Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം കീഴുപറമ്പിൽ 5.64 കോടി രൂപ ചെലവിൽ ജില്ലാ പഞ്ചായത്തിൻ്റെ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി

22 Jul 2024 18:16 IST

Jithu Vijay

Share News :

മലപ്പുറം : പൊതു സ്വകാര്യ പങ്കാളിത്തത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ കുനിയിൽ നടപ്പാക്കുന്ന കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി പ്രവർത്തന സജ്ജമായി. ഉൽപ്പാദന മേഖലയിൽ ഒരു തദ്ദേശ സ്ഥാപനം  സംസ്ഥാനത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ വികസന പദ്ധതിയാവും ആകെ 5.64 കോടി മുതൽ മുടക്കുള്ള കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി. കീഴുപറമ്പ് ആസ്ഥാനമായി രജിസ്റ്റർ ചെയ്ത കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഡെവലപ്മെൻ്റ് സൊസൈറ്റി രണ്ടരകോടിയിലധികം രൂപക്ക് വില കൊടുത്ത് വാങ്ങി വിട്ടു നൽകിയ സ്ഥലത്താണ് ജില്ലാ പഞ്ചായത്ത് മൂന്നര കോടി ചെലവഴിച്ച കമ്പനി യാഥാർത്ഥ്യമാക്കിയത്. ചാലിയാർ തീരത്തോട് ചേർന്ന് സ്ഥാപിച്ച പദ്ധതിയുടെ ഉദ്ഘാടനം അടുത്തമാസം നടത്തും.


കമ്പനിയുടെ പ്രവർത്തനങ്ങളും ഉത്പാദന പ്രക്രിയയും വിപണന സാധ്യതകളും വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ റഫീഖയുടെയും വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടത്തിന്റെയും നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത് പ്രതിനിധി സംഘം ഇവിടെ സന്ദർശനം നടത്തി. കമ്പനിയിൽ നിന്ന് ആദ്യഘട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന കേരവന ബ്രാൻഡഡ് വെളിച്ചെണ്ണക്ക് പുറമേ മറ്റു മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിനെ കുറിച്ചും പരമാവധി വിപണന സാധ്യതകൾ കണ്ടെത്തുന്നതിനെ കുറിച്ചും അവലോകന യോഗം ചർച്ച ചെയ്തു. വിപണന ലാഭത്തിൽ നിന്ന് ഒരു വിഹിതം ജില്ലാ പഞ്ചായത്തിന് ലഭിക്കുമെന്നതിനാൽ ജില്ലാ പഞ്ചായത്തിന്റെ തനതു വരുമാനം വർദ്ധിപ്പിക്കാനും 30 ഓളം പേർക്ക് തൊഴിലവസരം ഉറപ്പാക്കാനും പദ്ധതി വഴി സാധിക്കും.


കോക്കനട്ട് പ്രോസസിംഗ് യൂണിറ്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന കേരവന വെളിച്ചെണ്ണ വിപണനം ഉടൻ ആരംഭിക്കും. കേര കർഷകരില്‍ നിന്നും ഇടനിലക്കാരില്ലാതെ ഗുണമേന്മയുള്ള തേങ്ങ സംഭരിക്കുകയും കൃത്യമായ സമയത്ത് പ്രൊസസ്സ് ചെയ്യുകയും ചെയ്യുന്നതാണ് നിലവിലെ പ്രവർത്തന രീതി. സള്‍ഫർ പോലുള്ള മാരക രാസ വസ്തുക്കള്‍ ഉപയോഗിച്ചുള്ള കൊപ്ര സംരംഭരണവും അതുപയോഗിച്ചുളള വെളിച്ചെണ്ണ ഉല്പാദനവും വ്യാപകമായ ഇക്കാലത്ത് ശുദ്ധമായ വെളിച്ചെണ്ണ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക എന്നതാണ് ജില്ലാ പഞ്ചായത്തിന്റെ കേരവന വെളിച്ചെണ്ണയുടെ മുഖമുദ്ര. കാർഷിക മേഖലയില്‍ മൂല്യവർദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിലൂടെ തകർച്ച നേരിടുന്ന കേരകർഷകരുടെ ഉന്നമനവും അതോടൊപ്പം പൊതുജനത്തിന് കുറഞ്ഞ നിരക്കില്‍ മായംചേർക്കാത്ത വെളിച്ചെണ്ണ ലഭ്യമാക്കുകയുമാണ് പദ്ധതികൊണ്ട് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.


