Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2024 21:31 IST
Share News :
മലപ്പുറം : ഹജ്ജ് തീർത്ഥാടകർ തിങ്കളാഴ്ച മുതൽ കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ എത്തിത്തുടങ്ങും. മെയ് 20 മുതൽ ജൂൺ 9 വരെയാണ് കോഴിക്കോട് എംബാർക്കേഷനിലെ ഹജ് ക്യാമ്പ് .
തീർത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും യാത്രായാക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കങ്ങളും ഹജ്ജ് ക്യാമ്പിൽ പൂർത്തിയായി. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17883 പേരാണ് വിവിധ എംബാർക്കേഷൻ പോയിന്റുകൾ വഴി ഈ വർഷം യാത്രയാവുക. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നത്. ആകെ തീർത്ഥാടകരിൽ 7279 പേർ പുരുഷന്മാരും 10604 പേർ സ്ത്രീകളുമാണ്. കൂടാതെ രണ്ട് വയസിനു താഴെയുള്ള എട്ട് കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടും. കോഴിക്കോട് (കരിപ്പൂർ) എംബാർക്കേഷൻ വഴി 10430 പേരും കൊച്ചി വഴി 4273, കണ്ണൂർ വഴി 3135 പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുളള 37 പേർ ബാംഗ്ലൂർ, അഞ്ച് പേർ ചെന്നൈ, മൂന്ന് പേർ മുംബൈ എംബാർക്കേഷൻ പോയിന്റുകൾ വഴിയാണ് പുറപ്പെടുക. മൊത്തം തീർത്ഥാടകരിൽ 1250 പേർ 70 വയസ് കഴിഞ്ഞ റിസർവ്ഡ് കാറ്റഗറിയിൽ പെട്ടവരും 3582 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ നിന്നുളളവരും ശേഷിക്കുന്നവർ ജനറൽ വിഭാഗത്തിൽ പെട്ടവരുമാണ്. അവസാന വർഷം (2023) ൽ 11252 പേരാണ് സംസ്ഥാനത്ത് നിന്നും പുറപ്പെട്ടിരുന്നത്.
കോഴിക്കോട് നിന്നും മെയ് 21 ന് പുലർച്ചെ 12.05 ന് നാണ് ആദ്യ വിമാനം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 3011 നമ്പർ വിമാനത്തിൽ 166 പേർ പുറപ്പെടും. അതേ ദിവസം രാവിലെ 8 നും വൈകീട്ട് 3 നും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും. ആദ്യ വിമാനത്തിൽ പുറപ്പെടുന്ന തീർത്ഥാടകർ 20.5.2024 തിങ്കളാഴ്ച രാവിലെ 10 മണിക്കും രണ്ടാമത്തെ സംഘം ഉച്ചക്ക് 12 മണിക്കും മൂന്നാം സംഘം ഉച്ചക്ക് രണ്ട് മണിക്കും ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം. എയർപോർട്ടിലെ പില്ലർ നമ്പർ പതിമൂന്നിലാണ് തീർത്ഥാടകർ ആദ്യം എത്തേണ്ടത്. ഇവിടെ ലഗേജുകൾ കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റി പ്രത്യേകം ഒരുക്കിയ ബസിൽ തീർത്ഥാടകരെ ഹജ്ജ് ക്യാമ്പിലേക്ക് എത്തിക്കും. എയർപോർട്ടിൽ തീർത്ഥാടകരുടെ ലഗേജുകൾ കൈമാറുന്നതിനും മറ്റു സഹായങ്ങൾക്കുമായി പ്രത്യേക വോളണ്ടിയർമാരുടെ സേവനം ലഭ്യമാകും.
യാത്രയാക്കാനെത്തുന്നവർക്ക് ഹജ്ജ് ഹൗസിൽ വിശാലമായ പന്തൽ സൗകര്യവും ഉണ്ട്. തീർത്ഥാടരുടെ സുരക്ഷക്കും പരിസരത്തെ ഗതാഗത നിയന്ത്രണങ്ങൾക്കുമായി എയർപോർട്ടിലും ഹജ്ജ് ക്യാമ്പിലും പോലീസ് സേനയെയും പ്രത്യേകമായി വിന്യസിക്കും.
