് ആയിരം രൂപ വീതം അരലക്ഷം രൂപയാണ് എല്ലാ വർഷവും സ്‌കൂൾ വാർഷികത്തിൽ വിതരണം ചെയ്യുന്നത്. ഇതിന് പുറമെ ശുചിത്വത്തിനുള്ള മികച്ച ക്ലാസിന് അയ്യായിരം രൂപയുടെ പഠനോപകരണങ്ങളും പ്രസ്തുത ക്ലാസിലെ മുഴുവൻ കുട്ടികൾക്കുമായി നൽകിവരുന്നു. മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് കണ്ടോളിപ്പാറയിൽ ഉയരുന്ന പുതിയ ഹൈടെക് കെട്ടിടത്തിന്റെ ആദ്യ ഘട്ട പ്രവൃത്തികൾ 80 ശതമാനവും പൂർത്തിയായെന്നും രണ്ടാംഘട്ടത്തിന്റെ ഫണ്ടിനുള്ള ഫയൽ വർക്കുകൾ അന്തിമ ഘട്ടത്തിലാണെന്നും സംഘാടകർ പ്രതികരിച്ചു. ചിത്രം: കക്കാട് ജി എൽ പി എസ് പുസ്തകവണ്ടി ഉദ്ഘാടനത്തിൽ നിന്ന്.

Follow us on :

More in Related News