Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മമ്പുറം ആണ്ടുനേർച്ചയ്ക്ക് ഭക്തിസാന്ദ്രമായ തുടക്കം

08 Jul 2024 20:00 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ഖുഥ്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല അൽഹുസൈനി തങ്ങളുടെ 186-ാമത് ആണ്ടുനേർച്ചയ്ക്ക് ഭക്തിസാന്ദ്രമായ തുടക്കം. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ കൊടി ഉയർത്തിയതോടെയാണ് ആണ്ടുനേർച്ചക്ക് ഔദ്യോഗിക തുടക്കമായത്. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് പ്രാർഥനക്ക് നേതൃത്വം നൽകി. മഖാമിൽ നടന്ന കൂട്ടസിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.

മലബാറിലെ മത-സാമൂഹിക മേഖലയിൽ നിർണ്ണായക പങ്കുവഹിച്ച മമ്പുറം തങ്ങളുടെ ആത്മീയ സാമീപ്യം തേടി ജാതി-മത ഭേദമന്യേ പതിനായിരങ്ങൾ ഇനിയൊരാഴ്ചക്കാലം മമ്പുറത്തേക്കൊഴുകും.


സി. എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, കെ.എം സൈദലവി ഹാജി പുലിക്കോട്, യു. ശാഫി ഹാജി ചെമ്മാട്, ആർ.വി കുട്ടിഹസ്സൻ ദാരിമി, ഹംസ ഹാജി മൂന്നിയൂർ, സി.കെ മുഹമ്മദ് ഹാജി വെളിമുക്ക്, സയ്യിദ് അഹ്മദ് ജിഫ്രി കക്കാട്, പി.കെ മുഹമ്മദ് ഹാജി വെളിമുക്ക്, കോയക്കുട്ടി തങ്ങൾ മമ്പുറം, ഹാശിഫ് ഹുദവി മമ്പുറം, പി.കെ ഇബ്രാഹിം ഹാജി, പി.ടി അഹ്മദ് തുടങ്ങിയവർ പങ്കെടുത്തു. രാത്രി നടന്ന മജ്‌ലിസുന്നൂർ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. സയ്യിദ് ഫഖ്റുദ്ദീൻ ഹസനി കണ്ണന്തളി ആമുഖഭാഷണം നിർവഹിച്ചു.



ഇന്ന് മുതൽ വെള്ളിയാഴ്ച വരെ മതപ്രഭാഷണങ്ങൾ നടക്കും. രാത്രി ഏഴരക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പരമ്പര ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. നാളെ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും അൻവറലി ഹുദവി പുളിയക്കോട് പ്രഭാഷണവും നിർവഹിക്കും. 10 ന് ബുധൻ രാത്രി സയ്യിദ് മുഈനലി ശിഹാബ് തങ്ങളും 12 ന് വെള്ളിയാഴ്ച രാത്രി സയ്യിദ് ബശീറലി ശിഹാബ് തങ്ങളും മതപ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്യും. അഹ്മദ് കബീർ ബാഖവി കാഞ്ഞാർ, അബ്ദുസ്സമദ് പൂക്കോട്ടൂർ തുടങ്ങിയവർ പ്രസംഗിക്കും.


11 ന് വ്യാഴാഴ്ച രാത്രി മഖാമിൽ നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ നേതൃത്വം നൽകും.  

മമ്പുറം തങ്ങളുടെ മതസൗഹാർദ്ദ സന്ദേശങ്ങൾ ദേശവ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ 13 ന് ശനിയാഴ്ച രാവിലെ “മമ്പുറം തങ്ങളുടെ ലോകം” ചരിത്ര  സെമിനാര്‍ നടക്കും. ഡോ. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാവും.


 'മലബാറിലെ തങ്ങള്‍ പാരമ്പര്യവും സാമൂഹ്യനീതിക്കായുള്ള മുന്നേറ്റങ്ങളും' എന്ന വിഷയത്തിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ.എസ് മാധവന്‍ മുഖ്യപ്രഭാഷണം നടത്തും. 'മമ്പുറം തങ്ങളും മലബാറിലെ സമൂഹ നിർമിതിയും' വിഷയത്തിൽ ഡോ. മോയിന്‍ ഹുദവി മലയമ്മ, 'നാട്ടുകഥകളും തിരുശേഷിപ്പുകളും; മമ്പുറം തങ്ങളുടെ പിൽക്കാല ജീവിതം' വിഷയത്തിൽ അനീസ് ഹുദവി കംബ്ലക്കാട് എന്നിവര്‍ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

 

രാത്രി നടക്കുന്ന മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്‌ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്ഥഫാ ഫൈസി തിരൂർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനനദ് ദാനം സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിക്കും. ദാറുല്‍ഹുദാ വൈസ് ചാൻസലർ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. പ്രാര്‍ഥനാ സദസ്സിന് പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.


സമാപന ദിവസമായ 14ന് ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുർറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അധ്യക്ഷനാവും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും.


ഉച്ചക്ക് 1:30 ന് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് പരിസമാപ്തിയാവും. സമാപന പ്രാര്‍ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.  



Follow us on :

More in Related News