Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2024 11:11 IST
Share News :
തിരുവനന്തപുരം : മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട വ്യക്തിക്കെതിരെ എക്സൈസ് വകുപ്പ് കരുതല്‍ തടങ്കലിനായി ശുപാര്‍ശ ചെയ്ത കേസില്‍ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവായി. PIT NDPS നിയമപ്രകാരം സ്ഥിരം കുറ്റവാളിയും മയക്കുമരുന്ന് ഇടപാടുകാരനുമായ കാഞ്ഞിരപ്പള്ളി സ്വദേശി 25 വയസ്സുള്ള അഷ്‌കർ അഷറഫ് എന്നയാളെയാണ് ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കിയത്.
എക്സൈസ് വകുപ്പ് സംസ്ഥാനത്ത് ആദ്യമായാണ് മയക്കുമരുന്ന് കടത്തുകാരനെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം (PIT NDPS) കുറ്റം ചുമത്തി ജയിലിലടയ്ക്കുന്നത്. മയക്കുമരുന്നിന്റെ വിപണനം, ഉപയോഗം, ഉൽപ്പാദനം, കടത്തൽ, നിർമ്മാണം, വാങ്ങൽ, സൂക്ഷിക്കൽ, ഒളിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കേസിൽ ഉൾപ്പെടുന്ന പ്രതികളെ, വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കുവാൻ, കരുതൽ തടങ്കലിൽ വയ്ക്കുന്നതിന് PIT NDPS ആക്ടിൽ വ്യവസ്ഥയുണ്ട്.
03.09.2020 തീയ്യതി എറണാകുളം വൈറ്റില ചക്കരപ്പറമ്പിന് സമീപത്തുള്ള പുല്ലുപറമ്പ് ബൈ-ലെയ്ൻ റോഡിൽ വച്ച് ബൈക്കിൽ 1.117 കിലോ കഞ്ചാവ് കടത്തികൊണ്ടുവരവേ അഷ്‌കർ അഷ്‌റഫിനെയും കൂട്ടാളിയെയും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി വിചാരണ നേരിടുന്ന സമയത്ത്, 01.05.2023 ന് പാലായിൽ വച്ച് 76.93 ഗ്രാം മെത്താംഫിറ്റമിൻ, 0.1558 മില്ലീഗ്രാം (9 എണ്ണം) LSD STAMP എന്നിവ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് അഷറഫിനെതിരെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കേസ് രജിസ്റ്റര്‍ ചെയ്തു. എറണാകുളം സെഷൻസ് കോടതിയുടെ ജാമ്യവ്യവസ്ഥകൾ ലഘിച്ചാണ് പ്രതി വീണ്ടും സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്.
കുറ്റാരോപിതനായ അഷ്‌കർ അഷ്‌റഫ് വിദ്യാഭ്യാസ യോഗ്യതയുള്ള ആളാണെങ്കിലും LSD, മെത്താംഫിറ്റമിൻ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകൾക്ക് അടിമയാണ്. കോട്ടയം, എറണാകുളം ജില്ലകളിലും പരിസരങ്ങളിലുമായി മയക്കുമരുന്ന് കച്ചവടക്കാരുടെയും, ഇടപാടുകാരുടെയും വലിയ ശൃംഖലയാണ് ഇയാൾക്കുള്ളത്. ബാംഗ്ലൂരിൽ നിന്ന് ഇയാൾ അതീവ രഹസ്യമായി രാസലഹരികൾ കേരളത്തിലേക്ക് കടത്താറുണ്ടായിരുന്നു. ബാംഗ്ലൂരിൽ ഇയാൾക്ക് മയക്കുമരുന്ന് വില്പന നടത്തിയിരുന്നതെന്ന് സംശയിക്കുന്ന നൈജീരിയന്‍ യുവതി ഇതിനിടെ രാജ്യം വിട്ടതായി അറിയുന്നു. ഇക്കാര്യത്തില്‍ തുടരന്വേഷണം നടക്കുന്നുണ്ട്.
അഷ്‌കർ അഷ്‌റഫ് നിലവിൽ വിചാരണ നടപടികള്‍ക്ക് വിധേയനായി ജുഡീഷ്യൽ കസ്റ്റഡിയില്‍ കഴിഞ്ഞ് വരികയാണ്. കരുതല്‍ തടങ്കല്‍ നടപടിയിലൂടെ ഇയാൾ ഒരു വർഷത്തേയ്ക്ക് ജയില്‍ മോചിതനാവാനുള്ള സാധ്യത പൂര്‍ണ്ണമായും ഒഴിവായി. വിചാരണയിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തിയാൽ അത് പ്രകാരമുള്ള ശിക്ഷയും ഇതിന്റെ തുടർച്ചയായി ലഭിക്കും.
PIT NDPS ACTനിയമത്തിലെ സെക്ഷൻ 10 (1) പ്രകാരം കരുതൽ തടങ്കൽ നടപടികൾ ആരംഭിക്കുന്നതിനായി കോട്ടയം ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്റെ മേല്‍നോട്ടത്തിലാണ് ടീം രൂപീകരിച്ചത്. കേസന്വേഷണം നടത്തിയ കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ആര്‍. രാജേഷ്, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍ വികാസ്. എസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഞ്ചു പി. എസ്, സുജാത സി. ബി എന്നിവരടങ്ങിയ സ്‌പെഷ്യൽ ടീം തയ്യാറാക്കിയ റിപ്പോര്‍ട്ടിൻ മേലാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് വന്നിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.