ആകെ 5,64,38,000 രൂപ ചെലവ് പ്രതീക്ഷിച്ച് ആരംഭിച്ച പദ്ധതിയില്‍ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഡെവലപ്മെൻറ് സൊസൈറ്റി ജില്ലാ പഞ്ചായത്തിന് സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയില്‍ ജില്ലാ പഞ്ചായത്ത് കെട്ടിടം നിർമ്മിക്കുകയും പ്രതിദിനം 8 ടണ്‍ വരെ പ്രൊസസ്സ് ചെയ്യാവുന്ന രണ്ട് ഡ്രൈയർ അടക്കമുള്ള മെഷിനറികള്‍ സ്ഥാപിക്കുകയും ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. 30 തൊഴിലാളികള്‍ക്ക് നേരിട്ട് ജോലി നല്‍കുന്ന പദ്ധതിയില്‍ ജില്ലയില്‍ നിന്നുള്ള ആയിരക്കണക്കിന് കേര കർഷകർക്കും തൊഴിലാളികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.


ജില്ലാ പഞ്ചായത്ത് 2017-18 സാമ്പത്തിക വർഷത്തില്‍ തുടക്കമിട്ട പദ്ധതിയിലൂടെ കെട്ടിട നിർമ്മാണം, ഇലക്ട്രിഫിക്കേഷന്‍ മറ്റ് സൗകര്യങ്ങള്‍ക്കായും മെഷിനറി സ്ഥാപിക്കുന്നതിനുമായി രണ്ടര കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗവും ജില്ലാ വ്യവസായ കേന്ദ്രവും മേല്‍നേട്ടം വഹിക്കുകയും പദ്ധതിയുടെ പൂർത്തീകരണത്തിനായി പ്രവർത്തിക്കുകയും ചെയ്തു.


കേരവന വെളിച്ചെണ്ണ ഒരു ലിറ്റർ മുതല്‍ 15 ലിറ്റർ വരെയുള്ള പാക്കിംഗില്‍ ലഭ്യമാണ്. പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്കുള്ള ഹോസ്റ്റലുകളിലേക്കും പട്ടിക വർഗ്ഗ ഉന്നതികളിലേക്കുമായി നിലമ്പൂർ ഐ.ടി.സി.പി മുഖേന 3500 ലിറ്റർ വീതം വെളിച്ചെണ്ണക്ക് ഇപ്പോള്‍ തന്നെ ഓർഡർ ലഭ്യമായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഒത്ത് ചേർന്നും സർക്കാർ സർക്കാറിതര എൻ ജി ഒ കളുമായി സഹകരിച്ചും കേരവന വെളിച്ചെണ്ണ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് നടപടി ആരംഭിച്ചിട്ടുണ്ട്.  


അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നസീബ അസീസ്, സറീന ഹസീബ്, അംഗങ്ങളായ ശ്രീദേവി പ്രാക്കുന്ന്, പി വി മനാഫ് ,ടി.പി. ഹാരിസ്, സമീറ പുളിക്കൽ, പി.കെ.സി. അബ്ദുറഹ്മാൻ, സെക്രട്ടറി എസ്. ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ എം.സി., വാർഡ് മെമ്പർ തസ്‌ലീന, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, ജില്ലാ വ്യവസായ കേന്ദ്രം സെപ്യൂട്ടി മാനേജർ ശ്രീരാജ് മുള്ളത്ത്, കേരവന കോ ഓപ്പറേറ്റീവ് സൊസൈറ്റി എം.ഡി. പ്രൊഫ. കെ.എ. നാസർ, മറ്റ് ഡയറക്ടർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News