Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദയാപുരം വിദ്യാഭ്യാസ സാസ്കാരിക കേന്ദ്രം: ഷൈഖ് അൻസാരി അവാർഡ് ദാനം നാളെ (ശനി).

10 May 2024 10:57 IST

UNNICHEKKU .M

Share News :

മുക്കം: ദയാപരം വിദ്യാഭ്യാസ സാസ്കാരിക കേന്ദ്രം എർപ്പെടുത്തിയ നാലാമത് ഷൈഖ് അൻസാരി അവാർഡ് ദാനം നാളെ (ശനി) വൈകിട്ട് 4 മണിക്ക് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ വിവിധ പരിപാടികളോടെ നടക്കും. സാമൂഹ്യനീതി, സാമുദായിക സൗഹാർദ്ദം, ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങൾ, കേരളത്തിന്‍റെ സാമൂഹ്യ-സാംസ്കാരിക വളർച്ച എന്നിവയ്ക്കായി ആത്മാർത്ഥവും നിസ്വാർത്ഥവുമായ പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കുമായി ദയാപുരം വിദ്യാഭ്യാസസാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ ഷെയ്ഖ് അൻസാരി അവാർഡ് കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് നൽകും. പ്രമുഖ എഴുത്തുകാരനായ എൻ. എസ് മാധവൻ മുഖ്യാതിഥിയായിരിക്കും. പാലിയേറ്റീവ് കെയറിന്റെ പ്രമുഖ സാരഥിയും ലോകാരോഗ്യ സംഘടനയുടെ collaborating സെന്റർ ഡയറക്ടറുമായ ഡോ.സുരേഷ് കുമാർ സംസാരിക്കും. ഐ.പി.എം ഡയറക്ടർ ഡോ. അൻവർ ഹുസ്സൈൻ, സെക്രട്ടറി സത്യൻ കെ എന്നിവർ സംബന്ധിക്കും. 


 കഴിഞ്ഞ മുപ്പതു വർഷമായി പാലിയേറ്റീവ് കെയർ രംഗത്ത് നടത്തുന്ന സേവനപ്രവർത്തനങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും ഗവേഷണത്തിലൂടെയും പരിചരണത്തിന്റെയും സന്നദ്ധപ്രവർത്തനത്തിന്റെയും വേറിട്ട സംവിധാനവും സംസ്കാരവും കേരളത്തിൽ അവതരിപ്പിച്ചതാണ് രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡിന് ഐ പി എമ്മിനെ അർഹരാക്കിയത്.


പ്രമുഖ പണ്ഡിതനും മനുഷ്യസ്നേഹിയും ഖത്തറിലെ മതകാര്യവകുപ്പിന്റെയും സാംസ്കാരികപുനരുത്ഥാനവകുപ്പിന്റെയും ഡയറക്ടറും ആയിരുന്ന ഷെയ്ഖ് അബ്ദുല്ലാ ഇബ്രാഹിം അൽ അൻസാരി (1921-1989) ദയാപുരത്തിന്‍റെ സംസ്ഥാപനത്തിനും നാല്പതു വർഷമായി തുടരുന്ന യാത്രയിലും പ്രചോദനമായ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ഓർമയ്ക്കായി 2009 ൽ ദയാപുരം കൂട്ടായ്മ സ്ഥാപിച്ചതാണ് ഷെയ്ഖ് അൻസാരി അവാർഡ്. ഡോ. എം എം ബഷീർ ചെയർമാനും സി.ടി അബ്ദുറഹിം സെക്രട്ടറിയും പി.പി ഹൈദർ ഹാജി, അബ്ദുല്ല നന്മണ്ട, ഡോ. എൻ.പി ആഷ്‌ലി എന്നിവർ അംഗങ്ങളുമായ അവാർഡ് കമ്മിറ്റിയാണ് ദയാപുരത്തുകാരായ അധ്യാപകർ, ജീവനക്കാർ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളിൽനിന്ന് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Follow us on :

More in Related News