ക്യാമ്പിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും താമസം, ഭക്ഷണം, പ്രാഥമികാവശ്യം, പ്രാർത്ഥന എന്നിവക്കായി ഇരു കെട്ടിടങ്ങളിലും പ്രത്യേകമായ ഹാളുകൾ സൗകര്യപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർക്ക് യാത്രാരേഖകളും യാത്രാ നിർദ്ദേശങ്ങളും ക്യാമ്പിൽ വെച്ച് നൽകും. വിമാനം പുറപ്പെടുന്നതിന്റെ നാല് മണിക്കൂർ മുമ്പ് തീർത്ഥാടകരെ പ്രത്യേക ബസിൽ എയർപോർട്ടിൽ എത്തിക്കും. എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ കുടുതൽ കൗണ്ടറുകളും സജ്ജീകരിക്കുന്നുണ്ട്.
ഓരോ വിമാനത്തിലും യാത്രയാവേണ്ട തീർത്ഥാടകർ റിപ്പോർട്ട് ചെയ്യേണ്ട സമയ ക്രമം ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീർത്ഥാടകരെ ബന്ധപ്പെട്ട ഖാദിമുൽ ഹുജ്ജാജുമാർ ഫോൺ മുഖേന വിളിച്ചും വിവരം അറിയിക്കും.
തീർത്ഥാടകരുടെ സേവനത്തിനായി അനുഗമിക്കുന്ന വോളണ്ടിയർമാർ ഒരുക്കങ്ങൾക്കായി യാത്രയുടെ രണ്ട് ദിവസം മുന്നേ തന്നെ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 89 പേരാണ് ഇത്തവണ തീർത്ഥാടകരുടെ സേവനത്തിനായി യാത്രയിൽ അനുഗമിക്കുക. സംസ്ഥാന സർക്കാർ നടത്തിയ നിരന്ത ഇടപെടലുകളുടെ ഫലമായാണ് സേവനത്തിനായി കൂടുതൽ പേർക്ക് അവസരം ലഭിച്ചത്. 200 തീർത്ഥാടകർക്ക് ഒരാൾ എന്ന അനുപാതത്തിലാണ് ഇത്തവണ വോളണ്ടിയർമാരെ തെരഞ്ഞെടുത്തത്. വോളണ്ടിയർമാർക്കുള്ള പ്രത്യേക ട്രൈനിങ്ങ് കഴിഞ്ഞ ആഴ്ച ഹജ്ജ് ഹൗസിൽ നടത്തിയിരുന്നു. ആവശ്യാനുസരണം ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെ പ്രത്യേക മീറ്റിങ്ങുകളും ചേരുന്നുണ്ട്.
എയർ ഇന്ത്യാ എക്സ്പ്രസിന്റെ 166 പേർക്ക് സഞ്ചരിക്കാവുന്ന അമ്പത്തിയൊമ്പത് വിമാനങ്ങളാണ് കരിപ്പൂരിൽ നിന്നും ഇതുവരെ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കാത്തിരിപ്പ് പട്ടികയിൽ നിന്നും ഇതിനം അവസരം ലഭിച്ചവർക്കുള്ള അധിക വിമാനവും ജൂൺ 9 ന് മുമ്പുള്ള ഷെഡ്യൂളിൽ ഉൾപ്പെടുത്തും. ദിനേന മൂന്ന് വിമാനങ്ങളാണ് കോഴിക്കോട് നിന്നും സർവ്വീസ് നടത്തുക. ജൂൺ എട്ടിന് നാല് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ജുലൈ ഒന്ന് മുതൽ 22 വരെയുള്ള കാലയളവിൽ മദീന വഴിയാണ് കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ മടക്ക യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ പരിമിതമായ രൂപത്തിൽ ഹജ്ജ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച (20.05.2024) വൈകുന്നേരം നാല് മണിക്ക് ഹജ്ജ് ഹൗസിൽ നടക്കും.
ഹജ്ജ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച സംഘാടക സമിതിക്ക് കീഴിൽ വിവിധ സബ്കമ്മിറ്റികൾ മുഖേനയുള്ള ഒരുക്കങ്ങളും പൂർത്തിയായി. റിസപ്ഷൻ, രജിസ്ട്രേഷൻ, പ്രോഗ്രാം, അക്കമഡേഷൻ, ട്രാൻസ്പോർട്ട്, വോളണ്ടിയർ, ഹെൽത്ത്, സാനിറ്റേഷൻ, തസ്കിയത്ത് തുടങ്ങി പത്തോളം സബ് കമ്മിറ്റികൾക്ക് കീഴിലാണ് ക്യാമ്പിലെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്. ഹജ്ജ് കമ്മിറ്റി അംഗങ്ങൾ ചെയർമാന്മാരായ സമിതികളിൽ വിവിധ തുറകളിൽ നിന്നുള്ളവരാണ് മറ്റു ഭാരവാഹികൾ. തീർത്ഥാടകർ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യുന്നത് മുതൽ വിമാനം കയറുന്നത് വരെ വോളണ്ടിയർമാരുടെ മുഴു സമയ സേവനം ഉണ്ടാവും.
തീർത്ഥാടരുടെ അടിയന്തിര മെഡിക്കൽ ആവശ്യത്തിനായി വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ ഇരുപത്തിനാല് മണിക്കൂർ സേവനവും ക്യാമ്പിലുണ്ടാവും. അത്യാവശ്യ മരുന്നുകളും മറ്റും സംവിധാനങ്ങളും മെഡിക്കൽ ഉദ്യോഗസ്ഥരുടെ നേതൃത്തിൽ ക്യാമ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ നേരിടാനായി ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് സേവനവും സജ്ജീകരിക്കും.
പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് ഹജ്ജ് ക്യാമ്പ് പ്രവർത്തിക്കുക. ക്യാമ്പും പരിസരവും ശുചീകരിക്കുന്നതിനും ദൈനംദിന വേയ്സ്റ്റ് മാനേജ്മെന്റിനും പ്രത്യേക സംവിധാനം ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി മുൻസിപ്പാലിറ്റിക്ക് കീഴിലെ ഹരിത കർമ്മ സേനയുടെ പ്രത്യേക സേവനവും ക്യാമ്പിലുണ്ടാവും.
തീർത്ഥാടകരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ശരിപ്പെടുത്തൽ, കവർ നമ്പർ അടിസ്ഥാനമാക്കി തരം തിരിച്ച് വെക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതിനായി പ്രത്യേകം നിയോഗിച്ച സർക്കാറിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ദിവസങ്ങൾക്ക് മുന്നേ ക്യാമ്പിൽ ജോയിൻ ചെയ്തിരുന്നു.
കോഴിക്കോട് ക്രൈം ബ്രാഞ്ച് പോലീസ് സുപ്രണ്ട് കെ.കെ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ 41 ഉദ്യോഗസ്ഥരാണ് കരിപ്പൂരിൽ സേവനത്തിലുള്ളത്. മറ്റു എംബാർക്കേഷൻ പോയിന്റുകളിലേക്കുള്ള ഉദ്യോഗസ്ഥർ അടുത്ത ദിവസം അതത് കേന്ദ്രങ്ങളിൽ ചുമതലയേൽക്കും. ഹജ്ജ് സെൽ സ്പെഷ്യൽ ഓഫീസറായി നേരത്തെ ചുമതലയേറ്റ നൽകിയ യു. അബ്ദുൽ കരീം ആണ് സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും ഹജ്ജ് സെൽ പ്രവർത്തനങ്ങൽ ഏകോപിപ്പിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.